വേണം പ്രാണവായു; ടാങ്കറുകള്‍ വായുമാര്‍ഗ്ഗം ബംഗാളിലേക്കയച്ച് മോട്ടോര്‍ വാഹനവകുപ്പ്

Web Desk   | Asianet News
Published : May 17, 2021, 04:17 PM IST
വേണം പ്രാണവായു; ടാങ്കറുകള്‍ വായുമാര്‍ഗ്ഗം ബംഗാളിലേക്കയച്ച് മോട്ടോര്‍ വാഹനവകുപ്പ്

Synopsis

എയര്‍ഫോഴ്‍സ് വിമാനത്തില്‍ ടാങ്കറുകളെ ബംഗാളിലേക്ക് എയര്‍ ലിഫ്റ്റ് ചെയ്‍ത് മോട്ടോര്‍ വാഹനവകുപ്പ്

തിരുവനന്തപുരം: കൊവിഡ് രോഗ ബാധ രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് ഓക്സിജൻ ലഭ്യത ഉറപ്പുവരുത്തുന്നതിന് സാദ്ധ്യമായ എല്ലാ മാർഗ്ഗങ്ങളും ഉപയോഗപ്പെടുത്തി വരികയാണ് സർക്കാർ. പശ്ചിമബംഗാളിൽ നിന്ന് കേരളത്തിലേക്ക് ഓക്സിജൻ  കൊണ്ടുവരുന്നതിനായി ടാങ്കറുകൾ അയക്കുന്ന ദൗത്യവും പൂർത്തിയാക്കിയിരിക്കുകയാണ് മോട്ടോര്‍ വാഹന വകുപ്പ്. ഔദ്യോഗിക ഫേസ് ബുക്ക് പേജിലെ പോസ്റ്റിലൂടെയാണ് മോട്ടോര്‍ വാഹന വകുപ്പ് ഇക്കാര്യം വ്യക്തമാക്കിയത്. 

ഓക്സിജൻ ടാങ്കറുകളുടെ  കുറവ് പരിഹരിക്കാൻ ഏറ്റെടുത്ത സ്വകാര്യ ഉടമസ്ഥതയിലുള്ള എല്‍എന്‍ജി ടാങ്കറുകളാണ് ബംഗാളിലേക്ക് അയച്ചത്. ഓക്സിജൻ നിറക്കുന്നതിന് വേണ്ട എല്ലാ രൂപമാറ്റ നടപടികളും പെട്രോനെറ്റ് എൽ എൻ ജി യുടെ സഹായത്തോടെ പൂർത്തിയാക്കിയ ശേഷം ഓക്സിജൻ നിറക്കുന്നതിനായി കഴിഞ്ഞ ദിവസം ഈ ടാങ്കറുകൾ ഇന്ത്യൻ എയർഫോഴ്‍സ് വിമാനത്തിൽ ബംഗാളിലെ  ബെൺപുർ എന്ന സ്ഥലത്തെ IISCO സ്റ്റീൽ പ്ലാന്റിലേക്കാണ് അയച്ചത്.  നെടുമ്പാശേരി, കോയമ്പത്തൂർ എന്നീ വിമാനത്താവളങ്ങളിൽ നിന്നായിരുന്നു ഈ വാഹനങ്ങളുടെ എയര്‍ ലിഫ്റ്റിങ്ങ്. 

ഓക്സിജൻ നിറച്ച ഈ ടാങ്കറുകൾ തിരികെ റോഡ് മാര്‍ഗ്ഗമാണ് എത്തിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും ഹസാർഡസ് വാഹനങ്ങൾ ഉപയോഗിക്കാൻ MVD പ്രത്യേക പരിശീലനം നൽകിയ കെഎസ്‍ആര്‍ടിസി ഡ്രൈവർമാരും ഈ ടാങ്കറുകളെ അനുഗമിക്കുന്നുണ്ടെന്നും മോട്ടോര്‍ വാഹന വകുപ്പ് ഫേസ് ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. 

ഒപ്പം കപ്പൽ മാർഗ്ഗം എത്തിച്ചേരുന്ന മെഡിക്കൽ ഓക്സിജന്‍റെ വിതരണത്തിനായി ആവശ്യം വരുന്ന ട്രെയിലർ ഡ്രൈവർമാർക്കുള്ള ഹസാർഡസ്  വാഹന ഡ്രൈവിംഗ് ട്രെയിനിംഗ് മോട്ടോർ വാഹന വകുപ്പിൻറെ നേതൃത്വത്തിൽ വിജയകരമായി പൂർത്തിയായതായും അധികൃതര്‍ മറ്റൊരു ഫേസ് ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.

രണ്ട് ബാച്ചുകളിലായി 52 ട്രെയിലർ ഡ്രൈവർമാർക്ക് കൊച്ചിയിലെ ട്രെയിനിംഗ് സെന്‍ററിൽ വെച്ച് രണ്ട് ദിവസങ്ങളിലായാണ് ട്രെയിനിംഗ് പൂർത്തീകരിച്ചതെന്നും കൂടാതെ കപ്പലിൽ ഉള്ള ട്രെയിലറുകൾ കൊണ്ട് പോവുന്നതിനുള്ള 50 തിലധികം പ്രൈംമൂവേർസും സജ്ജമാക്കിയിട്ടുണ്ടെന്നും പോസ്റ്റില്‍ പറയുന്നു. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 

PREV
click me!

Recommended Stories

സാധാരണക്കാരനും കുറഞ്ഞ വിലയിൽ സൺറൂഫ്; ഇതാ നാല് കാറുകൾ
നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ