കൊവിഡ് പ്രതിരോധം, സഹായഹസ്‍തവുമായി ഹ്യുണ്ടായി

By Web TeamFirst Published May 6, 2021, 6:53 PM IST
Highlights

രാജ്യത്തിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായഹസ്‍തവുമായി പ്രമുഖ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായി

രാജ്യത്തിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായഹസ്‍തവുമായി പ്രമുഖ ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായി.  20 കോടി രൂപയുടെ ധനസഹായമാണ് ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ ഫൗണ്ടേഷന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രഖ്യാപിച്ചിരിക്കുന്നതെന്ന് കാര്‍ ആന്‍ഡ് ബൈക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി ഹ്യുണ്ടായി കെയേഴ്‌സ് 3.0-യുടെ ഭാഗമായി അധിക സംവിധാനങ്ങളും ഹ്യുണ്ടായി നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ദില്ലി, മഹാരാഷ്ട്ര, ഹരിയാന, തെലങ്കാന, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങള്‍ക്കായാണ് ഹ്യുണ്ടായി അടിയന്തര സഹായം പ്രഖ്യാപിച്ചിരിക്കുന്നത്. ആശുപത്രികള്‍ കേന്ദ്രീകരിച്ച്‌ ഓക്‌സിജന്‍ ജനറേറ്റിങ്ങ് പ്ലാന്റുകള്‍ സ്ഥാപിക്കാനുള്ള സംവിധാനങ്ങളും പുരോഗമിക്കുകയാണെന്നാണ് ഹ്യുണ്ടായി അറിയിച്ചിരിക്കുന്നത്. ആശുപത്രികളില്‍ ഓക്‌സിജന്‍ ലഭ്യത ഉറപ്പാക്കാനാണ് ഹ്യുണ്ടായിയുടെ ലക്ഷ്യം. കൂടാതെ, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങൾക്കായി പ്രവർത്തിക്കുന്ന ആശുപത്രി ജീവനക്കാരെ സഹായിക്കുന്നതിനായി ഹ്യുണ്ടായി മെഡികെയര്‍ സംവിധാനങ്ങളും നൽകുന്നുണ്ട്. ഗ്രാമീണ മേഖലയില്‍ മെഡിക്കല്‍ യൂണിറ്റുകള്‍ സ്ഥാപിക്കുകയും ടെലിമെഡിക്കല്‍ ക്ലിനിക്കുകള്‍ ഒരുക്കുകയും ചെയ്യും.

ഈ കോവിഡ് കാലത്ത് രാജ്യം കടുത്ത പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ഈ സാഹചര്യത്തില്‍ പരസ്പര പിന്തുണ ഉറപ്പാക്കുകയാണ് വേണ്ടതെന്നും ഇതിന്റെ ഭാഗമായാണ് കോവിഡ് രൂക്ഷമായിട്ടുള്ള സംസ്ഥാനങ്ങള്‍ക്കും നഗരങ്ങള്‍ക്കും പിന്തുണ ഒരുക്കാന്‍ ഹ്യുണ്ടായി മുന്നിട്ടിറങ്ങുന്നതെന്നും ഹ്യുണ്ടായി ഇന്ത്യയുടെ മേധാവി വ്യക്തമാക്കുന്നു.

കഴിഞ്ഞ വര്‍ഷം കൊവിഡ് 19ന്‍റെ ആദ്യഘട്ടത്തിലും ഹ്യുണ്ടായി സഹായവുമായി രംഗത്തെത്തിയിരുന്നു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 7 കോടി രൂപയാണ് ഹ്യുണ്ടായി സംഭാവന ചെയ്‍തത്. ഒപ്പം തമിഴ്‍നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഹ്യുണ്ടായ് അഞ്ച് കോടി രൂപ സംഭാവന ചെയ്‍തിരുന്നു. നാല് കോടി രൂപ വിലമതിക്കുന്ന കൊവിഡ് പരിശോധനാ കിറ്റുകള്‍ 25000 പേര്‍ക്ക്  നേരത്തെ ഹ്യുണ്ടായ് സംഭാവന ചെയ്തിരുന്നു. മഹാരാഷ്ട്ര, തമിഴ്നാട്, ദില്ലി, ഹരിയാന എന്നിവിടങ്ങളിലാണ് പരിശോധനാ കിറ്റുകള്‍ സംഭാവന ചെയ്‍തത്. കഴിഞ്ഞവര്‍ഷം ലൊക്ക്ഡൌണ്‍ സാരമായി ബാധിച്ച ദില്ലിയിലും തമിഴ്നാട്ടിലും  നിരവധിപ്പേര്‍ക്ക് റേഷനും നല്‍കിയിരുന്നു സൌത്ത് കൊറിയന്‍ വാഹന നിര്‍മ്മാതാക്കള്‍. 

ഹ്യുണ്ടായിയെക്കൂടാതെ അടുത്തിടെ ടാറ്റ, മഹീന്ദ്ര, എം ജി മോട്ടോഴ്‍സ് തുടങ്ങിയ കമ്പനികളും രാജ്യത്തിന് കൊവിഡ് പ്രതിരോധത്തിന് സഹായവുമായി രംഗത്തെത്തിയിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!