Train Driver : പലഹാരം വാങ്ങാന്‍ ട്രെയിന്‍ നിര്‍ത്തി, എഞ്ചിന്‍ ഡ്രൈവറുടെ പണി തെറിച്ചു!

Web Desk   | Asianet News
Published : Feb 25, 2022, 03:20 PM ISTUpdated : Feb 25, 2022, 03:25 PM IST
Train Driver : പലഹാരം വാങ്ങാന്‍ ട്രെയിന്‍ നിര്‍ത്തി, എഞ്ചിന്‍ ഡ്രൈവറുടെ പണി തെറിച്ചു!

Synopsis

പലഹാരപ്പൊതി വാങ്ങാനായി ട്രെയിന്‍ നിര്‍ത്തി ഡ്രൈവര്‍. വീഡിയോ വൈറല്‍

മ്മള്‍ ബസിലും മറ്റും യാത്ര ചെയ്യുമ്പോള്‍ ഡ്രൈവർമാർ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ ചിലപ്പോള്‍ വാഹനം നിർത്തി അവരുടെ ഭക്ഷണപൊതികൾ മറ്റും പലരുടെയും ശ്രദ്ധയില്‍പ്പെട്ടിരിക്കും. ഇതേ രീതിയിലുള്ള ഒരു സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഇവിടെ ഭക്ഷണം വാങ്ങാനായി ഡ്രൈവർ നിർത്തിയത് ഒരു ട്രെയിന്‍ ആണെന്നതാണ് അമ്പരപ്പിക്കുന്നത്. 

രാജസ്ഥാനിലെ (Rajasthan) ഒരു റെയില്‍വേ ഗേറ്റിലാണ് സംഭവം. പലഹാരമായ കച്ചോരി (kachori)യുടെ പാക്കറ്റ് എടുക്കാൻ ലോക്കോ പൈലറ്റ് ട്രെയിൻ നിർത്തിയ സംഭവമാണ് രാജസ്ഥാനിൽ നടന്നത്. രാജസ്ഥാനിലെ അൽവാർ ( Alwar) ക്രോസിംഗിലാണ് ട്രെയിൻ നിർത്തിയത്. സംഭവത്തിന്റെ വീഡിയോയും ഇന്റർനെറ്റിൽ വൈറലായിട്ടുണ്ട്. അപകടകരമായ രീതിയിൽ റെയിൽവേ ട്രാക്കിന് സമീപം ഒരാൾ നിൽക്കുന്നത് വീഡിയോയിൽ കാണാം. അപ്പോൾ ദൂരെ നിന്നും ട്രെയിനിന്റെ ഹോൺ കേൾക്കുന്നു. ഉടൻ ട്രെയിൻ വരുന്നു. ട്രാക്കിന് സൈഡില്‍ നിന്ന ആ മനുഷ്യൻ പാക്കറ്റ് ഡ്രൈവർക്ക് കൈമാറുന്നു. തുടർന്ന് ട്രെയിൻ വീണ്ടും നീങ്ങാൻ തുടങ്ങുന്നു.  ലെവൽ ക്രോസിന് ഇരുപുറവും വണ്ടികൾ ട്രെയിൻ കടന്നുപോകാനായി കാത്തിരിക്കുന്നത് വിഡിയോയിൽ കാണാം. ഇവരെയൊന്നും കൂസാതെയാണ് ലോക്കോപൈലറ്റ് ട്രെയിൻ നിർത്തി പലഹാരം വാങ്ങി യാത്ര തുടരുന്നത്.

“എല്ലാ ദിവസവും രാവിലെ 8 മണിയോടെ അൽവാറിലെ ദൗദ്‍പൂർ ഗേറ്റിൽ സമാനമായ ഒരു കാഴ്‍ച കാണാം. ട്രെയിന്‍ ഹോൺ അടിച്ചാല്‍ ഉടൻ റെയിൽ ഗേറ്റ് കുറച്ചുനേരം അടയുന്നു. ലോക്കോ പൈലറ്റ് കച്ചോരിയുമായി എഞ്ചിൻ മുന്നോട്ട് കൊണ്ടുപോകുന്നത് വരെ ആളുകൾ ഇരുവശത്തും കാത്തു നില്‍ക്കുന്നു.." ഹിന്ദി ദിനപ്പത്രമായ ദൈനിക് ഭാസ്‍കറിനെ ഉദ്ദരിച്ച് കാര്‍ ടോഖ് റിപ്പോർട്ട് ചെയ്യുന്നു.

വീഡിയോ വൈറലായതോടെ എഞ്ചിന്‍ ഡ്രൈവര്‍ പുലിവാല് പിടിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. ജയ്‍പൂർ ഡിവിഷണൽ റെയിൽവേ മാനേജരുടെയും ഡിആർഎമ്മിന്റെയും ശ്രദ്ധയിൽ ഈ സംഭവം പെട്ടു. അന്വേഷണം ആരംഭിക്കുകയും അഞ്ച് ജീവനക്കാരെയും ഒരു ഇൻസ്ട്രക്ടറെയും രണ്ട് ലോക്കോ പൈലറ്റുമാരെയും രണ്ട് ഗേറ്റ്മാൻമാരെയും സസ്‌പെൻഡ് ചെയ്‍തു എന്നാണ് റിപ്പോര്‍ട്ടുകള്‍. അന്വേഷണം പൂർത്തിയാകുന്ന മുറയ്ക്ക് അന്തിമ നടപടിയുണ്ടാകും.

എല്ലാ ദിവസവും രാവിലെ 8 മണിക്ക് കച്ചോരി ട്രെയിനിൽ എത്തിക്കാൻ ക്രോസിംഗ് അടച്ചിട്ടുണ്ടെന്ന് ദൈനിക് ഭാസ്‍കറിനെ ഉദ്ദരിച്ച് കാര്‍ ടോഖ് റിപ്പോർട്ട് ചെയ്യുന്നു. സാധാരണയായി, ഇത് തിരക്കുള്ള സമയമാണ്, അതിനാൽ ധാരാളം യാത്രക്കാർ അസൗകര്യം നേരിടുന്നു. ലോക്കോ പൈലറ്റിന് സ്വന്തം ഇഷ്ടപ്രകാരം എഞ്ചിനോ ട്രെയിനോ നിർത്താൻ കഴിയില്ലെന്ന് അൽവാർ സ്റ്റേഷൻ സൂപ്രണ്ട് ആർ എൽ മീണ പറഞ്ഞു. കച്ചോരിക്ക് വേണ്ടി ഇങ്ങനെ നിർത്തുന്നത് തെറ്റാണ്.

കഴിഞ്ഞവർഷം സമാനമായ മറ്റൊരു സംഭവത്തിൽ ട്രെയിൻ നിർത്തി തൈര് വാങ്ങിയതിന് പാക്കിസ്ഥാനിൽ ലോക്കോപൈലറ്റിനെയും സഹായിയെയും സസ്‌പെൻഡ് ചെയ്‍തിരുന്നു. കൻഹ റെയിൽവേ സ്റ്റേഷന് സമീപത്ത് ട്രെയിൻ നിർത്തുന്നതും ഡ്രൈവറുടെ സഹായി കടയിൽ നിന്ന് തൈര് വാങ്ങുന്നതുമായ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെ തുടർന്നാണ് അന്ന് ഇവർക്കെതിരെ നടപടി എടുത്തത്. 

റെയിൽവേ ട്രാക്കുകളിൽ അപകടങ്ങൾ പതിവ്
അടുത്തിടെ ബാരിക്കേഡുകൾ താഴ്ത്തിയിരിക്കെ ക്രോസിംഗിൽ പ്രവേശിച്ച ഒരു മോട്ടോർ സൈക്കിൾ റൈഡറുടെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇയാൾ ട്രാക്ക് മുറിച്ചുകടക്കാൻ ശ്രമിച്ചെങ്കിലും ബൈക്ക് തെന്നി വീഴുന്നത് വീഡിയോയിൽ കാണാം. ഇതിനിടെ അതിവേഗത്തിൽ വന്ന ട്രെയിൻ മോട്ടോർ സൈക്കിളിൽ ഇടിച്ച് തെറിപ്പിക്കുന്നു. യാത്രികന്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. 

ഒരു ട്രെയിനിന്റെ വേഗത നിർണ്ണയിക്കാൻ വളരെ ബുദ്ധിമുട്ടാണ്, അതിനാൽ റെയിൽവേ ട്രാക്ക് മുറിച്ചുകടക്കാൻ ധാരാളം സമയമുണ്ടെന്ന് ആളുകൾ പലപ്പോഴും കരുതുന്നു. ട്രെയിനിന്റെ എഞ്ചിൻ മാത്രമേ നമുക്ക് കാണാനാകൂ, ബാക്കി കോച്ചുകളല്ല, അതിനാൽ ട്രെയിനിന്റെ യഥാർത്ഥ വേഗത എന്താണെന്ന് നമുക്ക് വിലയിരുത്താൻ കഴിയില്ല.

മാത്രമല്ല, റെയിൽവേ ട്രാക്കിൽ ആരെങ്കിലും അല്ലെങ്കിൽ മറ്റെന്തെങ്കിലും ഉണ്ടെന്ന് ട്രെയിൻ കണ്ടാൽ പോലും, അവർക്ക് സമയബന്ധിതമായി ബ്രേക്ക് ചെയ്യാൻ വളരെ ബുദ്ധിമുട്ടാണ്. കാരണം, തീവണ്ടി വളരെ വേഗതയുള്ളതും ഘർഷണം വളരെ കുറവുമാണ്. തീവണ്ടിയുടെ ചക്രങ്ങൾ പലപ്പോഴും ഉരുക്ക് കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. പെട്ടെന്ന് ബ്രേക്ക് ചവിട്ടുകയും ചക്രങ്ങൾ ലോക്ക് ആകുകയും ചെയ്താൽ തീവണ്ടിയെ നിയന്ത്രിക്കുന്നത് വളരെ ബുദ്ധിമുട്ടായിരിക്കും, അത് വലിയ അപകടത്തിൽ കലാശിക്കും. മാത്രമല്ല, യാത്രക്കാർ സീറ്റ് ബെൽറ്റുകളൊന്നും ധരിക്കാത്തതിനാൽ ഇവരെല്ലാം എളുപ്പത്തിൽ വീഴുകയും പരിക്കേല്‍ക്കുകയും ചെയ്യും. 

PREV
Read more Articles on
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം