ആ സൂപ്പര്‍ കാര്‍ ആദ്യമായി കേരളത്തിലും, രജിസ്ട്രേഷന്‍ ഫീസ് മുക്കാല്‍ക്കോടി!

By Web TeamFirst Published Oct 13, 2019, 11:37 AM IST
Highlights

കോഴിക്കോട് സ്വദേശിയാണ് കേരളത്തിലെ ആദ്യ ലംബോർഗിനി ഉറൂസ് സ്വന്തമാക്കിയത്. വാഹനത്തിന്‍റെ രജിസ്ട്രേഷനായി ചെലവാക്കിയ തുക കേട്ടാല്‍ ആരും ഞെട്ടും

ഇറ്റാലിയന്‍ സൂപ്പര്‍കാര്‍ നിര്‍മ്മാതാക്കളായ ലംബോര്‍ഗിനിയുടെ അതിവേഗ കാറായ ഉറൂസ് കഴിഞ്ഞ വര്‍ഷമാണ് ഇന്ത്യയിലെത്തുന്നത്. കാല്‍ നൂറ്റാണ്ടിന് ശേഷം ലംബോര്‍ഗിനി നിരയില്‍ പിറവിയെടുത്ത രണ്ടാം എസ്‌യുവിയായ ഉറൂസിന്‍റെ  എക്‌സ്‌ഷോറൂം വില ഏകദേശം മൂന്നു കോടി രൂപയാണ്.

ഇപ്പോഴിതാ ഉറൂസ് കേരളത്തിലുമെത്തിയിരിക്കുകയാണ്. കോഴിക്കോട് സ്വദേശിയായ അബ്‍ദുള്‍ അസീസ് പുല്ലാളൂരാണ്  ആദ്യത്തെ ലംബോർഗിനി ഉറൂസ് സ്വന്തമാക്കിയത്.  ലംബോര്‍‍ഗിനിയുടെ ബെംഗളൂരു ഷോറൂമിൽ നിന്നാണ് ഇദ്ദേഹം ഉറൂസ് സ്വന്തമാക്കിയത്. നിലവില്‍ കേരളാ രജിസ്ട്രേഷനുള്ള ഏക ഉറൂസാണ് ഇത്. 

മൂന്നുകോടി വിലയുള്ള വാഹനത്തിന്‍റെ രജിസ്ട്രേഷന്‍ ഫീസ് കേട്ടാല്‍ ആരും ഞെട്ടും. 73.5 ലക്ഷം രൂപയാണ് ഫീസ്. വണ്ടിക്ക് റോഡ് ടാക്സ് ഇനത്തിൽ മാത്രമാണ് അബ്‍ദുൾ അസീസ്  ഇത്രയും തുക നൽകിയത്. കൂടാതെ കെഎൽ 11 ബിആർ 1 എന്ന നമ്പർ സ്വന്തമാക്കാന്‍ ഒരുലക്ഷം രൂപയോളം ഇദ്ദേഹം വേറെയും ചെലവാക്കി. 

2018 ജനുവരിയിലാണ് ലംബോര്‍ഗിനിയുടെ ആദ്യ എസ്‌യുവിയായ ഉറുസ് അവതരിപ്പിച്ചത്. കാല്‍ നൂറ്റാണ്ടിന് ശേഷം ലംബോര്‍ഗിനി നിരയില്‍ പിറവിയെടുത്തിരിക്കുന്ന രണ്ടാം എസ്‌യുവിയാണ് ഉറൂസ്.  

4.0 ലിറ്റര്‍ ട്വിന്‍ടര്‍ബ്ബോ V8 എഞ്ചിനാണ് ലംബോര്‍ഗിനി ഉറൂസിന്റെ ഹൃദയം. 6,000 ആര്‍പിഎമ്മില്‍ 641 ബിഎച്ച്പി കരുത്തും 2,2504,500 ആര്‍പിഎമ്മില്‍ 850 Nm ടോര്‍ഖും ഈ എഞ്ചിന്‍ ഉത്പാദിപ്പിക്കും.

3.6 സെക്കന്‍ഡുകള്‍ കൊണ്ട് നിശ്ചലാവസ്ഥയില്‍ നിന്നും നൂറ് കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഉറൂസിന് സാധിക്കും. മണിക്കൂറില്‍ 305 കിലോമീറ്ററാണ് വാഹനത്തിന്‍റെ പരമാവധി വേഗത.

ആറ് ഡ്രൈവിംഗ് മോഡുകളുണ്ട് ഉറൂസില്‍. ഇതില്‍ സാബിയ (മണല്‍), ടെറ (ഗ്രാവല്‍), നിവി (മഞ്ഞ്) എന്നീ മൂന്ന് ഡ്രൈവിംഗ് മോഡുകള്‍ ഓഫ്‌റോഡിംഗ് ലക്ഷ്യമിട്ടുള്ളതാണ്. 5,112 മി.മീ നീളവും, 2,016 മി.മീ വീതിയും, 1,683 മി.മീ ഉയരവുമാണ് എസ്‌യുവിക്കുള്ളത്. 3,003 മി.മീ നീളമേറിയതാണ് വീല്‍ബേസ്.

click me!