Latest Videos

ലൈസൻസ് തെറിക്കും, ഇൻഷുറൻസും കട്ടപ്പുകയാകും! ആ 'വീരകൃത്യം' ഇനി വേണ്ട മക്കളേന്ന് എംവിഡി!

By Web TeamFirst Published Mar 10, 2024, 3:25 PM IST
Highlights

ഇരുചക്രവാഹനങ്ങളിലെ ട്രിപ്പിളടിക്ക്, ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുന്നത് അടക്കമുള്ള കര്‍ശന നടപടികളുമായി മോട്ടോര്‍ വാഹന വകുപ്പ്. 

ടൂവീലറിൽ ട്രിപ്പിളടി പലരും പതിവാണ് ഇക്കാലത്തും. എന്നാൽ ഇനി ട്രിപ്പിളടിക്കാന്‍ നില്‍ക്കേണ്ട. കാരണം ഇതിനെതിരേ നടപടി ശക്തമാക്കാന്‍ ഒരുങ്ങുകയാണ് മോട്ടോ‍ർ വാഹനവകുപ്പ്. നഗരപ്രദേശങ്ങളിലും തിരക്കേറിയ സ്ഥലങ്ങളിലുമാണ് ഇത്തരം പ്രവണത കൂടുതലായി കണ്ടുവരുന്നത്. നിയമപരമായി അനുവദനീയമല്ലാത്ത ഈ ‘ട്രിപ്പിള്‍ റൈഡിങ്’ നടത്തുന്നവരില്‍ ഭൂരിപക്ഷവും ചെറുപ്പക്കാരാണ്. അവര്‍ക്കുമാത്രമല്ല, കാല്‍നടയാത്രക്കാര്‍ക്കും മറ്റു വാഹനയാത്രികര്‍ക്കും ഇത് അപകടവുമുണ്ടാക്കാന്‍ കാരണമാകുന്നു. ഇത്തരത്തില്‍ യാത്രചെയ്യുന്ന സംഘങ്ങള്‍ യാത്രക്കാരെയും വാഹനങ്ങളെയും ഇടിച്ചിട്ട് കടന്നുകളയുന്ന സംഭവങ്ങളും വര്‍ധിച്ചുവരുന്നുണ്ട്.

ഇരുചക്രവാഹനങ്ങളില്‍ രണ്ടില്‍ കൂടുതല്‍ പേര്‍ യാത്ര ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍, ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുന്നത് അടക്കമുള്ള കര്‍ശന നടപടികളുമായി എത്തിയിരിക്കുകയാണ് മോട്ടോ‍ർവാഹനവകുപ്പ്. കർശന നിയമനടപടി നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പുമായിട്ടാണ് മോട്ടോര്‍ വാഹന വകുപ്പ് എത്തിയിരിക്കുന്നത്.

ഇരുചക്രവാഹനങ്ങളില്‍ ഡ്രൈവര്‍ക്കൊപ്പം ഒരാളെ മാത്രമേ നിയമപരമായി അനുവദിച്ചിട്ടുള്ളു. പക്ഷെ വാഹനത്തില്‍ മൂന്നുപേര്‍ കയറിയ ട്രിപ്പിള്‍ റൈഡിംഗ് സര്‍ക്കസ് നിത്യകാഴ്ചയാണ്. ഇത് അത്യന്തം അപകടകരമാണ്. അടിയന്തിരഘട്ടത്തില്‍ കൈത്താങ്ങ് ആകേണ്ട ഇന്‍ഷുറന്‍സ് പരിരക്ഷ നിഷേധിക്കപ്പെടാനും ഇത് കാരണമാകാമെന്ന് എംവിഡി വ്യക്തമാക്കി. 

എംവിഡിയുടെ മുന്നറിയിപ്പിന്‍റെ പൂർണരൂപം
ട്രിപ്പിൾ ട്രിപ്പ് ട്രബിളാണ് ചങ്ങായി. ഇരുചക്രവാഹനങ്ങളിൽ ഓടിക്കുന്ന വ്യക്തി തന്നെ ഒട്ടും സുരക്ഷിതനല്ല. നമ്മുടെ പ്രത്യേക സാഹചര്യത്തിൽ ഇരുചക്രവാഹനങ്ങളിൽ ഡ്രൈവർക്കൊപ്പം പരമാവധി ഒരു റൈഡറെക്കൂടി മാത്രമേ നിയമപരമായി അനുവദിച്ചിട്ടുള്ളു. പക്ഷെ ഈ രണ്ട് സീറ്റ് വാഹനത്തിൽ മൂന്നുപേർ കയറിയ ട്രിപ്പിൾ റൈഡിംഗ് സർക്കസ് അഥവാ സാഹസം നമ്മുടെ റോഡുകളിലെ ഒരു നിത്യകാഴ്ചയാണ്. ചിലപ്പോഴൊക്കെ അതിൽ കൂടുതലും കാണാറുണ്ട്.

ഈ നിരോധിതശീലം അത്യന്തം അപകടകരമാണ്. അടിയന്തിരഘട്ടത്തിൽ കൈത്താങ്ങ് ആകേണ്ട ഇൻഷുറൻസ് പരിരക്ഷ നിഷേധിക്കപ്പെടാനും കാരണമാകാം. അതിനാൽ തന്നെ ഈ  'വീരകൃത്യം' ശിക്ഷാർഹവുമാണ്.  ഇത്തരത്തിൽ 2 ൽ കൂടുതൽ പേർ ഒരു ഇരുചക്രവാഹനത്തിൽ യാത്ര ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടാൽ, ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടേയുള്ള കർശന നടപടികൾ നേരിടേണ്ടിവരും. ട്രിപ്പിൾ ട്രിപ്പുകൾ ഒരു പക്ഷെ നിയമനടപടികൾ നേരിടാൻ പോലും അവശേഷിക്കാതെയാകും അവസാനിക്കുക. ദയവായി ഇരുചക്ര വാഹനങ്ങളിൽ ഒരു തരത്തിലുമുള്ള സാഹസങ്ങൾക്ക് മുതിരാതിരിക്കുക.

youtubevideo

click me!