മിനിട്ടുകളുടെ ഗ്യാപ്പ് ഇനി കുഴക്കില്ല, ബസ് സമയപ്പട്ടിക ഡിജിറ്റലാക്കുന്നു!

By Web TeamFirst Published Dec 22, 2020, 3:22 PM IST
Highlights

സംസ്ഥാനത്തെ മുഴുവന്‍ സ്വകാര്യ ബസുകളുടെയും സമയപ്പട്ടിക ഡിജിറ്റലൈസ് ചെയ്യാന്‍ മോട്ടോര്‍ വാഹനവകുപ്പ് 

തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ സ്വകാര്യ ബസുകളുടെയും സമയപ്പട്ടിക ഡിജിറ്റലൈസ് ചെയ്യാന്‍ മോട്ടോര്‍ വാഹനവകുപ്പ് തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. സിഡിറ്റിന്റെ സഹായത്തോടെയാണ് സമയപ്പട്ടിക ഡിജിറ്റലൈസ് ചെയ്യുന്നതെന്നും ഇതിനുള്ള നടപടികള്‍ അടുത്തമാസം തുടങ്ങുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

ചില റൂട്ടുകളില്‍ ഒന്നോ രണ്ടോ മിനുട്ടിന്റെ വ്യത്യാസത്തില്‍ വരെ ചില നേരങ്ങളില്‍ ബസ് സര്‍വീസുകളുണ്ട്. അതുകൊണ്ടുതന്നെ പുതിയ പെര്‍മിറ്റ് അനുവദിക്കുന്നതും സമയപ്പട്ടിക പുനഃക്രമീകരിക്കുന്നതും പ്രയാസകരമാണ്. ഇക്കാരണങ്ങളാല്‍ ബസുകള്‍ക്ക് പുതിയ പെര്‍മിറ്റ് അനുവദിക്കുമ്പോഴാണ് സമയപ്പട്ടിക ഡിജിറ്റലൈസസ് ചെയ്യുന്നതിന്റെ ഗുണം പ്രധാനമായും ലഭിക്കുക. 

സമയപ്പട്ടിക ഡിജിറ്റലൈസ് ചെയ്യുന്നതോടെ ഏതൊക്കെ സമയത്ത് പുതിയ പെര്‍മിറ്റ് അനുവദിക്കാനാകുമെന്ന് എളുപ്പത്തില്‍ കണ്ടെത്താം. മോട്ടോര്‍ വാഹനവകുപ്പ് ഓഫീസുകള്‍ ഇ-ഓഫീസ് സംവിധാനത്തിലേക്ക് പൂര്‍ണമായി മാറുന്നതിന്റെ ഭാഗമായിട്ടുകൂടിയാണ് ഈ നടപടി എന്നാണ് റിപ്പോര്‍ട്ടുകള്‍. 

സമയപ്പട്ടിക പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കണോയെന്ന കാര്യം വ്യക്തമല്ല. ഇക്കാര്യത്തില്‍ മോട്ടോര്‍വാഹന വകുപ്പ് ഡയറക്ടര്‍ ബോര്‍ഡാണ് തീരുമാനമെടുക്കേണ്ടതെന്നാണ് അധികൃതര്‍ പറയുന്നത്. നിലവില്‍ സംസ്ഥാനത്താകെ 14,000 സ്വകാര്യ ബസുകളാണുള്ളത്. സമയപ്പട്ടികയെ ജി.പി.എസ്. സംവിധാനവുമായി ബന്ധിപ്പിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

click me!