MVD : കുട്ടികളെ കയറ്റി പെട്ടിഓട്ടോ; ന്യായീകരണത്തിനെതിരെ മോട്ടോര്‍ വാഹന വകുപ്പ്

By Web TeamFirst Published Feb 25, 2022, 3:56 PM IST
Highlights

വളരെ ചെറിയ ചരക്കുകൾ കയറ്റാൻ മാത്രം ഡിസൈൻ ചെയ്യപ്പെട്ടിട്ടുള്ള സ്റ്റെബിലിറ്റി തീരെ കുറഞ്ഞ പെട്ടി ഓട്ടോറിക്ഷയിൽ കേവലം ഒരടി മാത്രം ഉയരമുള്ള പുറകിലെ ചരക്ക് കയറ്റുന്ന പെട്ടിയിൽ കാലികളേക്കാൾ മോശമായി യാത്ര നടത്തിയതിനെ ന്യായീകരിക്കുന്ന അജണ്ടയെ എങ്ങിനെ ന്യായീകരിക്കും എന്ന് മോട്ടോര്‍വാഹന വകുപ്പ്

സ്‍കൂൾ കുട്ടികളെ  ഗുഡ്‍സ് ഓട്ടോ റിക്ഷയിൽ കയറ്റിക്കൊണ്ടുപോയ സംഭവത്തില്‍ ഡ്രൈവർക്കെതിരെ മോട്ടോർ വാഹന വകുപ്പ് നിയമ നടപടികൾ സ്വീകരിച്ചിരുന്നു. തിരുവനന്തപുരം (Trivandrum) ബാലരാമപുരത്ത് (Balaramapuram) കെഎസ്ആർടിസി ബസ് ഇല്ലാത്തതു കാരണം സമയത്തിന് ക്ലാസിലെത്താൻ വിഷമിച്ച വിദ്യാർഥികളെ സൗജന്യമായി പെട്ടി ഓട്ടോയിൽ കയറ്റി സ്‍കൂളില്‍ എത്തിച്ച  ഡ്രൈവര്‍ക്ക് എതിരെ ആയിരുന്നു മോട്ടോര്‍വാഹന വകുപ്പിന്‍റെ നടപടി.  കുട്ടികളെ സഹായിച്ച പെട്ടി ഓട്ടോറിക്ഷാ ഡ്രൈവർ ബാലരാമപുരം പൂതംകോട് സ്വദേശി ഹാജയാണ് നിയമക്കുരുക്കിൽ പെട്ടത്. ഇദ്ദേഹത്തിന്‍റെ ലൈസൻസ് സസ്പെൻഡ് ചെയ്യാനും കുട്ടികളെ കയറ്റി യാത്രചെയ്‍തതിന് പിഴ ഈടാക്കാനും ജോയന്റ് റീജനൽ ട്രാൻസ്പോർട്ട് കമ്മിഷണർ ഉത്തരവിടുകയായിരുന്നു. ഇദ്ദേഹത്തിന്‍റെ വാഹനവും പിടിച്ചെടുത്തു. 

"അതൊരു അദൃശ്യശക്തിയോ..?" ഡ്രൈവറില്ലാതെ കാര്‍ നടുറോഡിലൂടെ, അമ്പരന്ന് ജനം!

എന്നാല്‍ ഈ നടപടിക്കെതിരെ നാട്ടുകാരുടെ ഭാഗത്ത് നിന്ന് വ്യാപക പ്രതിഷേധമാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഉയര്‍ന്നത്. ഇപ്പോള്‍ ഈ നടപടിയെ ന്യായീകരിച്ച് രംഗത്തെത്തിയിരിക്കുകയാണ് മോട്ടോര്‍വാഹന വകുപ്പ്. നിയമ ലംഘനത്തിന് ചൂട്ടുപിടിക്കണോ എന്ന തലക്കെട്ടില്‍ ഔദ്യോഗിക ഫേസ് ബുക്ക് പേജിലെ പോസ്റ്റിലൂടെയാണ് മോട്ടോര്‍ വാഹന വകുപ്പ് നടപടിയെ ന്യായീകരിക്കുന്നത്. പോസ്റ്റിന്‍റെ പൂര്‍ണ രൂപം വായിക്കാം. 

പെട്ടി ഓട്ടോക്കെതിരെ നടപടി - 
നിയമ ലംഘനത്തിന് ചൂട്ടുപിടിക്കണോ?
സ്‍കൂൾ കുട്ടികളെ  ഗുഡ്സ് ഓട്ടോയിൽ കുത്തി നിറച്ച് അപകടകരമായികയറ്റി കൊണ്ടുപോയ ഡ്രൈവർക്കെതിരെ മോട്ടോർ വാഹന വകുപ്പ് നിയമ നടപടികൾ സ്വീകരിച്ചിരുന്നു.
കുട്ടികളെ സഹായിക്കാൻ വേണ്ടി ഡ്രൈവർ ചെയ്ത ഒരു പുണ്യ പ്രവർത്തിക്ക് വകുപ്പ് ഇങ്ങനെ ശിക്ഷ നൽകാമോ എന്നാണ് ചിലരുടെ ചോദ്യം.
വളരെ ചെറിയ ചരക്കുകൾ കയറ്റാൻ മാത്രം ഡിസൈൻ ചെയ്യപ്പെട്ടിട്ടുള്ള സ്റ്റെബിലിറ്റി തീരെ കുറഞ്ഞ പെട്ടി ഓട്ടോറിക്ഷയിൽ കേവലം ഒരടി മാത്രം ഉയരമുള്ള പുറകിലെ ചരക്ക് കയറ്റുന്ന പെട്ടിയിൽ കാലികളേക്കാൾ മോശമായി യാത്ര നടത്തിയതിനെ ന്യായീകരിക്കുന്ന അജണ്ടയെ എങ്ങിനെ ന്യായീകരിക്കും.
ഗുഡ്സ് ഓട്ടോയിലെ പിറകിലെ കുട്ടികളെ ശ്രദ്ധിക്കാൻ ഓട്ടത്തിനിടയിൽ ഡ്രൈവർക്ക് പറ്റില്ല. ശരിയായ ഒരു കൈപ്പിടിപോലുമില്ലാതെയാണ് കുട്ടികൾ ആ വണ്ടിയിൽ യാത്ര ചെയ്തിരുന്നത്.  വാഹനം പെട്ടന്ന് ബ്രേക്ക് ചെയ്യേണ്ടി വരികയോ വെട്ടിത്തിരിക്കുകയോ ചെയ്യുമ്പോഴോ ഒരു കുട്ടിയുടെ ബാലൻസ് തെറ്റിയാൽ അടുത്തയാളെ പിടിച്ച് രക്ഷപ്പെടുവാൻ ശ്രമിക്കുന്നത് ഒരു ചെയിൻ റിയാക്ഷൻ്റെ ഫലം ചെയ്യുകയും  ആ അപകടത്തിൻ്റെ  ദാരുണ ഭാവം നമ്മുടെ സങ്കല്പങ്ങൾക്കും അപ്പുറത്തായിരിക്കും എന്നുള്ള കാര്യം വിസ്മരിക്കരുത്   ഓർക്കുക, ചെറിയ ഉയരത്തിൽ നിന്ന് വീണാൽ പോലും വാഹനത്തിന്റെ വേഗത നിമിത്തം ഗുരുതരമായ പരിക്കോ മരണമോ സംഭവിക്കാമെന്നിരിക്കെ ഇത്തരം കുറ്റം ചെയ്ത ഡ്രൈവറെ ന്യായീകരിക്കുന്നത് എന്തിന്റെ പേരിലായാലും അധാർമ്മികതന്നെയാണ്...
മുൻ കാലങ്ങളിൽ വഴിയിൽ നിന്നും ലിഫ്റ്റ് കൊടുക്കുന്ന കുട്ടികളുമായി ഇരു ചക്രവാഹനങ്ങൾ അപകടത്തിൽപ്പെട്ട നിരവധി സംഭവങ്ങൾ കേരളത്തിൽ തന്നെയുണ്ട്.
കൂടാതെ ഇന്ത്യയിലെ ഗതാഗത സൗകര്യങ്ങൾ കുറവായ ചില ഭാഗങ്ങളിൽ ചരക്കു വാഹനങ്ങളിൽ കൂട്ടമായി യാത്ര ചെയ്യുന്നവർ അപകടത്തിൽപ്പെടുന്ന ദാരുണ സംഭവങ്ങൾ സാധാരണമാണെന്നതും നാം ദയവായി മറക്കരുത്.
ഏറ്റവും വിലപ്പെട്ടതാണ് കുട്ടികളുടെ ആരോഗ്യവും ജീവനും.
അതിനാൽ ഏറ്റവും മുന്തിയ പരിഗണന തന്നെ  കുട്ടികൾക്ക് നാം റോഡിൽ നൽകണം.
അറിവില്ലായ്മയല്ല  അത് അവകാശമാക്കുവാൻ ശ്രമിക്കുന്നവരാണ് യഥാർത്ഥ ദുരന്ത വ്യാപാരികൾ ...
ചാരായ വേട്ടയുടെയും മയക്ക് മരുന്ന് വേട്ടയുടെയും നിരയിൽ ഹെൽമെറ്റ് വേട്ട എന്ന ഓമനപ്പേരിട്ട് കെട്ടുന്ന പോലുള്ള അധാർമ്മികത..

MVD : ബസില്ല, വഴിയിലായ കുട്ടികളെ പെട്ടിഓട്ടോയില്‍ സ്‍കൂളിലെത്തിച്ച ഡ്രൈവറെ കുടുക്കി എംവിഡി!
തിരുവനന്തപുരം: കെഎസ്ആർടിസി ബസ് ഇല്ലാത്തതു കാരണം സമയത്തിന് ക്ലാസിലെത്താൻ വിഷമിച്ച വിദ്യാർഥികളെ സൗജന്യമായി പെട്ടി ഓട്ടോയിൽ കയറ്റി സ്‍കൂളില്‍ എത്തിച്ച  ഡ്രൈവറെ കുടുക്കി മോട്ടോര്‍വാഹന വകുപ്പ്. സംഭവത്തില്‍ വന്‍ പ്രതിഷേധം ഉയരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കുട്ടികളെ സഹായിച്ച പെട്ടിഓട്ടോ റിക്ഷാ ഡ്രൈവർ ബാലരാമപുരം പൂതംകോട് സ്വദേശി ഹാജയാണ് നിയമക്കുരുക്കിൽ പെട്ടത്. ഇദ്ദേഹത്തിന്‍റെ ലൈസൻസ് സസ്പെൻഡ് ചെയ്യാനും കുട്ടികളെ കയറ്റി യാത്രചെയ്‍തതിന് പിഴ ഈടാക്കാനും ജോയന്റ് റീജനൽ ട്രാൻസ്പോർട്ട് കമ്മിഷണർ ഉത്തരവിടുകയായിരുന്നു. ഇദ്ദേഹത്തിന്‍റെ വാഹനവും പിടിച്ചെടുത്തു. 

ചാക്ക് നിറയെ നാണയവുമായി വന്ന്; വണ്ടിയും വാങ്ങിപ്പോയി- വൈറലായി യുവാവ്

തിങ്കളാഴ്‍ച സ്‍കൂള്‍ തുറന്ന ദിവസമായിരുന്നു സംഭവം. ബാലരാമപുരം വഴിമുക്ക് ജംക്ഷനിൽ ബസ് കിട്ടാതെ മണിക്കൂറുകൾ വഴിയിൽ അകപ്പെട്ട വിദ്യാർഥികളെ നാട്ടുകാർ ഇടപെട്ട് സ്വകാര്യ, പൊതുവാഹനങ്ങളിൽ കയറ്റി സ്‍കൂളിലേക്ക്  വിടുകയായിരുന്നു. ഇതിതിനിടെയാണ് ഹാജയുടെ പെട്ടി ഓട്ടോ റിക്ഷ അവിടെ എത്തുന്നതും നാട്ടുകാർ തന്നെ കുട്ടികളെ അതിൽ കയറ്റിവിടുന്നതും. കുട്ടികളുടെ യാത്ര പത്രങ്ങളിലും സോഷ്യല്‍ മീഡിയയിലും  വലിയ വാർത്തയാകുകയും ചെയ്‍തു. ഇതോടെയാണ് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ നടപടിയുമായി എത്തിയത്. കെഎസ്ആർടിസി ബസുകൾ കുറവായിരുന്നതും വന്നവ നിർത്താതെ പോയതും കാരണമാണ് കുട്ടികൾ വഴിയിൽ കുടുങ്ങിയതെന്ന് വാർത്ത വന്നിരുന്നു

കഴിഞ്ഞ ദിവസം രാവിലെ ബാലരാമപുരം വഴിമുക്കിൽ നെയ്യാറ്റിൻകര ജോയിന്റ് ആർടിഒയുടെ നേതൃത്വത്തിൽ പ്രദേശത്തെ സിസിടിവികൾ പരിശോധിച്ച് വാഹനം കണ്ടെത്തിയാണ് പിടിച്ചെടുത്തത്. പെട്ടി ഓട്ടോയിൽ കുട്ടികളെ കയറ്റാൻ നിയം ഇല്ലെന്നും അത് തെറ്റിച്ചതിനാണ് നടപടിയെന്നുമാണ് അധികൃതരുടെ വിശദീകരണം. പണം വാങ്ങി കുട്ടികളെ ഗുഡ്സ് ഓട്ടോയിൽ കൊണ്ടുപോയി എന്നാണ് അധികൃതര്‍ പറയുന്നതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ഗുഡ്സ് ഓട്ടോറിക്ഷയുടെ പുറകിൽ സ്കൂൾ വിദ്യാർഥികളെ കുത്തിനിറച്ചു പോയി എന്ന ഔദ്യോഗിക പത്രക്കുറിപ്പിലെ വാചകത്തെയും നാട്ടുകാര്‍ ചോദ്യം ചെയ്യുന്നു.

മോട്ടർ വാഹനവകുപ്പിന്റെ നടപടിക്കെതിരെ നാട്ടുകാർക്കിടയിൽ പ്രതിഷേധം ശക്തമായിട്ടുണ്ട്. സ്‍കൂൾ തുറന്ന മൂന്നാം ദിവസമായ ഇന്നലെയും സ്‍കൂളില്‍ എത്താൻ ബസ് ഇല്ലാത്തതിനാൽ കുട്ടികൾ വിഷമിച്ചെന്നും വൈകിട്ടും വീടുകളില്‍ എത്താനും കുട്ടികൾ വിഷമിക്കുന്ന അവസ്ഥ തുടരുകയാണെന്നും നാട്ടുകാര്‍ പറയുന്നു. ഗതാഗത പ്രശ്‍നത്തിന് പരിഹാരം കാണാതെ  ഓട്ടോ ഡ്രൈവർക്കു നേരെ പ്രതികാര നടപടി എടുത്ത് മുഖം രക്ഷിക്കാനാണ് ഉദ്യോഗസ്ഥരുടെ ശ്രമമെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നു. ഇത് പ്രതികാര നടുപടിയാണെന്നും നാട്ടുകാര്‍ പറയുന്നു.

click me!