ഡീസലിൽ പാം ഓയിൽ കലർത്തും, കലർത്തുന്നത് 50 ശതമാനം, ബി50 വിപ്ലവത്തിന് ഇന്തോനേഷ്യ

Published : Jul 04, 2026, 04:01 PM IST
Petrol Pump

Synopsis

ഇന്തോനേഷ്യ തങ്ങളുടെ ഇന്ധന നയത്തിൽ വലിയൊരു മാറ്റം വരുത്തിക്കൊണ്ട് ഡീസലിൽ 50% പാം ഓയിൽ അധിഷ്ഠിത ബയോഡീസൽ (B50) നിർബന്ധമാക്കി. പെട്രോളിയം ഇന്ധനങ്ങളുടെ ഉപയോഗം കുറയ്ക്കുകയും ശുദ്ധമായ ഊർജ സ്രോതസ്സുകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് ഈ നീക്കത്തിന്റെ പ്രധാന ലക്ഷ്യം. 

പെട്രോളിൽ എത്തനോൾ കലർത്തുന്ന ഇന്ധന നയത്തിലേക്ക് ഇന്ത്യ മുന്നേറുമ്പോൾ, അയൽരാജ്യമായ ഇന്തോനേഷ്യ ബയോഡീസൽ രംഗത്ത് കൂടുതൽ വലിയ ചുവടുവെപ്പാണ് നടത്തിയത്. രാജ്യത്ത് ഇനി മുതൽ ഡീസലിൽ 50 ശതമാനം പാം ഓയിൽ അധിഷ്ഠിത ബയോഡീസൽ (B50) നിർബന്ധമാക്കാൻ സർക്കാർ തീരുമാനിച്ചു. പെട്രോളിയം ഇന്ധനങ്ങളുടെ ഉപയോഗം കുറയ്ക്കുകയും ശുദ്ധമായ ഊർജ സ്രോതസുകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം.

റോയിട്ടേഴ്സിന്റെ റിപ്പോർട്ട് പ്രകാരം, പുതിയ മാനദണ്ഡം നിലവിൽ വരുന്നതോടെ എണ്ണക്കമ്പനികൾ കൂടുതൽ ഗുണനിലവാരമുള്ള പാം ഓയിൽ അധിഷ്ഠിത ബയോഡീസൽ ഉൽപാദിപ്പിക്കേണ്ടിവരും. ഇതിനായി ഇന്ധനത്തിലെ ജലാംശം കുറയ്ക്കുകയും ദീർഘകാലം ഗുണനിലവാരം നിലനിർത്തുന്ന സാങ്കേതികവിദ്യകൾ സ്വീകരിക്കുകയും വേണം. എന്നാൽ പുതിയ നയം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ചില നടപടിക്രമങ്ങൾ ഇനിയും പൂർത്തിയായിട്ടില്ല. പ്രത്യേകിച്ച് B50 ബയോഡീസലിന്റെ വിതരണ ക്വാട്ടകൾ ഊർജ മന്ത്രാലയം ഇതുവരെ അന്തിമമാക്കിയിട്ടില്ലാത്തതിനാൽ വിപണിയിൽ ചെറിയ അനിശ്ചിതത്വം തുടരുകയാണ്.

അതേസമയം, നിലവിലുള്ള B40 ബയോഡീസൽ സ്റ്റോക്ക് പാഴാകാതിരിക്കാൻ അത് ആദ്യം വിറ്റഴിക്കാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ട്. പുതിയ സംവിധാനം പൂർണമായും പ്രാബല്യത്തിൽ വരുന്നതുവരെ പഴയ B40 മാനദണ്ഡം അനുസരിച്ച് ഇന്ധന വിതരണം തുടരുമെന്ന് ഇന്തോനേഷ്യൻ ബയോഫ്യൂവൽ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ അറിയിച്ചു.

സർക്കാർ കണക്കുകൾ പ്രകാരം, ഈ വർഷം ജനുവരി മുതൽ ഏപ്രിൽ വരെ രാജ്യത്ത് 4.61 ദശലക്ഷം കിലോലിറ്റർ B40 ബയോഡീസൽ വിതരണം ചെയ്തിട്ടുണ്ട്. വർഷം മുഴുവൻ ലക്ഷ്യമിട്ടത് 15.64 ദശലക്ഷം കിലോലിറ്ററാണ്. B50 വർഷം മുഴുവൻ നടപ്പാക്കിയാൽ വാർഷിക ബയോഡീസൽ ആവശ്യകത 20.1 ദശലക്ഷം കിലോലിറ്ററിലെത്തുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. എന്നാൽ ഈ വർഷം ആദ്യ ആറുമാസം B40-ഉം ശേഷിക്കുന്ന ആറുമാസം B50-ഉം പ്രാബല്യത്തിൽ വരുന്നതിനാൽ മൊത്തം ആവശ്യകത 17.6 ദശലക്ഷം കിലോലിറ്റർ ആയിരിക്കുമെന്നാണ് കണക്കാക്കുന്നത്.

മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങളെ തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില ഉയർന്ന സാഹചര്യത്തിലാണ് ഇന്തോനേഷ്യ B50 പദ്ധതി പ്രഖ്യാപിച്ചത്. ഇതിലൂടെ ഇന്ധന ഇറക്കുമതി ചെലവിൽ ഏകദേശം 157.28 ട്രില്യൺ ഇന്തോനേഷ്യൻ റുപ്പിയ ലാഭിക്കാനാകുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ 2026-ലെ ബയോഡീസൽ സബ്സിഡി 47 ട്രില്യൺ റുപ്പിയയിൽ നിന്ന് 32 ട്രില്യൺ റുപ്പിയയായി കുറയ്ക്കുകയും ചെയ്തു.

ഇതിനിടെ, അമേരിക്കയും ഇറാനും തമ്മിലുള്ള താൽക്കാലിക സമാധാന നീക്കത്തെ തുടർന്ന് ബ്രെന്റ് ക്രൂഡ് ഓയിൽ വില ഏകദേശം 21 ശതമാനം ഇടിഞ്ഞ് ബാരലിന് 73 ഡോളറിലെത്തി. മറുവശത്ത്, ആഭ്യന്തര ആവശ്യകത ഉയരുമെന്ന പ്രതീക്ഷയിൽ പാം ഓയിൽ വില ടണ്ണിന് 1,100 ഡോളറിന് മുകളിലേക്ക് ഉയർന്നിട്ടുണ്ട്. എണ്ണ ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുക, പ്രാദേശിക പാം ഓയിൽ കർഷകർക്ക് കൂടുതൽ വിപണി ഉറപ്പാക്കുക, കാർബൺ പുറന്തള്ളൽ കുറച്ച് പരിസ്ഥിതി സംരക്ഷണം ശക്തിപ്പെടുത്തുക എന്നിവ ലക്ഷ്യമിട്ടുള്ള നിർണായക നീക്കമായാണ് ഇന്തോനേഷ്യയുടെ B50 പദ്ധതി വിലയിരുത്തപ്പെടുന്നത്.

 

PREV
Read more Articles on
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
ഓടുന്ന ഇലക്ട്രിക് ഓട്ടോകളെ ഹാക്ക് ചെയ്ത് ഓഫാക്കും! ചൈനീസ് ആപ്പുകൾക്ക് കേന്ദ്രത്തിന്‍റെ പൂട്ട്