Asianet News MalayalamAsianet News Malayalam

ചാര്‍ട്ടിന് പകരം ടാബുമായി ടിടിഇമാര്‍, ഈ യാത്രികര്‍ക്ക് ഇനി കിട്ടുക എട്ടിന്‍റെ പണി!

ട്രെയിന്‍ യാത്രക്കാരുടെ പ്രത്യേക ശ്രദ്ധയ്ക്ക്. നിങ്ങളുടെ ടിക്കറ്റില്‍ രേഖപ്പെടുത്തിയ ബോര്‍ഡിംഗ് സ്റ്റേഷനില്‍ നിന്നു തന്നെ കയറിയില്ല എങ്കില്‍ ഇനിമുതല്‍ നിങ്ങളെ കാത്തിരിക്കുന്നത് എട്ടിന്‍റെ പണി

This is the after effect of TTEs in Indian Railways get tabs instead of ticket charts
Author
First Published Aug 29, 2022, 10:25 AM IST

ട്രെയിന്‍ യാത്രികരുടെ പ്രത്യേക ശ്രദ്ധയ്ക്ക്. നിങ്ങളുടെ ടിക്കറ്റില്‍ രേഖപ്പെടുത്തിയ ബോര്‍ഡിംഗ് സ്റ്റേഷനില്‍ നിന്നു തന്നെ കയറിയില്ലെങ്കില്‍ ഇനിമുതല്‍ എട്ടിന്‍റെ പണിയാണ് നിങ്ങളെ കാത്തിരിക്കുന്നത്. കാരണം ടിക്കറ്റില്‍ രേഖപ്പെടുത്തിയ ബോർഡിങ് സ്റ്റേഷനിൽ നിന്ന് സീറ്റിൽ യാത്രികന്‍ എത്തിയില്ല എങ്കിൽ ടിക്കറ്റ് റദ്ദാകും. ഇത്രകാലവും മാനുഷിക പരിഗണന വച്ച് റെയില്‍വേയുടെ ടിക്കറ്റ് എക്സാമിനര്‍മാര്‍ ഇത്തരം യാത്രികര്‍ക്ക് നല്‍കിയിരുന്ന അവസരം ഇല്ലാതാകുകയാണ് എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. 

ടിക്കറ്റ് ചാർട്ടിനുപകരം ഹാൻഡ് ഹെൽഡ് ടെർമിനൽ (എച്ച്.എച്ച്.ടി.) സംവിധാനം നിലവില്‍ വന്നതോടെയാണ് ഈ സുപ്രധാന മാറ്റം വരുന്നത്. പരമ്പരാഗതമായ പേപ്പര്‍ ചാര്‍ട്ടിനു പകരം ടിടിഇമാരുുടെ കയ്യില്‍ ഇപ്പോള്‍ ടാബുകളാണ് ഉള്ളത്.   

പാളത്തില്‍ ഒരു യുവതി, എഞ്ചിന്‍ ഡ്രൈവര്‍ ഞെട്ടി, പിന്നാലെ പൊലീസും; പിന്നെ സംഭവിച്ചത്..

ചാർട്ട് പ്രകാരം ബർത്ത്/സീറ്റിൽ ആളെത്തിയില്ലെങ്കിൽ അടുത്ത സ്റ്റേഷൻ തൊട്ട് അത് റദ്ദാക്കണമെന്ന് തന്നെയാണ് നിയമം. എന്നാൽ മാനുഷിക പരിഗണന വച്ച് ടിടിഇമാർ രണ്ടിലധികം സ്റ്റേഷൻവരെ കാത്തുനിൽക്കുക പതിവായിരുന്നു ഇത്ര കാലവും.  എന്നാൽ ഈ പരിഗണന പുതിയ സാങ്കേതിക വിദ്യയായ ഹാൻഡ് ഹെൽഡ് ടെർമിനൽ സംവിധാനത്തിൽ കിട്ടില്ല. അതായത് ടിക്കറ്റില്‍ രേഖപ്പെടുത്തിയ ബോര്‍ഡിംഗ് സ്റ്റേഷനില്‍ നിന്നും യാത്രികന്‍ കയറി ഇല്ലാ എങ്കില്‍ അടുത്ത സ്റ്റേഷൻ തൊട്ട് അർഹരായ ആർ.എ.സി./വെയിറ്റിങ് ലിസ്റ്റുകാര്‍ക്ക് ഓട്ടോമാറ്റിക്ക് ആയി ആ സീറ്റ് ലഭിക്കും. 

ഹാൻഡ് ഹെൽഡ് ടെർമിനൽ സംവിധാനത്തിന് മേന്മ ഏറെയുണ്ട്. ഇത്രകാലവും സീറ്റ് ഒഴിവുണ്ടോ എന്നത് അറിയണം എങ്കില്‍ ടിക്കറ്റ് പരിശോധകർക്ക് അടുത്ത ചാർട്ടിങ് സ്റ്റേഷൻ വരെ കാത്തുനിൽക്കേണ്ടി വന്നിരുന്നു. എന്നാല്‍ എച്ച്.എച്ച്.ടി വന്നതോടെ ഇതിന് പരിഹാരമായി.  ഒഴിവുള്ള സീറ്റ് വിവരം ടാബിൽ രേഖപ്പെടുത്തും.  ട്രെയിന്‍ പുറപ്പെട്ടാലും സീറ്റ് ഒഴിവുണ്ടെങ്കിൽ ടിക്കറ്റ് പരിശോധകർക്ക് അടുത്ത ചാർട്ടിങ് സ്റ്റേഷൻ വരെ ഇനി കാത്തു നിൽക്കേണ്ടി വരില്ല. ഒഴിവുള്ള സീറ്റുകള്‍ അപ്പോൾത്തന്നെ ആര്‍എസിയിലോ വെയിറ്റിംഗ് ലിസ്റ്റിലോ ഉള്ള യാത്രക്കാരന് സീറ്റ് നൽകാൻ സാധിക്കും. 

ടിക്കറ്റ് എടുക്കുമ്പോൾത്തന്നെ കയറുന്ന സ്റ്റേഷൻ അഥവാ ബോർഡിങ് സ്റ്റേഷൻ രേഖപ്പെടുത്താം. ടിക്കറ്റ് എടുത്തതിനുശേഷം കയറുന്ന സ്ഥലം മാറ്റണമെന്ന് തോന്നിയാലും പിന്നീട് മാറ്റാനും സാധിക്കും. ട്രെയിന്‍ പുറപ്പെടുന്നതിന് നാലുമണിക്കൂർ മുമ്പ്‌ ഇത് ചെയ്യണം എന്നു മാത്രം.

കേരളത്തിൽ മാവേലി എക്സ്പ്രസ്, മലബാർ എക്സ്പ്രസ്, വഞ്ചിനാട് എക്സ്പ്രസ് ഉൾപ്പെടെ എല്ലാ പ്രധാന ട്രെയിനുകളിലും ടിക്കറ്റ് പരിശോധകരുടെ കൈയിൽ ചാർട്ടിനുപകരം ടാബ് വന്നുകഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍. 

ദേശീയ പാതകളിലെ യാത്ര: സുപ്രധാന മാറ്റം കൊണ്ട് വരാന്‍ കേന്ദ്ര സര്‍ക്കാര്‍, ജനങ്ങള്‍ക്ക് ആശ്വാസം

അതേസമയം ഹാൻഡ് ഹെൽഡ് ടെർമിനൽ സംവിധാനത്തിന്‍റെ ചില ന്യൂനതകളും ചിലര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ബോർഡിങ് സ്റ്റേഷനിൽ നിന്ന് കയറാതെ റദ്ദാക്കപ്പെട്ട ആളുടെ ടിക്കറ്റ് മറ്റൊരു യാത്രക്കാരന് നൽകുമ്പോൾ നിലവിൽ മെസേജ് വരില്ല. പരിശോധകർ വിവരം യാത്രക്കാരനോട് പറയണം. ബോർഡിങ് സ്റ്റേഷൻ മാറി കയറുന്ന യാത്രികനെ ട്രയിനില്‍ നിന്ന് ഇറക്കി വിടാതെ ഒഴിവുള്ള ഏതെങ്കിലും ബർത്ത് നൽകണം എന്ന നിർദേശവും ഉയർന്നുണ്ട്.

Follow Us:
Download App:
  • android
  • ios