"വെന്യു സൂപ്പറാ..." ഒരുവയസിനകം നിരത്തിലിറങ്ങിയത് ഒരു ലക്ഷം യൂണിറ്റുകള്‍!

By Web TeamFirst Published Jun 28, 2020, 12:18 PM IST
Highlights

പുറത്തിറങ്ങി ഒരു വർഷം പിന്നിട്ടപ്പോൾ വെന്യുവിന്റെ ഒരു ലക്ഷം യൂണിറ്റാണ് നിരത്തുകളിലേക്ക് എത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

2019 മെയ് 21നാണ് ദക്ഷിണ കൊറിയന്‍ വാഹ നിര്‍മ്മാതാക്കളായ ഹ്യുണ്ടായിയുടെ സബ്‌കോംപാക്റ്റ് എസ്‌യുവി വെന്യുവിനെ വിപണിയില്‍‌ അവതരിപ്പിക്കുന്നത്. വിപണിയില്‍ മികച്ച പ്രതികരണമാണ് വാഹനത്തിന്. പുറത്തിറങ്ങി ഒരു വർഷം പിന്നിട്ടപ്പോൾ വെന്യുവിന്റെ ഒരു ലക്ഷം യൂണിറ്റാണ് നിരത്തുകളിലേക്ക് എത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ത്യൻ നിരത്തുകളിൽ വെന്യുവിന്റെ 97,400 യൂണിറ്റുകള്‍ എത്തിയപ്പോൾ 7400 യൂണിറ്റാണ് കടൽ കടന്നത്. വാഹനനിർമാതാക്കൾക്ക് പൊതുവെ വെല്ലുവിളിയുടെ വർഷമായിരുന്നു 2019. മൂന്ന് പതിറ്റാണ്ടിലെ ഏറ്റവും കുറഞ്ഞ വാഹന വിൽപ്പന നടന്ന വർഷം. ഈ പ്രതികൂല സാഹചര്യത്തിലും ഹ്യുണ്ടായിക്ക് നില മെച്ചപ്പെടുത്താൻ സാധിച്ചതിന്റെ പ്രധാന ക്രെഡിറ്റ് വെന്യുവിന് അവകാശപ്പെട്ടതാണ്. മാത്രമല്ല കൊവിഡ് കാരണം ലോകത്താകമാനം പ്രതിസന്ധി നേരിടുമ്പോഴും വെന്യുവിന് മികച്ച പ്രതികരണമാണ്. 2020-ലെ കാർ ഓഫ് ദി ഇയർ പുരസ്കാരം ലഭിച്ചത് വെന്യുവിന് നേട്ടമാകുന്നു.

ഹ്യുണ്ടായി ഇന്ത്യയിലെത്തിക്കുന്ന ആദ്യ കണക്ടഡ് എസ്‍യുവിയായാണ് വെന്യു. ബ്ലൂലിങ്ക് സാങ്കേതികവിദ്യയുടെ അടിസ്ഥാനത്തിൽ 33 സുരക്ഷ ഫീച്ചറുകളും നിരവധി സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറുകളുണ്ട് വാഹനത്തില്‍.  

വലിയ സാങ്കേതികവിദ്യകളുള്ള വലിയ വാഹനം എന്ന വിശേഷണം ഏറ്റവും ഇണങ്ങുന്ന വെന്യു ഇ, എസ്, എസ്എക്സ്, എസ്എക്സ് (ഓപ്ഷണല്‍) എന്നീ നാല് വകഭേദങ്ങളിലാണ് വിപണിയിലെത്തുന്നത്. രണ്ട് പെട്രോള്‍ എന്‍ജിനും ഒരു ഡീസല്‍ എന്‍ജിനും കരുത്ത് പകരുന്ന വെന്യുവിന് ആകെ 13 വേരിയന്റുകളുണ്ട്. ക്രൂയിസ് കണ്‍ട്രോള്‍, ആറ് എയര്‍ബാഗ്, സ്പീഡ് സെന്‍സിങ് ഡോര്‍ ലോക്ക്, എബിഎസ് വിത്ത് ഇഎസ്‌സി, ഹില്‍ അസിസ്റ്റ് കണ്‍ട്രോള്‍ എന്നിവയാണ് വാഹനത്തിന് സുരക്ഷയൊരുക്കുന്നത്.

1.0 ലിറ്റർ ടർബോ പെട്രോൾ, 1.2 ലിറ്റർ പെട്രോൾ, 1.4 ലിറ്റർ ഡീസൽ എന്നീ മൂന്ന് എൻജിൻ ഓപ്ഷനുകളിലാണ് ഹ്യുണ്ടായി വെന്യു ആദ്യമെത്തിയത്. പിന്നീട് ബിഎസ്-6 നിലവാരത്തിലേക്ക് മാറിയതോടെ ഡീസൽ എൻജിൻ ശേഷി 1.5 ലിറ്ററായി ഉയർത്തി. 1.0 ലിറ്റർ ടർബോ എൻജിൻ മോഡലാണ് ഏറ്റവുമധികം ജനപ്രീതി നേടിയത്. മൊത്ത വിൽപ്പനയുടെ 44 ശതമാനവും ഈ വാഹനത്തിനാണ്.മാരുതി ബ്രസ, മഹീന്ദ്ര എക്‌സ്‌യുവി 300, ഫോര്‍ഡ് എക്കോസ്‌പോര്‍ട്ട്, ടാറ്റ നെക്സോണ്‍ തുടങ്ങിയവരാണ് വെന്യുവിന്‍റെ മുഖ്യ എതിരാളികള്‍.

അടുത്തിടെ വെന്യുവിന്‍റെ സ്പെഷ്യൽ എഡിഷൻ മോഡലിനെ കമ്പനി വിപണിയിലെത്തിച്ചിരുന്നു. ജന്മനാടായ ദക്ഷിണ കൊറിയയിൽ ആണ് ഈ മോഡലിനെ കമ്പനി അവതരിപ്പിച്ചത്.

ഹ്യുണ്ടായി വെന്യു ഫ്‌ളെക്‌സ് എഡിഷന്‍ എന്ന് പേരിട്ടിരിക്കുന്ന ഈ വാഹനത്തിന് കരുത്തേകുന്നത് ഹ്യുണ്ടായിയുടെ 1.6 ലിറ്റര്‍ നാച്വറലി ആസ്പിരേറ്റഡ് പെട്രോള്‍ എന്‍ജിനാണ്. ഇത് 121.2 ബിഎച്ച്പി പവറും 154 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത് സിവിടി ട്രാന്‍സ്മിഷന് സമാനമായ സ്മാര്‍ട്ട് സ്ട്രീം ഐവിടി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ്.

ഫ്ലക്സ് വേരിയന്റിന് സ്റ്റാൻഡേർഡ് മോഡലിൽ നിന്ന് മെക്കാനിക്കൽ മാറ്റങ്ങളൊന്നുമില്ല. ദക്ഷിണ കൊറിയയിൽ നിർമിച്ച ഹ്യുണ്ടായി വെന്യുവിന് 4,040 മില്ലീമീറ്റർ നീളവും 1,770 മില്ലീമീറ്റർ വീതിയും 1,585 മില്ലീമീറ്റർ ഉയരവുമാണുള്ളത്. 2,520 മില്ലീമീറ്ററാണ് വീൽബേസ്. നിയോണ്‍ ഗ്രീന്‍-ബ്ലാക്ക് ഡ്യുവല്‍ ടോണ്‍ നിറങ്ങളാണ് വാഹനത്തിന് നൽകിയിരിക്കുന്നത്. ഹ്യുണ്ടായിയുടെ റെഗുലര്‍ പതിപ്പിന് സ്‌പോര്‍ട്ടി ഭാവം നല്‍കിയാണ് ഫ്‌ളെക്‌സ് എഡിഷന്‍ എത്തിയിരിക്കുന്നത്.

click me!