ഹ്യുണ്ടായിയുടെ ഇവി മാജിക്; ചാർജിങ് ഇനി ടെൻഷനില്ലാതെ

Published : Jul 21, 2026, 10:25 AM IST
Hyundai Creta EV

Synopsis

ഇന്ത്യയിലെ ഇലക്ട്രിക് വാഹന ഉപയോക്താക്കൾക്കായി 30,000-ത്തിലധികം ചാർജിങ് പോയിന്റുകൾ ഒരു പ്ലാറ്റ്‌ഫോമിൽ സംയോജിപ്പിച്ച് ഹ്യുണ്ടായി. myHyundai ആപ്പ് വഴി എല്ലാ ബ്രാൻഡ് ഇവി ഉടമകൾക്കും ചാർജിങ് സ്റ്റേഷനുകൾ കണ്ടെത്താനും ബുക്ക് ചെയ്യാനും സാധിക്കും. പുതിയൊരു ഇലക്ട്രിക് എസ്‌യുവി പുറത്തിറക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്.

ന്ത്യയിലെ ഇലക്ട്രിക് വാഹന വിപണിയിൽ സാന്നിധ്യം കൂടുതൽ ശക്തമാക്കാൻ ഒരുങ്ങി ഹ്യുണ്ടായി മോട്ടോർ ഇന്ത്യ. രാജ്യത്തുടനീളം 30,000-ത്തിലധികം ഇലക്ട്രിക് വാഹന ചാർജിങ് പോയിന്റുകൾ ഒരൊറ്റ പ്ലാറ്റ്ഫോമിലൂടെ ലഭ്യമാക്കുന്ന സംവിധാനമാണ് കമ്പനി അവതരിപ്പിച്ചത്. മൈഹ്യുണ്ടായി ആപ്പിലൂടെ (myHyundai) ഈ സേവനം ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചു. പ്രമുഖ ചാർജ് പോയിന്റ് ഓപ്പറേറ്റർമാരുമായും സേവനദാതാക്കളുമായും ചേർന്നാണ് സംയോജിത ചാർജിങ് ശൃംഖല ഒരുക്കിയിരിക്കുന്നത്.

ഹ്യുണ്ടായി വാഹന ഉടമകൾക്ക് മാത്രമല്ല, എല്ലാ ബ്രാൻഡുകളിലെയും ഇലക്ട്രിക് വാഹന ഉപയോക്താക്കൾക്കും ഈ പ്ലാറ്റ്ഫോം ഉപയോഗിക്കാനാകും. സമീപത്തെ ചാർജിങ് സ്റ്റേഷൻ കണ്ടെത്തുക, നാവിഗേഷൻ, മുൻകൂട്ടി ബുക്കിങ്, ഡിജിറ്റൽ പേയ്‌മെന്റ് എന്നിവയെല്ലാം myHyundai ആപ്പിലൂടെ സാധ്യമാകും. നഗരങ്ങളിലും ദേശീയപാതകളിലും ഭക്ഷണശാലകൾക്കും വിശ്രമകേന്ദ്രങ്ങൾക്കും സമീപമായാണ് ഹ്യുണ്ടായിയുടെ ചാർജിങ് സ്റ്റേഷനുകൾ ഒരുക്കിയിരിക്കുന്നതെന്നും കമ്പനി വ്യക്തമാക്കി.

രാജ്യത്തുടനീളം ശരാശരി 25 കിലോമീറ്റർ പരിധിക്കുള്ളിൽ ചാർജിങ് സൗകര്യം ലഭ്യമാകുന്ന രീതിയിലാണ് ശൃംഖല വികസിപ്പിച്ചിരിക്കുന്നത്. ഡൽഹി–ഗുരുഗ്രാം–ജയ്പുർ, മുംബൈ–പൂനെ–ബെംഗളൂരു, മുംബൈ–രത്നഗിരി–ഗോവ, ചെന്നൈ–വെല്ലൂർ–ബെംഗളൂരു, ഹൈദരാബാദ്–കർണൂൽ–ബെംഗളൂരു തുടങ്ങിയ പ്രധാന ഹൈവേകളിലും ഈ നെറ്റ്‌വർക്ക് ലഭ്യമാണ്.

നിലവിൽ ഹ്യുണ്ടായിയുടെ സ്വന്തം 183 ഡി.സി. ഫാസ്റ്റ് പബ്ലിക് ചാർജിങ് സ്റ്റേഷനുകളാണ് പ്രവർത്തിക്കുന്നത്. ഇത് 2030-ഓടെ 600 സ്റ്റേഷനുകളായി ഉയർത്തുകയാണ് കമ്പനിയുടെ ലക്ഷ്യം. ഇതുവരെ മൂന്ന് ലക്ഷത്തിലധികം ഇ.വി. ഉപഭോക്താക്കൾക്ക് സേവനം നൽകിയ ഈ ശൃംഖല വഴി 50 ലക്ഷം കിലോവാട്ട് മണിക്കൂറിലധികം വൈദ്യുതി വിതരണം ചെയ്തതായും കമ്പനി അറിയിച്ചു.

പരിസ്ഥിതി സംരക്ഷണത്തിലും പദ്ധതിക്ക് നേട്ടമുണ്ടെന്നാണ് ഹ്യുണ്ടായിയുടെ അവകാശവാദം. ചാർജിങ് ശൃംഖലയുടെ ഉപയോഗത്തിലൂടെ ഏകദേശം 35 ലക്ഷം കിലോഗ്രാം കാർബൺ ഡൈഓക്സൈഡ് പുറന്തള്ളൽ ഒഴിവാക്കാൻ കഴിഞ്ഞതായും കമ്പനി വ്യക്തമാക്കി.

അതേസമയം, ഇന്ത്യൻ വിപണിയിലെ മാസ് മാർക്കറ്റ് ഇലക്ട്രിക് വാഹന വിഭാഗത്തിലേക്ക് ഈ സാമ്പത്തിക വർഷം തന്നെ പുതിയ ഇലക്ട്രിക് എസ്‌യുവി അവതരിപ്പിക്കുമെന്നും ഹ്യുണ്ടായി അറിയിച്ചു. ചാർജിങ് അടിസ്ഥാനസൗകര്യം വികസിപ്പിക്കുന്നതോടൊപ്പം പുതിയ ഇലക്ട്രിക് മോഡലുകളും അവതരിപ്പിച്ച് ഇന്ത്യയിലെ ഇ.വി. വിപണിയിൽ വളർച്ച ലക്ഷ്യമിടുകയാണ് കമ്പനിയെന്ന് അധികൃതർ പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

ടോൾ പ്ലാസയിൽ പോകേണ്ട! വീട്ടിലിരുന്നാൽ മതി ടോൾ പാസ് എടുക്കാം
ഞെട്ടിച്ച് മാരുതിയുടെ വില വർധന; അടുത്തമാസം മുതൽ കാർ വില ഇത്രയും കൂടും