"അടിച്ചു മോളേ...!" വണ്ടി വില വെട്ടിക്കുറച്ച് ഹ്യുണ്ടായിയും!

By Web TeamFirst Published Sep 26, 2019, 12:44 PM IST
Highlights

മാന്ദ്യകാലത്ത് പിടിച്ചുനില്‍ക്കാന്‍ കിടിലന്‍ ഓഫറുകളുമായി ഇന്ത്യയിലെ വണ്ടിഭീമന്മാരില്‍ രണ്ടാമനായ ഹ്യുണ്ടായിയും

കടുത്ത മാന്ദ്യത്തിലാണ് രാജ്യത്തെ വാഹനവിപണി. പിടിച്ചുനില്‍ക്കാന്‍ വമ്പന്‍ ഓഫറുകള്‍ തുടര്‍ച്ചയായി പ്രഖ്യാപിച്ചുകൊണ്ടിരിക്കുകയാണ് രാജ്യത്തെ വാഹന നിര്‍മ്മാതാക്കളെല്ലാം. മാരുതിയും ടാറ്റയും ഹോണ്ടയുമെല്ലാം വിലക്കിഴിവുകള്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. ഒരാഴ്ചക്കിടെ രണ്ടുതവണയാണ് രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മ്മാതാക്കളായ മാരുതി തങ്ങളുടെ കാറുകളുടെ വില കുറച്ചത്. 

ഇപ്പോഴിതാ ഇന്ത്യയിലെ വണ്ടിഭീമന്മാരില്‍ രണ്ടാമനും ദക്ഷിണകൊറിയന്‍ നിര്‍മ്മാതാക്കളുമായ ഹ്യുണ്ടായിയും തങ്ങളുടെ വിവിധ മോഡലുകള്‍ക്ക് വിലക്കിഴിവ് പ്രഖ്യാപിച്ചുകഴിഞ്ഞു.  വിലക്കിഴിവുകൾക്കൊപ്പം നാല് വർഷത്തെ വാറന്‍റിയും സൗജന്യ റോഡ് സൈഡ് അസിസ്റ്റൻസും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ആനുകൂല്യങ്ങളെക്കുറിച്ചും അവ ലഭിക്കുന്ന മോഡലുകളെക്കുറിച്ചും വിശദമായി അറിയാം

ഗ്രാൻഡ് ഐ10
മറ്റൊരു ജനപ്രിയ ഹാച്ച് ഗ്രാൻഡ് ഐ10ന്നിനും വമ്പൻ ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുകയാണ്‌ ഹ്യുണ്ടായി. 95000 രൂപയോളം ഗ്രാൻഡ് ഐ10നു ആനുകൂല്യങ്ങളായി ലഭിക്കും. 1.2 ലീറ്റർ പെട്രോൾ-ഡീസൽ എൻജിനുകളിൽ ലഭ്യമാകുന്ന വാഹനത്തിന്‍റെ ഓഫറുകളില്ലാത്ത വില തുടങ്ങുന്നത്  5 ലക്ഷത്തിലാണ്‌.

സാൻട്രോ
2018 ഒക്ടോബറിലാണ് ജനപ്രിയ ഹാച്ച് ബാക്ക് സാൻട്രോ വിപണിയില്‍ തിരികെയെത്തിയത്.   65000 രൂപയോളമാണ്‌ ഈ വാഹനത്തിന് ലഭിക്കുന്ന കിഴിവ്. ഡിലൈറ്റ്, എറ, മാഗ്ന, സ്‌പോര്‍ട്ട്‌സ്, ആസ്റ്റ എന്നീ അഞ്ച് വകഭേദങ്ങളുള്ള സാന്‍ട്രോയ്ക്ക്  4.19  ലക്ഷം രൂപ മുതലാണ് എക്‌സ്‌ഷോറൂം വില. 1.1 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് വാഹനത്തിന്‍റെ ഹൃദയം. ഈ എഞ്ചിന്‍ 5500 ആര്‍പിഎമ്മില്‍ 69 ബിഎച്ച്പി കരുത്തും 4500 ആര്‍പിഎമ്മില്‍ 99 എന്‍എം ടോര്‍ക്കും പരമാവധി സൃഷ്ടിക്കും. അഞ്ചു സ്പീഡ് സ്റ്റാന്‍ഡേര്‍ഡ് മാനുവല്‍ ഗിയര്‍ബോക്സാണ് ട്രാന്‍സ്‍മിഷന്‍. 

ക്രേറ്റ
ഹ്യുണ്ടായിയുടെ ജനപ്രിയ കോംപാക്ട് എസ്‌യുവി ക്രേറ്റയുടെ വില ആരംഭിക്കുന്നത് 10 ലക്ഷത്തിലാണ്‌. ഏകദേശം 80000 രൂപയോളം വിലക്കിഴിവില്‍ ഈ വാഹനം ഇപ്പോള്‍ സ്വന്തമാക്കാം.  

എലൈറ്റ് ഐ20
പ്രീമിയം ഹാച്ച്ബാക്കായ എലീറ്റ് ഐ20ക്ക് 65000ഓളം രൂപയുടെ ഓഫറുകളാണ്‌ പ്രഖ്യാപിച്ചിരിക്കുന്നത്. 5.53 ലക്ഷത്തിൽ വില ആരംഭിക്കുന്ന വാഹനം 1.4 ലിറ്റര്‍ ഡീസല്‍, 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജികളിലാണ് എത്തുന്നത്. 

click me!