കേരള പൊലീസിന്റെ പുതിയ സാരഥി: 46 പോലീസ് സ്റ്റേഷനുകള്‍ക്ക് 'ഫോഴ്‌സ് ഗുർഖ'

Published : Feb 11, 2022, 02:58 PM ISTUpdated : Feb 11, 2022, 04:00 PM IST
കേരള പൊലീസിന്റെ പുതിയ സാരഥി: 46 പോലീസ് സ്റ്റേഷനുകള്‍ക്ക് 'ഫോഴ്‌സ് ഗുർഖ'

Synopsis

എല്ലാ വാഹനങ്ങൾക്കുമായി എത്ര കോടി രൂപ ചെലവായെന്ന വിശദമായ കണക്ക് പുറത്തുവന്നിട്ടില്ല

തിരുവനന്തപുരം: ദുർഘട പാതകളിൽ അനായാസം സഞ്ചരിക്കാൻ സാധിക്കുന്ന ഫോഴ്സ് കമ്പനിയുടെ ഗുർഖ ജീപ്പുകൾ കേരള പൊലീസ് വാങ്ങി. 46 പൊലീസ് സ്റ്റേഷനുകൾക്ക് വാഹനങ്ങൾ കൈമാറി. ദുർഘട പ്രദേശങ്ങളിൽ യാത്ര ചെയ്യുന്നതിന് സഹായകരമാകുന്നതാണ് വാഹനമെന്ന് എഡിജിപി മനോജ് എബ്രഹാം വ്യക്തമാക്കി.

പൊലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ എഡിജിപി മനോജ് എബ്രഹാം, ഫോഴ്സ് കമ്പനി പ്രതിനിധികളിൽ നിന്ന് വാഹനങ്ങൾ ഏറ്റുവാങ്ങി. സമുദ്രനിരപ്പിൽ നിന്ന് വളരെ ഉയർന്ന പ്രദേശങ്ങളിലേക്കും നക്സൽ ബാധിത മേഖലകളിലേക്കുമായാണ് വാഹനങ്ങൾ കൈമാറിയിരിക്കുന്നത്. ഫോര്‍വീല്‍ ഡ്രൈവ് വാഹനത്തില്‍ ആറ് പേര്‍ക്ക് സഞ്ചരിക്കാം. സ്റ്റേറ്റ് പ്ലാന്‍, പോലീസ് നവീകരണ പദ്ധതി എന്നിവ പ്രകാരമുള്ള ഫണ്ട് ഉപയോഗിച്ചാണ് വാഹനങ്ങള്‍ വാങ്ങിയത്. ഒരു വാഹനത്തിന് 13.25 ലക്ഷം രൂപയാണ് വില. എല്ലാ വാഹനങ്ങൾക്കുമായി എത്ര കോടി രൂപ ചെലവായെന്ന വിശദമായ കണക്ക് പുറത്തുവന്നിട്ടില്ല.

എന്താണ് ഫോഴ്‍സ് ഗൂര്‍ഖ?

അതേസമയം ഫോഴ്‌സ് ഗൂര്‍ഖയെപ്പറ്റി പറയകയാണെങ്കില്‍, ഫോഴ്‍സ് മോട്ടോഴ്‌സിന്റെ പരുക്കൻ എസ്‌യുവിയായ ഗൂർഖ അതിന്റെ ഓഫ്-റോഡിംഗ് കഴിവുകൾക്ക് ശ്രദ്ധേയമായ മോഡലാണ്. 2021 സെപ്റ്റംബറില്‍ ആണ് ഫോഴ്‍സ് മോട്ടോഴ്‍സ് പുതിയ ഗൂര്‍ഖ എസ്‍യുവിയെ വിപണിയില്‍ അവതരിപ്പിക്കുന്നത്.  രണ്ടാം നിരയിലെ ക്യാപ്റ്റൻ സീറ്റുകൾ, ലോക്കിങ്​ ഡിഫറൻഷ്യലുകളുള്ള ഫോർ-വീൽ ഡ്രൈവ് തുടങ്ങിയ പ്രത്യേകതകൾ വാഹനത്തിനുണ്ട്​.  പുതിയ ഗൂർഖയുടെ ഡിസൈൻ പഴയ മോഡലിന് ഏതാണ്ട്​ സമാനമാണ്. എന്നാൽ വാഹനത്തി​ന്‍റെ മുഴുവൻ ബോഡി ഷെല്ലും മാറിയിട്ടുണ്ട്​. മഹീന്ദ്ര ഥാർ രൂപകൽപനയുടെ ആധാരം ജീപ്പ് റാംഗ്ലറാണെങ്കിൽ ഫോഴ്സ് മോട്ടോഴ്സ് ഗൂർഖയെ സൃഷ്ടിച്ചത് മെഴ്സിഡീസ് ജി വാഗനാണ്. പുതിയ ഗ്രിൽ, ബമ്പറുകൾ, ലൈറ്റ് ക്ലസ്റ്ററുകൾ, പിൻ യാത്രക്കാർക്കുള്ള വലിയ വിൻഡോ എന്നിവ മാറ്റങ്ങളിൽ ഉൾപ്പെടുന്നു. പനോരമിക് വിൻഡോ എന്ന്​ കമ്പനി വിളിക്കുന്ന വലിയ ഗ്ലാസ്​ ഏരിയ പിന്നിലെ ദൃശ്യപരതയെ സഹായിക്കുന്നുണ്ട്​. പുതിയ ഡാഷ്‌ബോർഡ്, ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻറ്​ സിസ്റ്റം, മുൻവശത്തുള്ള രണ്ടാം നിര ക്യാപ്റ്റൻ സീറ്റുകൾ എന്നിവയാണ്​ ശ്രദ്ധേയമായ കാബിൻ മാറ്റങ്ങൾ.

നേരത്തേ ഉണ്ടായിരുന്ന ഡ്യുവൽ-ടോൺ ക്യാബിനിൽ നിന്ന് സിംഗിൾ ടോൺ ഡാർക്​ ഗ്രേയിലേക്ക് മാറിയിട്ടുണ്ട്​. ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവ ടച്ച്​ സ്​ക്രീനിൽ നൽകിയിട്ടുണ്ട്​. ബ്ലൂടൂത്​ വഴി ഫോൺ കോളുകൾ എടുക്കാനുമാകും. ടിൽറ്റ്, ടെലിസ്കോപിക് അഡ്​ജസ്റ്റ്മെൻറുള്ള സ്റ്റിയറിങ്​, പിൻ സീറ്റുകൾക്കുള്ള വ്യക്തിഗത ആം റെസ്​റ്റുകൾ, നാല് യാത്രക്കാർക്കും യുഎസ്ബി ചാർജിങ്​ സോക്കറ്റുകൾ, പവർ വിൻഡോകൾ, സെൻട്രൽ ലോക്കിങ്​, എയർ കണ്ടീഷനിങ്​, ഡിആർഎല്ലുകളുള്ള എൽഇഡി ഹെഡ് ലാമ്പുകൾ, ഫോഗ് ലാമ്പുകൾ, കോർണർ ലാമ്പുകൾ എന്നിവയാണ് മറ്റ് സവിശേഷതകൾ.

പഴയ മോഡലിനെക്കാൾ 22 മി.മി. നീളവും 20 മി.മി. ഉയരവുമുണ്ട്. മുൻ ഓവർഹാങ് 13 സെ.മി. കൂടിയത് പുതിയ സുരക്ഷാനിയമങ്ങൾക്കനുസരിച്ച് ബമ്പറും മറ്റും പരിഷ്കരിക്കാനാണ്. വീൽ ബേസ് 2400 മില്ലീമിറ്റര്‍ എന്ന പഴയ തന്നെ. മനോഹരമായ നാലു ക്യാപ്റ്റൻ സീറ്റുകൾ ഉണ്ട്. ഡാഷ് ബോർഡ് ആധുനിക ഓഫ് റോഡ് എസ്‌യുവികൾക്ക് ഇണങ്ങുന്ന തരം. നല്ല സ്റ്റിയറിങ്. ടച്ച് സ്ക്രീൻ സ്റ്റീരിയോ. മികച്ച എസി. കാറുകളോടു കിട പിടിക്കും ഉൾവശം. ക്യാപ്റ്റൻ സീറ്റുകളുടെ സുഖവും കുറച്ചുകൂടി മെച്ചപ്പെട്ട യാത്രയും പ്രതീക്ഷിക്കാം.

സാക്ഷാല്‍ ബെന്‍സിന്‍റെതാണ് വാഹനത്തിന്‍റെ എൻജിനും ഗീയർബോക്സും. ബിഎസ്6​ നിയന്ത്രണങ്ങൾ പാലിക്കുന്നതിന്​ കമ്പനി പഴയ 2.6 ലിറ്റർ ഡീസൽ എഞ്ചിൻ നവീകരിച്ചു. ഈ എഞ്ചിന്‍ 91hp ഉം 250Nm ടോർക്കും സൃഷ്‍ടിക്കും. അഞ്ച്​ സ്​പീഡ് മാനുവൽ ഗിയർബോക്​സാണ് ട്രാന്‍സ്‍മിഷന്‍. പഴയ ഗൂർഖ എക്‌സ്ട്രീമിന്റെ 140 എച്ച്പി 2.2 ലിറ്റർ ഡീസൽ എഞ്ചിൻ ഇനി ഉണ്ടാവില്ല.  സ്വതന്ത്ര ഡബിൾ വിഷ്ബോണുകളും മുൻവശത്ത് മൾട്ടിലിങ്ക് സെറ്റപ്പും ഉള്ള സസ്പെൻഷൻ സെറ്റപ്പും മാറ്റമില്ലാതെ തുടരുന്നു.

ഫൈവ് ഡോര്‍ ഗൂര്‍ഖ

നിലവിൽ ത്രീ-ഡോർ പതിപ്പിൽ ആണ് വാഹനം ലഭ്യമാകുന്നത്. അതുകൊണ്ട് തന്നെ വാഹനത്തിന്‍റെ വിൽപ്പനയ്ക്ക് വെല്ലുവിളി ഏറെയുണ്ട്. അതിന്റെ എതിരാളിയായ മഹീന്ദ്ര ഈ വർഷാവസാനം അഞ്ച് വാതിലുകളുള്ള ഥാർ ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുമ്പോൾ, ഫോഴ്‌സ് മോട്ടോഴ്‌സ് പിന്നിലാകാൻ ആഗ്രഹിക്കുന്നില്ല. അതുകൊണ്ടു തന്നെയാവണം ഗൂര്‍ഖയുടെ അഞ്ച് ഡോര്‍ പതിപ്പിന്‍റെ പരീക്ഷണത്തിലാണ് കമ്പനി എന്ന് അടുത്തിടെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഗൂർഖയുടെ അഞ്ച് വാതിലുകളുള്ള പതിപ്പ് രാജ്യത്ത് പരീക്ഷിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതായി റഷ് ലൈനിനെ ഉദ്ദരിച്ച് കാര്‍ വെയ്‍ല്‍ ആണ് അടുത്തിടെ റിപ്പോര്‍ട്ട് ചെയ്‍തത്

PREV
Read more Articles on
click me!

Recommended Stories

2.70 കോടി രൂപയുടെ ആഡംബര കാർ വാങ്ങി ബോളിവുഡ് താരം വിക്കി കൗശൽ
കുട്ടിയുമായി റോഡിലെ ആ നടത്തം; കേരളാ പൊലീസ് ചോദിക്കുന്നു, ശരിയായ രീതി ഏത്?