കൂടുതല്‍ ഓക്സിജൻ ട്രക്കുകൾക്കായി സംസ്ഥാനം, വരുന്നൂ യുഎഇയിൽ നിന്നും കണ്ടെയിനറുകളും

By Web TeamFirst Published May 10, 2021, 9:09 AM IST
Highlights

കൂടുതല്‍ ഓക്സിജൻ ട്രക്കുകൾ എത്തിക്കാൻ സര്‍ക്കാര്‍ ശ്രമം തുടങ്ങി. യുഎഇയിൽ നിന്നും കണ്ടെയിനറുകൾ എത്തിക്കാന്‍ ശ്രമം 

മെഡിക്കൽ ഓക്സിജന്റെ നീക്കം സുഗമമാക്കാൻ കൂടുതൽ നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍. കൂടുതല്‍ ഓക്സിജൻ ട്രക്കുകൾ എത്തിക്കാൻ സര്‍ക്കാര്‍ ശ്രമം തുടങ്ങിയതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. യുഎഇയിൽ നിന്നും കണ്ടെയിനറുകൾ എത്തിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും എൽഎൻജി ട്രക്കുകൾ ഓക്സിജൻ ട്രക്കുകളാക്കി മാറ്റാനും ശ്രമിക്കുകയാണെന്നും മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.  

ഇപ്പോൾ സംസ്ഥാനത്താകെ ഇത്തരം 12 വലിയ ട്രക്കുകളാണ് ഓടുന്നതെന്നും എന്നാല്‍ 15 എണ്ണമെങ്കിലും കൂടുതലായി ഉടന്‍ വേണം എന്നുമാണ് റിപ്പോര്‍ട്ടുകള്‍. പാലക്കാട്ടുനിന്ന് എത്തിക്കാൻ രണ്ടു വലിയ ട്രക്കുകളും നിറയ്ക്കൽ കേന്ദ്രങ്ങളിൽനിന്ന് ആശുപത്രികളിലെത്തിക്കാൻ മൂന്നെണ്ണവും ഉള്‍പ്പെടെയാണിത്. സംസ്ഥാനത്തെ പ്രധാന ഓക്സിജൻ ഉത്പാദകരായ പാലക്കാട്ടെ ഐനോക്സുമായി കരാറുള്ള ട്രക്കുകളും സംസ്ഥാനത്തെമ്പാടുമുള്ള ഓക്സിജൻ നിറയ്ക്കൽ കേന്ദ്രങ്ങളിലെ ട്രക്കുകളുമാണ് നിലവില്‍ സര്‍വ്വീസ് നടത്തുന്നത്. ഇപ്പോഴത്തെ സ്ഥിതിയിൽ ഓരോ ജില്ലയിലും 4-5 ട്രക്കുകൾ വീതമെങ്കിലും വേണമെന്നാണ് റിപ്പോര്‍ട്ടുകള്‍.  

ഈ സാഹചര്യത്തിലാണ്  യുഎഇയിൽ നിന്നും കണ്ടെയിനറുകൾ എത്തിക്കാനുള്ള ശ്രമം ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ നടപടികള്‍ പുരോഗമിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!