ബുക്ക് ചെയ്ത ബര്‍ത്ത് അതിഥി തൊഴിലാളികള്‍ കൈയ്യേറി, ദമ്പതിമാര്‍ക്ക് ദുരിതയാത്ര; ഒടുവില്‍ റെയില്‍വേ കുടുങ്ങി!

By Web TeamFirst Published Oct 17, 2022, 12:29 PM IST
Highlights

ബുക്ക് ചെയ്‍ത ബർത്ത് ഇതര സംസ്ഥാനക്കാരായ അതിഥി തൊഴിലാളികൾ കൈയേറിയ സംഭവത്തിൽ ദമ്പതിമാർക്ക് ഇന്ത്യൻ റെയിൽവേ നഷ്‍ടപരിഹാരം നൽകണമെന്ന സുപ്രധാന വിധിയുമായി ഉപഭോക്തൃ കമ്മിഷൻ

ട്രെയിനിൽ ബുക്ക് ചെയ്‍ത ബർത്ത് ഇതര സംസ്ഥാനക്കാരായ അതിഥി തൊഴിലാളികൾ കൈയേറിയ സംഭവത്തിൽ ദമ്പതിമാർക്ക് ഇന്ത്യൻ റെയിൽവേ നഷ്‍ടപരിഹാരം നൽകണമെന്ന സുപ്രധാന വിധിയുമായി ഉപഭോക്തൃ കമ്മിഷൻ. 95,000 രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് ഉപഭോക്തൃ കമ്മിഷൻ ഉത്തരവ്. 

കോഴിക്കോട് ചക്കിട്ടപ്പാറ സ്വദേശി ഡോ. നിതിൻ പീറ്റർ, ഭാര്യ ഒറ്റപ്പാലം സ്വദേശിനി ഡോ. സരിക എന്നിവർ നൽകിയ പരാതിയിലാണ് പാലക്കാട് ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ വിധി. ദക്ഷിണ റെയിൽവേ ജനറൽ മാനേജർ, തിരുവനന്തപുരം അഡീഷണൽ ഡിവിഷണൽ റെയിൽവേ മാനേജർ തുടങ്ങിയവരെ എതിർ കക്ഷിയാക്കിയാണ് പരാതി.

രണ്ടുവര്‍ഷം മാത്രം, കേരളത്തിലും 130 കിമീ വേഗതയിൽ ട്രെയിൻ ഓടും!

2017 സെപ്റ്റംബറില്‍ ആയിരുന്നു പരാതിക്ക് ഇടയാക്കിയ സംഭവം.  സെപ്റ്റംബര്‍ ആറിന് പുലർച്ചെ 12.20-ന് തിരുവനന്തപുരം-ഹൗറ എക്‌സ്പ്രസിൽ പാലക്കാട് ജങ്ഷനിൽനിന്ന് ചെന്നൈക്ക് യാത്രചെയ്യുന്നതിനിടെയാണ് ദമ്പിതകളുടെ ബർത്ത് അതിഥിത്തൊഴിലാളികൾ കൈയേറിയത്. ദമ്പതികള്‍ക്ക് 69, 70 നമ്പർ ബർത്തുകളാണ് റിസര്‍വേഷൻ സമയത്ത് അനുവദിച്ചിരുന്നത്.

എന്നാല്‍ പാലക്കാട് ജങ്ഷനിൽനിന്ന് ഇരുവരും ട്രെയിനിൽ കയറിയപ്പോൾ ഇവർക്ക് അനുവദിച്ച 70-ാം നമ്പർ ബർത്തില്‍ മൂന്ന് അതിഥിത്തൊഴിലാളികൾ സ്ഥാനം പിടിച്ചിരുന്നു. തൊഴിലാളികളുടെ കൈവശം ടിക്കറ്റ് പരിശോധകൻ എഴുതിക്കൊടുത്ത ടിക്കറ്റുണ്ടായിരുന്നു. അതിനാൽ ഈ തൊഴിലാളികൾ ബർത്തിൽ നിന്ന് മാറാൻ കൂട്ടാക്കിയില്ലെന്നും പരാതിയിൽ പറയുന്നു.

അതേസമയം ചങ്ങല പൊട്ടിയതിനാൽ ഉപയോഗിക്കാൻ കഴിയാത്ത സ്ഥിതിയില്‍ ആയിരുന്നു  69-ാം നമ്പർ ബെർത്ത് എന്നും പരാതിയില്‍ പറയുന്നു. തുടര്‍ന്ന് പാലക്കാട് സ്റ്റേഷൻ ഫോൺ നമ്പറിൽ പരാതിപ്പെട്ടു. എന്നാല്‍ ട്രെയിൻ സ്റ്റേഷൻ വിട്ടതിനാൽ ടി.ടി.ആറിനെ സമീപിക്കാനുമായിരുന്നു പാലക്കാട് സ്റ്റേഷനില്‍ നിന്നുള്ള നിർദേശം. എന്നാൽ യാത്ര അവസാനിക്കും വരെ ടിക്കറ്റ് പരിശോധകൻ ടിക്കറ്റ് പരിശോധനയ്ക്ക് എത്തിയില്ലെന്നും പരാതിയിൽ പറയുന്നു.

ട്രെയിൻ തിരുപ്പൂർ, കോയമ്പത്തൂർ സ്റ്റേഷനുകളിൽ എത്തിയപ്പോള്‍ ദമ്പതികള്‍ ആർപിഎഫ് ഉദ്യോഗസ്ഥരുടെ സഹായം തേടി. എങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ ഇരിക്കാനോ ഉറങ്ങാനോ കഴിയാതെ യാത്ര പൂർത്തിയാക്കേണ്ടിവന്നതായും ദമ്പതിമാർ ഉപഭോക്തൃ കമ്മിഷനില്‍ നല്‍കിയ പരാതിയിൽ പറയുന്നു.

ചാര്‍ട്ടിന് പകരം ടാബുമായി ടിടിഇമാര്‍, ഈ യാത്രികര്‍ക്ക് ഇനി കിട്ടുക എട്ടിന്‍റെ പണി!

റെയില്‍വേ നല്‍കേണ്ട തുകയിൽ 50,000 രൂപ സമയത്ത് സേവനം ലഭിക്കാത്തതിലുള്ള നഷ്‍ടപരിഹാരമാണ്. 25,000 രൂപ വ്യാപാരപ്പിഴയും 20,000 രൂപ യാത്രക്കാർക്കുണ്ടായ മാനസികബുദ്ധിമുട്ടിനുള്ള നഷ്‍ടപരിഹാരത്തുകയുമാണ്.  റെയിൽവേ അധികൃതരുടെ വാദംകൂടി കേട്ടതിന് ശേഷം ആണ് കമ്മിഷൻ പരാതി അംഗീകരിച്ചതും നഷ്‍ടപരിഹാരം നൽകാൻ നിർദേശിച്ചതും.

click me!