ഈ വാഹനത്തെ ലോകവ്യാപകമായി തിരിച്ചുവിളിച്ച് ജീപ്പ്; കാരണം!

By Web TeamFirst Published Jun 22, 2020, 12:12 PM IST
Highlights

ചെറോക്കി എസ്‌യുവിയെ ലോകവ്യാപകമായി തിരിച്ചുവിളിച്ച് ഐക്കണിക്ക് അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ജീപ്പിന്‍റെ മാതൃകമ്പനി ഫിയറ്റ് ക്രിസ്‌ലർ ഓട്ടോമൊബൈൽസ്. 

ചെറോക്കി എസ്‌യുവിയെ ലോകവ്യാപകമായി തിരിച്ചുവിളിച്ച് ഐക്കണിക്ക് അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ജീപ്പിന്‍റെ മാതൃകമ്പനി ഫിയറ്റ് ക്രിസ്‌ലർ ഓട്ടോമൊബൈൽസ്. 91,000 യൂണിറ്റ് ചെറോക്കി മോഡലുകളെയാണ് കമ്പനി ഇപ്പോൾ ഔദ്യോഗികമായി തിരിച്ചുവിളിക്കുന്നത്. ഗിയർബോക്സ് സംവിധാനത്തിലെ തകരാരാണ് തിരിച്ചുവിളിക്കാൻ കാരണം.

2014 നും 2017 നും ഇടയിൽ നിർമ്മിച്ച ജീപ്പ് ചെറോക്കികള്‍ക്കാണ് തിരിച്ചുവിളിക്കൽ ക്യാമ്പയിൻ ബാധകമാകുന്നത്. യുഎസിൽ 67,248 യൂണിറ്റുകളും കാനഡയിൽ 13,659, മെക്സിക്കോയിൽ 716 യൂണിറ്റുകളും മറ്റിടങ്ങളിൽ 9,940 യൂണിറ്റുകളുമാണ് തിരിച്ചുവിളിക്കുന്നത്.  എന്നാൽ, ടു സ്പീഡ് പവർ ട്രാൻസ്ഫർ യൂണിറ്റുകളുള്ള വേരിയന്റുകൾ മാത്രമേ തിരിച്ചുവിളിക്കുവെന്നാണ് ജീപ്പ് അറിയിച്ചിരിക്കുന്നത്. 

ഇത്തരമൊരു തകരാറിനെ കുറിച്ച് അറിഞ്ഞിരുന്നുവെങ്കിലും കൂടുതൽ വിവരങ്ങൾ ഇപ്പോൾ വെളിപ്പെടുത്തുന്നില്ലെന്ന് കമ്പനി പറഞ്ഞു. മുമ്പത്തെ വികലമായ ഗിയർബോക്സ് രൂപകൽപ്പനയുമായി ബന്ധമില്ലാത്തതാണ് ഏറ്റവും പുതിയ ഗിയർബോക്സിന്റെ പ്രശ്നമെന്ന് എഫ്‌സി‌എ വ്യക്തമാക്കിയിട്ടുണ്ട്.

ഉടമസ്ഥരെ ഇമെയിൽ വഴി അറ്റകുറ്റപ്പണികളെക്കുറിച്ച് അറിയിക്കുമെന്നും തകരാർ ബാധിച്ച ജീപ്പ് ചെറോക്കി എസ്‌യുവിയിലെ സോഫ്റ്റ്‌വെയർ പുനർനിർമ്മാണം നടത്തുമെന്നും എഫ്‌സി‌എ വ്യക്തമാക്കി. എന്നാല്‍ ജീപ്പ് ചെറോക്കി ഇന്ത്യയിൽ വിൽപ്പനയില്‍ ഇല്ല. അതുകൊണ്ടു തന്നെ ഈ പ്രശ്നം രാജ്യത്തെ ആഭ്യന്തര വിപണിക്ക് ബാധകമല്ല.

ഈ മാസം എഫ്‌സി‌എ നടത്തുന്ന രണ്ടാമത്തെ പ്രധാന തിരിച്ചുവിളിക്കലാണിത് എന്നതും ശ്രദ്ധേയമാണ്.  12V ബാറ്ററി സംവിധാനം തകരാറിലായതിനെത്തുടർന്ന് 27,000 യൂണിറ്റ് ക്രിസ്‌ലർ പസഫിക്ക ഹൈബ്രിഡ് തിരിച്ചുവിളിക്കാൻ കമ്പനി തീരുമാനിച്ചത് അടുത്തിടെയാണ്. 

click me!