
ഇലോണ്‍ മസ്കിന്റെ ഉടമസ്ഥതയിലുള്ള അമേരിക്കന്‍ (USA) ഇലക്ട്രിക് വാഹന ഭീമനായ ടെസ്‍ല ഇന്ത്യന്‍ (Tesla India) പ്രവേശനത്തിനുള്ള ഒരുക്കത്തിലാണ്. ഇതിന്‍റെ ഭാഗമായി കാറുകള്‍ ഇറക്കുമതി ചെയ്യുന്നതിനുള്ള നികുതി കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ചകളിലാണ് കഴിഞ്ഞ കുറച്ചുകാലമായി കമ്പനി. രാജ്യത്തെ ഇറക്കുമതി തീരുവ കുറയ്ക്കണം എന്നാണ് ടെസ്‍ലയുടെ ആവശ്യം. ഇത് ആദ്യം തന്നെ സര്‍ക്കാര്‍ തള്ളിയിരുന്നു. തീരുവ കുറയ്ക്കണമെങ്കിൽ ടെസ്‌ല ഇന്ത്യയിൽ വാഹന നിർമ്മാണശാല തുറക്കണമെന്നാണ് കേന്ദ്രം ആദ്യം ആവശ്യപ്പെട്ടത്.
എന്നാല്‍ ഇപ്പോഴിതാ ഇറക്കുമതി നികുതി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട ടെസ്‌ലയ്ക്ക് മുന്നിൽ പുതിയ ഉപാധി വച്ചിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഇലക്‌ട്രിക് വാഹന നിർമ്മാണത്തിനായി ടെസ്‌ല പ്രതിവർഷം 500 മില്യൺ ഡോളർ മൂല്യമുള്ള പ്രാദേശിക വാഹന ഘടകങ്ങൾ വാങ്ങണം എന്നാണ് കേന്ദ്ര സര്‍ക്കാരിന്‍റെ നിര്‍ദ്ദേശം എന്ന് ബ്ലൂംബെര്‍ഗിനെ ഉദ്ദരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.
തൃപ്‍തികരമായ നില കൈവരിക്കുന്നത് വരെ ഇന്ത്യൻ ഭാഗങ്ങൾ വാങ്ങുന്നത് പ്രതിവർഷം 10 ശതമാനം മുതൽ 15 ശതമാനം വരെ വർദ്ധിപ്പിക്കാൻ ടെസ്‌ല സമ്മതിക്കേണ്ടതുണ്ട് എന്നാണ് പുതിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ആഭ്യന്തര സോഴ്‌സിംഗ് വർദ്ധിപ്പിക്കാൻ ഇന്ത്യൻ സർക്കാർ ടെസ്‌ലയോട് ഔദ്യോഗികമായി പറഞ്ഞതായും റിപ്പോര്‍ട്ട് അവകാശപ്പെടുന്നു. എന്നിരുന്നാലും, ടെസ്‌ല ഇതുവരെ ഒരു പ്രതികരണവും നൽകിയിട്ടില്ല. 2021 ഓഗസ്റ്റിൽ ടെസ്‌ല അതിന്റെ ഇലക്ട്രിക് വാഹനങ്ങൾക്കായി ഇന്ത്യയിൽ നിന്ന് ഏകദേശം 100 മില്യൺ ഡോളർ വിലമതിക്കുന്ന ഓട്ടോ ഘടകങ്ങള്‍ വാങ്ങുന്നതായി അവകാശപ്പെട്ടിരുന്നു.
കഴിഞ്ഞ ഒരുവർഷത്തിലേറെയായി ഇന്ത്യയിൽ ഔദ്യോഗിക വില്‍പ്പന ആരംഭിക്കാൻ ശ്രമിക്കുകയാണ് ടെസ്‌ല. എന്നാൽ, ഇതിന് ഇന്ത്യ ഈടാക്കുന്ന ഇറക്കുമതി തീരുവ വലിയ തടസമാണെന്നും തത്കാലത്തേക്കെങ്കിലും തീരുവ കുറയ്ക്കണമെന്നും ടെസ്‌ല ആവശ്യപ്പെട്ടിരുന്നു. തീരുവ കുറയ്ക്കണമെങ്കിൽ ടെസ്‌ല ഇന്ത്യയിൽ വാഹന നിർമ്മാണശാല തുറക്കണമെന്നാണ് കേന്ദ്രം ആദ്യം ആവശ്യപ്പെട്ടത്. നിലവിൽ അമേരിക്കയിലും ചൈനയിലുമാണ് ടെസ്‌ലയുടെ ഫാക്‌ടറികൾ.
എന്നാൽ, ഇന്ത്യയിൽ ആദ്യം ഇലക്‌ട്രിക് കാറുകൾ ഇറക്കുമതി ചെയ്ത് വിൽക്കാനാണ് ടെസ്‌ലയുടെ താത്പര്യം. വില്പന മെച്ചപ്പെടുന്നതിന് അനുസരിച്ച് മാത്രമേ ഫാക്‌ടറി തുറക്കുന്നത് ആലോചിക്കൂ എന്നാണ് കമ്പനി പറയുന്നത്. അതേസമയം, 10 കോടി ഡോളറിന്റെ (750 കോടി രൂപ) നിർമ്മാണഘടകങ്ങൾ ഇന്ത്യയിൽ നിന്ന് വാങ്ങിയതായി ടെസ്‌ല കഴിഞ്ഞ ആഗസ്‌റ്റിൽ വ്യക്തമാക്കിയിരുന്നു.
ടെസ്ല ഇന്‍കോര്‍പ്പറേഷന്‍ ഇന്ത്യയില്‍ നിക്ഷേപത്തിന് പ്രതിജ്ഞാബദ്ധരാണെന്നാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥവൃന്ദത്തില്‍ നിന്നുള്ള റിപ്പോര്‍ട്ട്. തൃപ്തികരമായ നില കൈവരിക്കുന്നത് വരെ ഇന്ത്യയില്‍ നിന്നുള്ള ഓട്ടോമൊബൈല്‍ പാര്‍ട്സ് വാങ്ങലുകള്‍ പ്രതിവര്‍ഷം 10 ശതമാനം മുതല്‍ 15 ശതമാനം വരെ വര്‍ധിപ്പിക്കാന്‍ ടെസ്ല സമ്മതിക്കേണ്ടതുണ്ടെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. 100 മില്യണ്‍ ഡോളറിന്റെ ഓട്ടോ കംപോണന്റ്‌സ് ഇന്ത്യയില്‍ നിന്ന് സ്വീകരിച്ചതായാണ് ഓഗസ്റ്റില്‍ ടെസ്ല വെളിപ്പോടുത്തിയത്. എന്നാല്‍ ഇത് ഉയര്‍ത്തണമെന്നാണ് സര്‍ക്കാര്‍ നിലപാട്.
2021 ഓഗോസ്റ്റിലാണ് ടെസ്‍ല തലവന്‍ ഇലണ്‍ മസ്‌ക് ഇറക്കുമതിത്തീരുവ സംബന്ധിച്ച് ആദ്യം ആശങ്ക ഉന്നയിച്ചത്. ടെസ്‌ല അതിന്റെ കാറുകൾ ഇന്ത്യയിൽ ഉടൻ പുറത്തിറക്കാൻ ആഗ്രഹിക്കുന്നുവെന്നും എന്നാൽ ഇന്ത്യയിലെ ഇറക്കുമതി തീരുവ ലോകത്തിലെ ഏറ്റവും വലിയ രാജ്യങ്ങളിൽ ഏറ്റവും ഉയർന്നതാണെന്നുമായിരുന്നു മസ്‍കിന്‍റെ ആരോപണം. ഇന്ത്യയിൽ വാഹനം അവതരിപ്പിക്കുന്നതിൽ ടെസ്‌ല ഗൗരവമായ നീക്കത്തിലാണ്. കർണാടകയിൽ ടെസ്‌ല ഇന്ത്യ മോട്ടോഴ്‌സായി രജിസ്റ്റർ ചെയ്‍തതായി ഇവി നിർമ്മാതാവ് കഴിഞ്ഞ വർഷം ജനുവരിയിൽ പ്രഖ്യാപിച്ചപ്പോൾ വ്യക്തമായിരുന്നു.
ഇറക്കുമതി ചെയ്യുന്ന കാറുകൾക്ക് 60 ശതമാനം മുതൽ 100 ശതമാനം വരെയാണ് നിലവിൽ ഇന്ത്യ കസ്റ്റംസ് തീരുവ ചുമത്തുന്നത്. 40,000 ഡോളറിൽ കൂടുതലുള്ള CIF (കോസ്റ്റ്, ഇൻഷുറൻസ്, ചരക്ക്) മൂല്യമുള്ള പൂർണ്ണമായും ഇറക്കുമതി ചെയ്‍ത കാറുകൾക്ക് ഇന്ത്യ 100 ശതമാനം ഇറക്കുമതി തീരുവ ചുമത്തുന്നു. അതേസമയം ഈ തുകയിൽ താഴെ വിലയുള്ള കാറുകൾക്ക് 60 ശതമാനം തീരുവ ചുമത്തുന്നു. ടെസ്‌ലയുടെ യുഎസ് വെബ്‌സൈറ്റ് അനുസരിച്ച്, ഒരു മോഡലിന് മാത്രമാണ് 40,000 ഡോളറില്‍ താഴെ വിലയുള്ളത്. മോഡൽ 3 സ്റ്റാൻഡേർഡ് റേഞ്ച് പ്ലസ് ആണ് ഈ വാഹനം. അങ്ങനെ നോക്കുമ്പോള്‍ ടെസ്‌ലയ്ക്ക് മോഡൽ 3 ഇലക്ട്രിക് കാർ CBU (പൂർണ്ണമായി നിർമ്മിച്ച യൂണിറ്റ്) വഴി ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യണമെങ്കിൽ, ഏകദേശം 70 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്നു.
രാജ്യത്തെ ഉപഭോക്താക്കൾക്ക് വാഹനങ്ങൾ കൂടുതൽ താങ്ങാനാവുന്ന തരത്തിൽ എത്തിക്കാൻ ലക്ഷ്യമിടുന്ന ടെസ്‌ലയുടെ ഈ നിർദ്ദേശത്തെ കേന്ദ്ര സര്‍ക്കാരിനെക്കൊണ്ട് അംഗീകരിക്കാനുള്ള ശ്രമത്തിലാണ് കമ്പനി എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇറക്കുമതി തീരുവയിൽ എന്തെങ്കിലും കുറവ് വരുത്തുന്നതിന് മുമ്പ് ടെസ്‌ല ആദ്യം ഇന്ത്യയിലെ ഉൽപ്പാദന പദ്ധതികൾ പങ്കിടണമെന്ന് കേന്ദ്രം ആവശ്യപ്പെടുമ്പോൾ, നിലവിലുള്ള നികുതി നിരക്കിൽ തങ്ങളുടെ ഉൽപ്പന്നം അവതരിപ്പിക്കുന്നത് കമ്പനിക്ക് ലാഭകരമായ ബിസിനസ് ഓപ്ഷന്‍ ആയിരിക്കില്ലെന്ന് ടെസ്‌ല കരുതുന്നു.
വിദേശ വിപണികളിൽ നിന്ന് കൊണ്ടുവരുന്ന വാഹനങ്ങളുടെ ഉയർന്ന ഇറക്കുമതി തീരുവയ്‌ക്കെതിരായ മസ്‌കിന്റെ വാദം ഇന്ത്യയിൽ പ്രവർത്തിക്കുന്ന കാർ നിർമ്മാതാക്കൾക്കിടയിൽ ചർച്ചയ്ക്ക് വഴിയൊരുക്കിയിരുന്നു. ചിലർ ടെസ്‌ലയുടെ നിർദ്ദേശത്തെ പിന്തുണച്ചപ്പോൾ, മറ്റ് ചിലർ ഇന്ത്യൻ കാർ നിർമ്മാതാക്കൾക്കും കേന്ദ്രം തുല്യ പരിഗണന നൽകണമെന്നായിരുന്നു വാദിച്ചത്.