
രാജ്യത്തെ പ്രമുഖ ആഭ്യന്തര വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്രയും (എം ആൻഡ് എം) റിലയൻസ് ഇൻഡസ്ട്രീസും ഭാരത് പെട്രോളിയവും തമ്മിലുള്ള ഇന്ധന, മൊബിലിറ്റി സംയുക്ത സംരംഭമായ ജിയോ-ബിപിയും ഇന്ത്യയിലുടനീളം ഇവി ചാർജറുകൾ സ്ഥാപിക്കാൻ ധാരണയായതായി റിപ്പോര്‍ട്ട്. വരാനിരിക്കുന്ന മഹീന്ദ്ര ഇ-എസ്‌യുവി ലോഞ്ചുകൾക്കായിട്ടാണ് രാജ്യത്തുടനീളം ചാർജിംഗ് ശൃംഖല സ്ഥാപിക്കാനുള്ള പദ്ധതികളുമായി നിലവിലുള്ള പങ്കാളിത്തം ഇരു കമ്പനികളും ശക്തിപ്പെടുത്തുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
16 നഗരങ്ങളിൽ തുടങ്ങി, രാജ്യത്തെ മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഡീലർഷിപ്പ് നെറ്റ്‌വർക്കുകളിലും വർക്ക്‌ഷോപ്പുകളിലും ജിയോ-ബിപി ഡിസി ഫാസ്റ്റ് ചാർജറുകൾ സ്ഥാപിക്കും. ഈ ചാർജറുകൾ പൊതുജനങ്ങൾക്കായി തുറന്നിരിക്കുന്നതിനാൽ, പങ്കാളിത്തം ഇലക്ട്രിക്ക് വാഹന മൂല്യ ശൃംഖലയിലെ എല്ലാ പങ്കാളികൾക്കും പ്രയോജനം ചെയ്യും.
മഹീന്ദ്ര ആൻഡ് മഹീന്ദ്ര തങ്ങളുടെ ആദ്യ ഇലക്ട്രിക് എസ്‌യുവിയായ XUV400 നെ ഔദ്യോഗികമായി കഴിഞ്ഞ മാസം അനാച്ഛാദനം ചെയ്‍തിരുന്നു. ഈ മോഡൽ 2023 ജനുവരിയിൽ പുറത്തിറങ്ങും. ലോഞ്ചും വില പ്രഖ്യാപനവും 2023 ജനുവരിയിൽ നടക്കും. വരും വർഷങ്ങളിൽ അവതരിപ്പിക്കുന്ന ഇലക്ട്രിക്ക് മോഡലുകളുടെ ബോൺ ഇലക്ട്രിക് വിഷൻ ശ്രേണിയും കാർ നിർമ്മാതാവ് പ്രദർശിപ്പിച്ചിരുന്നു.
മഹീന്ദ്രയുടെ ഗവേഷണമനുസരിച്ച്, നിലവിലുള്ള എസ്‌യുവി വാങ്ങുന്നവരിൽ 25 ശതമാനം പേരും അടുത്ത വാങ്ങലായി ഒരു ഇലക്ട്രിക് എസ്‌യുവിയെ പരിഗണിക്കുന്നു എന്നാണ് കമ്പനി പറയുന്നത്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ എസ്‌യുവി ഉൽപ്പന്ന ശ്രേണിയിൽ 20 മുതല്‍ 30 ശതമാനം വൈദ്യുതീകരണം കൈവരിക്കാനാകുമെന്ന് വാഹന നിർമ്മാതാവ് പ്രതീക്ഷിക്കുന്നു. XUV, BE (Born Electric) എന്നീ രണ്ട് ബ്രാൻഡുകൾക്ക് കീഴിൽ വരുന്ന അഞ്ച് പുതിയ ഇലക്ട്രിക് എസ്‌യുവികൾ കമ്പനി പ്ലാൻ ചെയ്തിട്ടുണ്ട്.
2022 ഓഗസ്റ്റിൽ, മഹീന്ദ്ര അതിന്റെ വരാനിരിക്കുന്ന ഇലക്ട്രിക് എസ്‌യുവികളുടെ ആശയങ്ങളായ XUV.e8, XUV.e9, BE.05, BE.07, BE.09 എന്നിവ അവതരിപ്പിച്ചിരുന്നു. ആദ്യ XXUV.e8 (അത് പ്രധാനമായും XUV700-ന്റെ ഇലക്ട്രിക് പതിപ്പായിരിക്കും) 2024 ഡിസംബറിൽ നിരത്തിലെത്തുമ്പോൾ, BE മോഡലുകളിൽ ആദ്യത്തേത് 2025 ഒക്ടോബറിൽ ലോഞ്ച് ചെയ്യും. XUV400 2022 ഡിസംബർ മുതൽ ടെസ്റ്റ് ഡ്രൈവുകൾക്കായി ഷോറൂമുകളിൽ എത്തിത്തുടങ്ങും, തുടർന്ന് ബുക്കിംഗുകളും വില പ്രഖ്യാപനവും ഡെലിവറികളും 2023 ജനുവരിയിൽ തുറക്കും.
അതേസമയം റിലയൻസ് ഇൻഡസ്ട്രീസും ഭാരത് പെട്രോളിയവും തമ്മിലുള്ള സംയുക്ത സംരംഭവും പൾസ്-ബ്രാൻഡഡ് ഇവി ചാർജിംഗ് ശൃംഖല വിപുലീകരിക്കുന്നുണ്ട്. ഇതിന്‍റെ ഭാഗമായി ഇവി ഉടമകളുടെ ഇൻട്രാ-സിറ്റി, ഇന്റർ-സിറ്റി യാത്രകൾക്കായി നഗരങ്ങളിലെയും പ്രധാന ഹൈവേകളിലെയും ഒന്നിലധികം ടച്ച് പോയിന്റുകളിൽ ചാർജിംഗ് സൗകര്യങ്ങൾ സജ്ജീകരിച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.