ഓടുന്ന ഇലക്ട്രിക് ഓട്ടോകളെ ഹാക്ക് ചെയ്ത് ഓഫാക്കും! ചൈനീസ് ആപ്പുകൾക്ക് കേന്ദ്രത്തിന്‍റെ പൂട്ട്

Published : Jul 04, 2026, 08:32 AM IST
Bajaj Electric Auto

Synopsis

ഇലക്ട്രിക്ക് ഓട്ടോറിക്ഷകളുടെ പ്രവർത്തനം തടസപ്പെടുത്താൻ ഉപയോഗിച്ച മൊബൈൽ ആപ്പുകൾ നീക്കം ചെയ്യാൻ കേന്ദ്ര സർക്കാർ നിർദേശം നൽകി. ഇ-റിക്ഷ ഡ്രൈവർമാരെ ലക്ഷ്യമിട്ടുള്ള 'പ്രാങ്ക്' വീഡിയോകൾ വ്യാപകമായതിനെ തുടർന്നാണ് ഈ നടപടി. ആപ്പുകളുടെ ദുരുപയോഗം വിവരസാങ്കേതിക നിയമപ്രകാരം കുറ്റകരമാണെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.

ലക്ട്രിക്ക് ഓട്ടോറിക്ഷകളുടെ പ്രവർത്തനം വിദൂരത്തിരുന്ന് തടസപ്പെടുത്താൻ ഉപയോഗിച്ചിരുന്ന മൊബൈൽ ആപ്പുകൾ ആപ്പ് സ്റ്റോറുകളിൽ നിന്ന് നീക്കം ചെയ്യാൻ കേന്ദ്ര സർക്കാർ നിർദേശം നൽകി. ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയമാണ്  നടപടി സ്വീകരിച്ചത്. ഇ-റിക്ഷ ഡ്രൈവർമാരെ ലക്ഷ്യമിട്ട് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ച 'പ്രാങ്ക്' വീഡിയോകൾക്ക് പിന്നാലെയാണ് സർക്കാർ ഇടപെടൽ. മൂന്നോളം മൊബൈൽ ആപ്പുകൾക്കെതിരെയാണ് സർക്കാർ ശക്തമായ നടപടി സ്വീകരിച്ചത്. BAT-BMS, Lossigy, Epoch-i-ion എന്നീ ആപ്പുകൾ പ്ലേ സ്റ്റോർ, ആപ്പിൾ ആപ്പ് സ്റ്റോർ എന്നിവയിൽ നിന്ന് നീക്കം ചെയ്യാൻ ഗൂഗിളിനും ആപ്പിളിനും സർക്കാർ നിർദേശം നൽകിയതായി എഎൻഐ റിപ്പോർട്ട് ചെയ്തു.

വൈറലായ 'പ്രാങ്ക്' വീഡിയോകൾ

 സമീപ ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളിൽ സ്‍മാർട്ട്ഫോൺ ഉപയോഗിച്ച് ഇ-റിക്ഷകൾ വിദൂരത്തിരുന്ന് ഓഫ് ചെയ്യുന്ന നിരവധി വീഡിയോകൾ വൈറലായിരുന്നു. ബാറ്ററിയുടെ താപനില, ചാർജ് നില തുടങ്ങിയ വിവരങ്ങൾ പരിശോധിക്കാനും ബാറ്ററി ഡയഗ്നോസ്റ്റിക്‌സ് നടത്താനുമായി വികസിപ്പിച്ച ആപ്പുകളാണ് ചിലർ ദുരുപയോഗം ചെയ്തത്. ഇതിലൂടെ തെരഞ്ഞെടുത്ത ചില ഇ-റിക്ഷകളുടെ ബാറ്ററി വൈദ്യുതി വിതരണം തടസ്സപ്പെടുത്താൻ സാധിച്ചതായാണ് റിപ്പോർട്ടുകൾ.

ആപ്പ് സ്റ്റോറുകൾക്ക് കേന്ദ്രത്തിന്റെ നിർദേശം

ഇത്തരം രണ്ട് ആപ്പുകളെക്കുറിച്ച് സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടതായും അവ നീക്കം ചെയ്യാൻ ആപ്പ് സ്റ്റോറുകൾക്ക് നിർദേശം നൽകിയതായും ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം സെക്രട്ടറി എസ് കൃഷ്‍ണൻ മാധ്യമങ്ങളോട് വ്യക്തമാക്കി. ഉപയോക്താക്കൾക്ക് ദോഷം വരുത്താൻ സാധ്യതയുള്ള ആപ്പുകൾ പ്ലാറ്റ്ഫോമുകളിൽ എത്താതിരിക്കാൻ ആപ്പ് സ്റ്റോറുകൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഭാവിയിൽ സമാനമായ ആപ്പുകൾ പ്രസിദ്ധീകരിക്കപ്പെടാതിരിക്കാൻ ബന്ധപ്പെട്ട കമ്പനികളുമായും സർക്കാർ ചർച്ച നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

ബാറ്ററി മാനേജ്മെന്റിനുള്ള ആപ്പിന്റെ ദുരുപയോഗം

ചൈന ആസ്ഥാനമായുള്ള ഷെൻഷെൻ ഗ്രീനർജി ടെക്നോളജി വികസിപ്പിച്ച ആപ്പുകളിലൊന്നാണ് ഇ-റിക്ഷകളുടെ ബാറ്ററി മാനേജ്മെന്റ് സിസ്റ്റവുമായി ബ്ലൂടൂത്ത് വഴി ബന്ധിപ്പിച്ച് പ്രവർത്തിക്കുന്നത്. ബാറ്ററിയുടെ താപനില, ചാർജ് നില എന്നിവ നിരീക്ഷിക്കാനും ബാറ്ററി പരിശോധനകൾ നടത്താനുമാണ് ഇത് ആദ്യം രൂപകൽപന ചെയ്തത്. എന്നാൽ പിന്നീട് ചില ഇ-റിക്ഷകളുടെ വൈദ്യുതി വിതരണം വിദൂരത്തിരുന്ന് വിച്ഛേദിക്കാനും ഈ ആപ്പ് ഉപയോഗിക്കാമെന്ന് കണ്ടെത്തുകയായിരുന്നു.

നിയമനടപടിക്ക് സാധ്യത

ഈ ആപ്പിന്റെ പ്രവർത്തനങ്ങൾ ദുരുപയോഗം ചെയ്യുന്നത് വിവരസാങ്കേതിക നിയമപ്രകാരം കുറ്റകരമായ നടപടിയാണെന്ന് സൈബർ സുരക്ഷാ നിയമ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. മറ്റുള്ളവരുടെ വാഹനത്തിന്റെ പ്രവർത്തനം മനഃപൂർവം തടസപ്പെടുത്തുകയോ സാങ്കേതിക സംവിധാനത്തിൽ അനധികൃതമായി ഇടപെടുകയോ ചെയ്യുന്നത് വിവരസാങ്കേതിക നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം നിയമനടപടിക്ക് വഴിവെക്കുമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

PREV
Read more Articles on
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
ഇലക്ട്രിക് ഓട്ടോ: ലാഭമോ നഷ്‍ടമോ? ഒരു സമ്പൂർണ്ണ താരതമ്യം