
ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായി പുതിയൊരു എംപിവിയെ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. കസ്റ്റോ എന്ന വാഹനത്തെയാണ് കമ്പനി അവതരിപ്പിക്കാന്‍ ഒരുങ്ങുന്നതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.
കസ്റ്റോ എംപിവിയുടെ ടീസർ ചിത്രങ്ങൾ കഴിഞ്ഞദിവസം കമ്പനി പുറത്തുവിട്ടു. സ്റ്റാറിയയെക്കാൾ വലിപ്പം കുറഞ്ഞ എംപിവിയാണ് കസ്റ്റോ. 4,950 മില്ലീമീറ്റർ നീളവും 1,850 മില്ലീമീറ്റർ വീതിയും 1,734 മില്ലീമീറ്റർ ഉയരവുമുള്ളതാണ് കസ്റ്റോ എംപിവി. പുത്തൻ ഹ്യുണ്ടായി കാറുകളുടെ സ്ഥിരം സാന്നിദ്ധ്യമായ സൈഡ് ക്രീസ് ലൈനുകൾ കസ്റ്റോ എംപിവിയിലില്ല എന്നത് ശ്രദ്ധേയമാണ്. കിയ കാർണിവൽ എംപിവിയ്ക്ക് സമാനമായി സ്ലൈഡിങ് പിൻ ഡോറുകളാണ് കസ്റ്റോയ്ക്ക് എന്നും ടീസർ ചിത്രങ്ങൾ വ്യക്തമാക്കുന്നു. കസ്റ്റോയ്ക്ക് പിന്നിൽ കുത്തനെ ക്രമീകരിച്ചിരിക്കുന്ന എൽഇഡി ടെയിൽ ലാമ്പുകൾ ആയിരിക്കും എന്നാണ് റിപോർട്ടുകൾ. തിരശ്ചീനമായ ഒരു ബാർ ഉപയോഗിച്ച് ഇവ തമ്മിൽ ബന്ധിപ്പിക്കും.
പുതിയ തലമുറ ട്യൂസോൺ എസ്‌യുവിയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഹ്യുണ്ടായി കസ്റ്റോ എംപിവിയുടെ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് ആദ്യനോട്ടത്തില്‍ വ്യക്തം. പുതിയ ട്യൂസോൺ എസ്‌യുവിയ്ക്ക് ഏറെക്കുറെ സമാനമായ ഗ്രിൽ ആണ് കസ്റ്റോ എംപിവിയ്ക്ക്. ഒപ്പം ഇന്റഗ്രേറ്റഡ് ഡേടൈം റണ്ണിംഗ് ലൈറ്റുകളും വണ്ണം കുറഞ്ഞ എൽഇഡി ഹെഡ്ലൈറ്റുകളും കസ്റ്റോ എംപിവിയുടെ മോഡേൺ ലുക്ക് വർധിപ്പിക്കുന്നു.
മൂന്ന് നിരകളിലായി ആറോ ഏഴോ സീറ്റുകളുടെ കോൺഫിഗറേഷൻ കസ്റ്റോ എംപിവിയിലുണ്ടാകും എന്നാണ് റിപോർട്ടുകൾ. 1.5 ലിറ്റർ പെട്രോൾ, 2.0 ലിറ്റർ എഞ്ചിൻ എന്നിങ്ങനെ രണ്ട് എഞ്ചിനുകളിലാണ് ഹ്യുണ്ടേയ് കസ്റ്റോ വിപണിയിലെത്തുക. ചൈനയിലെ വ്യവസായ വാർത്താവിനിമയ മന്ത്രാലയം (എംഐഐടി) നൽകുന്ന റിപ്പോർട്ട് അനുസരിച്ച് കസ്റ്റോ എംപിവി ഒരു ഫ്രണ്ട്-വീൽ ഡ്രൈവ് വാഹനം ആയിരിക്കും.
ആദ്യം ചൈനീസ് വിപണിയിലേക്ക് മാത്രമാണ് കസ്റ്റോ എംപിവി എത്തുക. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്ക് വാഹനം എത്തുമോ എന്ന കാര്യം വ്യക്തമല്ല.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona