സാന്‍ട്രോ സ്‌പെഷ്യല്‍ എഡിഷനുമായി ഹ്യുണ്ടായി

By Web TeamFirst Published Oct 20, 2019, 12:45 PM IST
Highlights

ജനപ്രിയ ഹാച്ച് ബാക്ക് സാന്‍ട്രോയുടെ സ്‌പെഷ്യല്‍ എഡിഷന്‍ പതിപ്പിനെ അവതരിപ്പിച്ച് ഹ്യുണ്ടായി

ജനപ്രിയ ഹാച്ച് ബാക്ക് സാന്‍ട്രോയുടെ സ്‌പെഷ്യല്‍ എഡിഷന്‍ പതിപ്പിനെ അവതരിപ്പിച്ച് ഹ്യുണ്ടായി. സ്‌പോര്‍ട്ട്‌സ് മാനുവല്‍, സ്‌പോര്‍ട്ട്‌സ് എഎംടി വകഭേദങ്ങളിലാണ് സ്‌പെഷ്യല്‍ എഡിഷന്‍ ലഭ്യമാകുന്നത്. സ്‌പോര്‍ട്ട്‌സ് മാനുവല്‍ പതിപ്പിന് 5.12 ലക്ഷം രൂപയും, സ്‌പോര്‍ട്ട്‌സ് എഎംടി പതിപ്പിന് 5.75 ലക്ഷം രൂപയുമാണ് വില.

സ്‌പെഷ്യല്‍ എഡിഷന്‍ പതിപ്പ് ആനിവേഴ്‌സറി എഡിഷനായും അറിയപ്പെടുമെന്ന് കമ്പനി വ്യക്തമാക്കി. സ്‌പെഷ്യല്‍ എഡിഷന്‍ പതിപ്പുകളുടെ ഡിസൈനില്‍ മാറ്റം ഒന്നും ഉള്‍പ്പെടുത്താതെ പുറത്തും അകത്തും ചെറിയ മാറ്റങ്ങള്‍ മാത്രമാണ് കമ്പനി നല്‍കിയിരിക്കുന്നത്.

കറുപ്പ് നിറത്തിലുള്ള ഡോര്‍ ഹാന്‍ഡിലുകള്‍, ഒആര്‍വിഎമ്മുകള്‍, ഗ്ലോസി ബ്ലാക്ക് നിറത്തിലുള്ള റൂഫ് റെയിലുകള്‍, പിന്നില്‍ നല്‍കിയിരിക്കുന്ന ക്രോം അലങ്കാരങ്ങള്‍, വശങ്ങളിലായി ആനിവേഴ്‌സറി എഡിഷന്‍ എന്നെഴുതിയിരിക്കുന്ന സ്റ്റിക്കറുകള്‍ എന്നിവയാണ് പുറമെയുള്ള മാറ്റങ്ങള്‍. കറുപ്പ് നിറത്തിലാണ് ഇന്‍റീരിയര്‍. ബ്ലു ഇന്‍സേര്‍ട്ടുകളോട് കൂടിയ ഫാബ്രിക്ക് സീറ്റുകളും വാഹനത്തെ വേറിട്ടതാക്കുന്നു. 

പോളാര്‍ വൈറ്റ്, അക്വാ ടീല്‍ എന്നീ നിറങ്ങളിലാണ് വാഹനം വിപണിയില്‍  ലഭ്യമാകുക. അതേസമയം മെക്കാനിക്കല്‍ ഫീച്ചേഴ്‍സില്‍ മാറ്റമൊന്നുമില്ല. 1998ലാണ് ടോള്‍ബോയ് ഡിസൈനില്‍ സാന്‍ട്രോ ഇന്ത്യന്‍ നിരത്തുകളിലേക്കെത്തിയത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ ജനഹൃദയങ്ങള്‍ കീഴടക്കിയ ജനപ്രിയ വാഹനത്തിന്‍റെ നിര്‍മ്മാണം  2014-ല്‍ ഹ്യുണ്ടായി പെട്ടെന്ന് അവസാനിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് 2018 ഒക്ടോബര്‍ 23 -നാണ് പുത്തന്‍ സാന്‍ട്രോ  വിപണിയില്‍ തിരികെയെത്തിയത്.

1.1 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് വാഹനത്തിന്‍റെ ഹൃദയം. ഈ എഞ്ചിന്‍ 5500 ആര്‍പിഎമ്മില്‍ 69 ബിഎച്ച്പി കരുത്തും 4500 ആര്‍പിഎമ്മില്‍ 99 എന്‍എം ടോര്‍ക്കും പരമാവധി സൃഷ്ടിക്കും. അഞ്ചു സ്പീഡ് സ്റ്റാന്‍ഡേര്‍ഡ് മാനുവല്‍ ഗിയര്‍ബോക്സാണ് ട്രാന്‍സ്‍മിഷന്‍. സാന്‍ട്രോയുടെ ഡീസല്‍ വകഭേദത്തെ കുറിച്ചു ഇതുവരെ പ്രഖ്യാപനങ്ങളുണ്ടായിട്ടില്ല. 

സിഎന്‍ജി പതിപ്പിലും സാന്‍ട്രോ വിപണിയില്‍ എത്തും. മാഗ്ന, സ്പോര്‍ട്സ് വകഭേദങ്ങളില്‍ മാത്രമെ എഎംടി ഗിയര്‍ബോക്സ് ലഭിക്കുകയുള്ളൂ. ഇന്ത്യയില്‍ ഹ്യുണ്ടായിയുടെ ആദ്യ എഎംടി കാര്‍ കൂടിയാണ് പുത്തന്‍ സാന്‍ട്രോ. മാഗ്ന, സ്പോര്‍ട്സ് മോഡലുകളിലാണ് സാന്‍ട്രോയുടെ സിഎന്‍ജി പതിപ്പ് ഒരുങ്ങുക. പെട്രോള്‍ വകഭേദങ്ങള്‍ (മാനുവല്‍, എഎംടി ഉള്‍പ്പെടെ) 20.3 കിലോമീറ്റര്‍ മൈലേജ് ലഭിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം. സുരക്ഷയ്ക്കായി എയര്‍ബാഗും എബിഎസും ഇഡിബിയും കാറിലുണ്ട്. പിന്‍ പാര്‍ക്കിംഗ് സെന്‍സറുകളും സാന്‍ട്രോയ്ക്ക് ലഭിക്കും. ഏഴു നിറങ്ങളിലാണ് പുത്തന്‍ സാന്‍ട്രോ എത്തുന്നത്.

click me!