
ജാപ്പനീസ് വാഹന നിർമ്മാതാക്കളായ ഹോണ്ടയും നിസാനും തമ്മിലുള്ള ലയന ചർച്ചകൾ ഉപേക്ഷിച്ചതായി അടുത്തിടെ റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ഇപ്പോഴിതാ ഇക്കാര്യത്തിൽ പുതിയ ട്വിസ്റ്റ് സംഭവിച്ചിരിക്കുന്നു. നിസാന്റെ ചീഫ് എക്സിക്യൂട്ടീവ് മക്കോട്ടോ ഉച്ചിഡ സ്ഥാനമൊഴിഞ്ഞാൽ, ലോകത്തിലെ നാലാമത്തെ വലിയ കാർ ഉൽപ്പാദക കമ്പനിയെ സൃഷ്‍ടിക്കുന്നതിനുള്ള ഏറ്റെടുക്കൽ ചർച്ചകൾ പുനരാരംഭിക്കാൻ തങ്ങൾ തയ്യാറാണെന്ന് ഹോണ്ട പ്രഖ്യാപിച്ചു എന്ന റിപ്പോർട്ടുകളാണ് പുതിയ ട്വിസ്റ്റ്.
ഹോണ്ടയുമായുള്ള കരാറിനായി നിസാനിലെ ഏറ്റവും ശക്തരായ വക്താക്കളിൽ ഒരാളായിരുന്നു 58 വയസുള്ള മക്കോട്ടോ ഉച്ചിഡ എന്നതാണ് ഇതിലെ ഏറ്റവും വലിയ പ്രത്യേകത. പക്ഷേ നിസാന്റെ പുനഃസംഘടനയുടെ വേഗതക്കുറവിലും കമ്പനിയുടെ സാമ്പത്തിക പ്രശ്‌നങ്ങളുടെ ആഴത്തിലും ഹോണ്ട നിരാശരായതോടെ ഉചിഡയും ഹോണ്ട സിഇഒ തോഷിഹിരോ മിബെയും തമ്മിലുള്ള ബന്ധം വഷളാകുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ.
ഒരു ഹോൾഡിംഗ് കമ്പനി സ്ഥാപിക്കുന്നതിനുപകരം നിസാൻ പൂർണ്ണമായും ഉടമസ്ഥതയിലുള്ള ഒരു ഉപസ്ഥാപനമായി മാറണമെന്നും ഇരു കമ്പനികളും തുല്യനിലയിലായിരിക്കണമെന്നും ഹോണ്ട ആവശ്യപ്പെട്ടതിനെത്തുടർന്നാണ് ലയന ചർച്ചകൾ തകർന്നത്. എന്നാൽ ആഭ്യന്തര എതിർപ്പ് നന്നായി കൈകാര്യം ചെയ്യാൻ കഴിയുന്ന ഒരു പുതിയ മേധാവിയുടെ കീഴിൽ ചർച്ചകൾ പുനരാരംഭിക്കാൻ ഹോണ്ട തയ്യാറാണെന്നാണ് പുതിയ റിപ്പോർട്ടുകൾ.
2026 വരെ സ്ഥാനത്ത് തുടരാനുള്ള ആഗ്രഹം ഉച്ചിഡ സൂചിപ്പിച്ചിട്ടുണ്ടെങ്കിലും 58 ബില്യൺ ഡോളറിന്റെ മെഗാഡീലിനായുള്ള ചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്ന് ബോർഡ് അംഗങ്ങളിൽ നിന്നും പങ്കാളിയായ റെനോയിൽ നിന്നും കഴിഞ്ഞ കുറച്ച് മാസങ്ങളായ രാജിക്കുള്ള സമ്മർദ്ദം അദ്ദേഹം നേരിടുന്നുണ്ട്. നിസാൻ ഡയറക്ടർ ബോർഡും അദ്ദേഹത്തിന്റെ രാജിയക്കുറിച്ച് അനൗപചാരിക ചർച്ചകൾ ആരംഭിച്ചതായി റിപ്പോർട്ടുകൾ ഉണ്ട്. ഇത് ഇങ്ങനെ അവസാനിച്ചതിൽ തനിക്ക് ഖേദമുണ്ട് എന്നായിരുന്നു ലയന ചർച്ചകൾ തകർന്നപ്പോൾ ഹോണ്ട സിഇഒ തോഷിഹിരോ മിബെ മാധ്യമപ്രവർത്തകരോട് പറഞ്ഞത്. ബിസിനസ് സംയോജനത്തെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും ഉയർന്നുവന്നാൽ, ചർച്ചകൾ പുനരാരംഭിക്കാനുള്ള സാധ്യത തങ്ങൾ പൂർണ്ണമായും തള്ളിക്കളയില്ല എന്നും ഹോണ്ട പറയുന്നു.
ജപ്പാനിലെ രണ്ടാമത്തെ വലിയ കാർ നിർമ്മാതാക്കളായ ഹോണ്ടയും മൂന്നാമത്തെ വലിയ കാർ നിർമ്മാതാക്കളായ നിസാനും ലയന ചർച്ചകൾ നടത്തിവരികയാണെന്ന് കഴിഞ്ഞ വർഷമ്ണ് പ്രഖ്യാപിച്ചത്. 2024 ഡിസംബറിൽ ആണ് ഇതുസംബന്ധിച്ച് പ്രഖ്യാപനം വന്നത്. രണ്ട് വാഹന നിർമ്മാതാക്കൾക്കും തുല്യ പങ്കാളിത്തമുള്ള ഒരു പുതിയ ഹോൾഡിംഗ് കമ്പനി സ്ഥാപിക്കുന്നതിനുപകരം നിസാൻ അതിന്റെ പൂർണ്ണ ഉടമസ്ഥതയിലുള്ള ഒരു ഉപസ്ഥാപനമായി മാറണമെന്ന് ഹോണ്ട ആവശ്യപ്പെട്ടതിനെത്തുടർന്നാണ് ഈ മാസം ആദ്യം ലയന ചർച്ചകൾ പരാജയത്തിലേക്ക് നീങ്ങിയത്. സംയുക്ത ഹോൾഡിംഗ് കമ്പനി സ്ഥാപിക്കുന്നതിനുള്ള പ്രാരംഭ പദ്ധതികളിൽ നിന്ന് ഡിസംബർ 23 ന് പുറത്തുവന്ന ഈ നിർദ്ദേശം നിസാനിനുള്ളിൽ ശക്തമായ എതിർപ്പിനെ നേരിട്ടു.
ഹോണ്ടയുടെ നിലവിലെ വിപണി മൂല്യം 7.3 ട്രില്യൺ യെൻ (ഏകദേശം 47 ബില്യൺ ഡോളർ) ആയി കണക്കാക്കപ്പെടുന്നു. ഇത് നിസാന്റെ മൂല്യത്തിന്റെ ഏകദേശം അഞ്ച് മടങ്ങ് വരും. ഇക്കാരണത്താൽ, ലയനത്തിന് കീഴിൽ, നിസാന്റെ ഓഹരികൾ വാങ്ങി അതിനെ അതിന്റെ അനുബന്ധ സ്ഥാപനമാക്കാൻ ഹോണ്ട ആഗ്രഹിക്കുന്നു. എന്നാൽ നിസാനിലെ പല മുതിർന്ന ഉദ്യോഗസ്ഥരും ഈ നിർദ്ദേശത്തിന് എതിരാണ്. അതേസമയം ചിലർ ഇതിനെ പിന്തുണയ്ക്കുന്നു.
കരാർ വിജയിച്ചിരുന്നെങ്കിൽ, ലോകത്തിലെ മൂന്നാമത്തെ വലിയ കാർ നിർമ്മാതാക്കളായി ഇരുകമ്പനികൾക്കും മാറാമായിരുന്നു. എന്നാൽ ഇപ്പോൾ, ചർച്ചകളിലെ കാലതാമസവും അഭിപ്രായവ്യത്യാസങ്ങളും കാരണം, ഈ പദ്ധതി തുലാസിൽ തൂങ്ങിക്കിടക്കുകയാണ്. നിസാൻ ലയനത്തിൽ റെനോ എസ്‌എ (നിസാന്റെ 36% ഉടമസ്ഥതയിലുള്ളത്) ഒരു പ്രധാന പങ്ക് വഹിക്കുന്നു . റിപ്പോർട്ടുകൾ പ്രകാരം, റെനോ പ്രതിനിധികൾ ജപ്പാനിലെത്തി ഈ ഇടപാടിന് അധിക നഷ്‍ടപരിഹാരം ആവശ്യപ്പെടുന്നു. മാത്രമല്ല മിത്സുബിഷി മോട്ടോഴ്‌സ് കോർപ്പ് ഈ ലയനത്തിൽ ചേരില്ലെന്ന് ഇതിനകം സൂചിപ്പിച്ചിട്ടുണ്ട് . ഹോണ്ടയും നിസാനും തമ്മിൽ അന്തിമ ധാരണയിൽ എത്തിയതിനുശേഷം മാത്രമേ തങ്ങളുടെ തീരുമാനം പരിഗണിക്കുകയുള്ളൂവെന്ന് കമ്പനി അറിയിച്ചതായാണ് റിപ്പോർട്ടുകൾ.
ഒന്നാകും മുമ്പേ അടിപൊട്ടി! ഹോണ്ട - നിസാൻ ലയനം തുലാസിൽ