ബിഎംഡബ്ല്യുവും അഞ്ചുകോടിയും വേണം! ഭർത്താവിനോട് 'പുരുഷധനം' ചോദിച്ച് ഭാര്യയും വീട്ടുകാരും, പിന്നെ സംഭവിച്ചത്..

Published : May 17, 2025, 10:15 AM ISTUpdated : May 17, 2025, 10:21 AM IST
ബിഎംഡബ്ല്യുവും അഞ്ചുകോടിയും വേണം! ഭർത്താവിനോട് 'പുരുഷധനം' ചോദിച്ച് ഭാര്യയും വീട്ടുകാരും, പിന്നെ സംഭവിച്ചത്..

Synopsis

രാജസ്ഥാനിൽ, ഭർത്താവിൽ നിന്ന് ബിഎംഡബ്ല്യു കാറും അഞ്ച് കോടി രൂപയും സ്ത്രീധനമായി ആവശ്യപ്പെട്ട ഭാര്യയ്ക്കും കുടുംബത്തിനുമെതിരെ കേസ്. വ്യോമസേന ഉദ്യോഗസ്ഥയായ ഭാര്യയും മാതാപിതാക്കളും ചേർന്ന് ഭർത്താവിനെ നിരന്തരം ഉപദ്രവിച്ചതായി പരാതി.

സ്‍ത്രീധനം ആവശ്യപ്പെടുന്ന ഭർത്താക്കന്മാരെ പലപ്പോഴും നമ്മൾ കണ്ടിട്ടുണ്ടാകും. സ്‍ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും കുറ്റകരവുമാണ്. എന്നാൽ ഭർത്താവിനോട് ഇതേ രീതിയിൽ 'പുരുഷ ധനം' ചോദിച്ച ഒരു ഭാര്യ ഇപ്പോൾ വെട്ടിലായിരിക്കുന്നു. ഭർത്താവിൽ നിന്ന് ഭാര്യ ഒരു ബിഎംഡബ്ല്യു കാറും അഞ്ച് കോടി രൂപയും സ്ത്രീധനമായി ആവശ്യപ്പെട്ട സ്‍ത്രീയും കുടുംബവുമാണ് കുടുങ്ങിയത്. 

രാജസ്ഥാനിലെ ജയ്പൂരിൽ നിന്നാണ് ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള തർക്കത്തിന്റെ ഈ പ്രത്യേക കേസ് പുറത്തുവരുന്നത്. സ്ത്രീധനം ആവശ്യപ്പെട്ടതായി ഭർത്താക്കന്മാർക്കെതിരെ പലപ്പോഴും ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. എന്നാൽ ഇവിടെ സ്ത്രീധനം ആവശ്യപ്പെട്ടതിന് ഭാര്യയ്‌ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഭർത്താവിൽ നിന്ന് ഭാര്യ ഒരു ബിഎംഡബ്ല്യു കാറും അഞ്ച് കോടി രൂപയും സ്ത്രീധനമായി ആവശ്യപ്പെട്ടു. ഈ കേസിൽ, പ്രതിയായ ഭാര്യയ്ക്കും മാതാപിതാക്കൾക്കുമെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ ജയ്പൂർ മെട്രോ കോടതി ഉത്തരവിട്ടു എന്നാണ് റിപ്പോർട്ടുകൾ.

ഭർത്താവിന്റെ പരാതിയിൽ കോടതി പോലീസിനോട് നടപടിയെടുക്കാൻ നിർദ്ദേശിക്കുകയും അന്വേഷണ റിപ്പോർട്ട് കോടതിയിൽ ഹാജരാക്കാൻ ആവശ്യപ്പെടുകയും ചെയ്തു.  മർച്ചന്റ് നേവി ഉദ്യഗസ്ഥനാണ് പരാതിക്കരനായ ഭർത്താവ്. കുറ്റാരോപിതയായ ഭാര്യ വ്യോമസേനയിലെ ഒരു ഉന്നത ഉദ്യോഗസ്ഥയാണ്. ജയ്പൂരിലെ ജഗത്പുര പ്രദേശത്താണ് ഇരുവരുടെയും സ്വദേശം. 

ഒരു സോഷ്യൽ പോർട്ടൽ വഴിയാണ് ഇരുവരും കണ്ടുമുട്ടിയതും വിവാഹിതരായതും. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു ഇതെന്നാണ് വിവരം. ഭർത്താവ് ആദ്യ ഭാര്യയിൽ നിന്ന് വിവാഹമോചനം നേടിയിരുന്നു. കുറ്റാരോപിതയായ ഭാര്യയുടെ ആദ്യ ഭർത്താവ് ഒരു വ്യോമസേന ഉദ്യോഗസ്ഥനായിരുന്നു. 2014 ൽ ഒരു വിമാനാപകടത്തിൽ അദ്ദേഹം മരിച്ചു. ഒരു സോഷ്യൽ പോർട്ടൽ വഴി ഇരുവരും സൗഹൃദത്തിലായി. അതിനുശേഷം അവർ പ്രണയത്തിലായി. 2022 ഫെബ്രുവരി 10 ന് ഇരുവരും വിവാഹിതരായി. വിവാഹത്തിന് 15 ലക്ഷം രൂപ ചെലവായതായി പരാതിക്കാരൻ പറയുന്നു. അത് അദ്ദേഹം തന്നെ വഹിച്ചു. വിവാഹശേഷം ഭാര്യയുടെ പെരുമാറ്റത്തിൽ മാറ്റം വന്നതായി അദ്ദേഹം ആരോപിക്കുന്നു. പിന്നീട്, അദ്ദേഹത്തിന്റെ ഭാര്യക്ക് ചെന്നൈയിൽ നിയമനം ലഭിച്ചു, അവിടെ നിന്ന് അവൾ എല്ലാ ദിവസവും അദ്ദേഹത്തോട് ദേഷ്യപ്പെടാൻ തുടങ്ങി.

പിന്നീട് ഭാര്യയെ ജയ്പൂരിലേക്ക് മാറ്റി. ഇവിടെ വന്നതോടെ അവളുടെ പെരുമാറ്റത്തിൽ കൂടുതൽ മാറ്റം വന്നതായി ആരോപണമുണ്ട്. തന്നെ ഭാര്യ നിരന്തരം പീഡിപ്പിക്കാൻ തുടങ്ങിയതായി പരാതിക്കാരൻ പറയുന്നു. ഭാര്യയുടെ മാതാപിതാക്കളും തന്നെ ഉപദ്രവിക്കാൻ തുടങ്ങിയെന്ന് പരാതിക്കാരൻ പറയുന്നു. തന്റെ മകൾ വ്യോമസേനയിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥയാണെന്നും അവൾക്ക് ഒരു ആഡംബര കാർ നൽകണം, അല്ലെങ്കിൽ അവർ വിവാഹമോചനം നേടും എന്നുമായിരുന്നു ഭാര്യയുടെ മാതാപിതാക്കളുടെ ഭീഷണിയെന്നും പരാതിക്കാരൻ പറയുന്നു.

ഇതിനിടെ ഭാര്യ 2023 ജൂൺ 26 ന് ഒരു ആൺകുട്ടിയെ പ്രസവിച്ചു. കുട്ടിയെ കാണാൻ അദ്ദേഹത്തെ അനുവാദിച്ചില്ല. കുട്ടിയെ കാണാൻ പോയപ്പോഴും ഒരു ബിഎംഡബ്ല്യു കാറും അഞ്ച് കോടി രൂപയും നൽകാൻ ആവശ്യപ്പെട്ടു. ഒടുവിൽ ഇതെല്ലാം നൽകിയതിനു ശേഷമാണ് അദ്ദേഹത്തിന് കുട്ടിയെ കാണിച്ചുകൊടുത്തത്. പിന്നീട്  ഇതുസംബന്ധിച്ച് കോടതിയിൽ പരാതി നൽകുകയായിരുന്നു ഭർത്താവ്.

തുടർന്ന് വ്യോമസേനാ വനിതാ ഉദ്യോഗസ്ഥയ്ക്കും മാതാപിതാക്കൾക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്യാൻ പ്രതാപ് നഗർ പോലീസിന് കോടതി നിർദ്ദേശം നൽകി. ഐപിസിയിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരവും 1961 ലെ സ്ത്രീധന നിരോധന നിയമത്തിലെ സെക്ഷൻ 4 പ്രകാരവും കേസ് രജിസ്റ്റർ ചെയ്യാനാണ് പോലീസിന് നിർദ്ദേശം നൽകിയത്.1961 ലെ സ്ത്രീധന നിരോധന നിയമത്തിലെ സെക്ഷൻ 4 പ്രകാരം, വധുവിന്റെയോ വരന്റെയോ മാതാപിതാക്കളിൽ നിന്നോ മറ്റ് ബന്ധുക്കളിൽ നിന്നോ രക്ഷിതാവിൽ നിന്നോ നേരിട്ടോ അല്ലാതെയോ സ്ത്രീധനം ആവശ്യപ്പെട്ടാൽ, അയാൾക്ക് ആറ് മാസത്തിൽ കുറയാത്തതും എന്നാൽ രണ്ട് വർഷം വരെ തടവും 10,000 രൂപ വരെ പിഴയും ലഭിക്കും. വിഷയത്തിൽ വിശദമായ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

PREV
Read more Articles on
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം