വണ്ടി ഇഷ്‍ടമായില്ലെങ്കില്‍ തിരിച്ചെടുക്കും, കിടിലന്‍ ഓഫറുമായി ഒരു കമ്പനി!

By Web TeamFirst Published May 29, 2021, 7:23 PM IST
Highlights

വാഹനം വാങ്ങിയതിനു ശേഷം ഇഷ്‍ടമായില്ലെങ്കില്‍ കമ്പനി തന്നെ ആ വാഹനം തിരികെയെടുക്കുന്ന പദ്ധതി

ഇന്ത്യൻ വാഹന വിപണിയിൽ ഇതുവരെ ആരും പ്രഖ്യാപിക്കാതെ ഓഫറുമായി ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കളായ കിയ. വാഹനം വാങ്ങിയതിനു ശേഷം ഇഷ്‍ടമായില്ലെങ്കില്‍ കമ്പനി തന്നെ ആ വാഹനം തിരികെയെടുക്കുന്നതാണ് പദ്ധതിയെന്നും കാർണിവൽ എംപിവിയ്ക്കായിട്ടാണ് കിയ ഈ വേറിട്ട ഓഫര്‍ ഒരുക്കിയിരിക്കുന്നതെന്ന് റഷ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കാർണിവൽ വാങ്ങിയതിന് ശേഷം ഉടമയ്ക്ക് ഇഷ്ടപ്പെട്ടില്ല എങ്കിൽ കമ്പനി തന്നെ തിരികെ ആ വാഹനം വാങ്ങിക്കും. കാർണിവൽ വാങ്ങാൻ മുടക്കിയതിന്റെ 95 ശതമാനവും തിരികെ കിട്ടുമെന്നാണ് റിപ്പോർട്ട്.

സാറ്റിസ്‍ഫാക്ഷൻ ഗ്യാരണ്ടി സ്കീം എന്ന് പുത്തൻ ഓഫറാണ് ഇത്. ഇതിൽ ചില നിബന്ധനകളുമുണ്ട്. വാഹനത്തിന്റെ എക്സ്-ഷോറൂം വില, രജിസ്ട്രേഷനായുള്ള ചെലവുകൾ എന്നിവ ഉൾപ്പെടെ ഓൺറോഡ് വിലയുടെ 95 ശതമാനം ആണ് ഈ ഓഫറിന്റെ ഭാഗമായി തിരികെ നൽകുക എന്ന് കിയ വ്യക്തമാക്കുന്നു. വാഹനത്തിന് തട്ടലോ, മുട്ടലോ ഉണ്ടാവാൻ പാടില്ല അതുപോലെ കാർ‌ണിവൽ‌ വാങ്ങിയ തീയതി മുതൽ‌ തിരികെ നൽകുമ്പോൾ 1,500 കിലോമീറ്ററിലധികം സഞ്ചരിച്ചിരിക്കാൻ പാടില്ല. വായ്‍പയിൽ വാങ്ങിച്ചിരിക്കുന്ന വാഹനം ആണെങ്കിൽ ഫൈനാൻസിയറിൽ നിന്നും എൻഒസി സമർപ്പിക്കണം. വാഹനവുമായി ബന്ധപ്പെട്ട രേഖകൾ എല്ലാം കൃത്യമായിരിക്കണമെന്നാണ് റിപ്പോർട്ട്.
 
ഫെബ്രുവരിയിൽ നടന്ന 2020 ദില്ലി ഓട്ടോ എക്‌സ്‌പോയിലാണ് ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ കിയ മോട്ടോർസ് ഇന്ത്യയിലെ തങ്ങളുടെ രണ്ടാമത്തെ ഉൽപ്പന്നമായ പ്രീമിയം കാർണിവൽ എംപിവിയെ പുറത്തിറക്കിയത്. വിപണിയില്‍ മികച്ച പ്രതികരണവുമായി മുന്നേറുന്ന വാഹനത്തിന്‍റെ  പുതിയ തലമുറയെ 2020 ഓഗസ്റ്റില്‍ കമ്പനി വെളിപ്പെടുത്തിയിരുന്നു. 24.95 ലക്ഷം മുതൽ 33.95 ലക്ഷം വരെയാണ് വാഹനത്തിന്‍റെ എക്‌സ്-ഷോറൂം വില. പ്രീമിയം, പ്രസ്റ്റീജ്, ലിമോസിൻ എന്നിങ്ങനെ മൂന്നു പതിപ്പുകളിലാണ് വാഹനം എത്തുന്നത്. 

വെളുപ്പ്, സിൽവർ, കറുപ്പ് എന്നിങ്ങനെ മൂന്ന് നിറങ്ങളിലാണ് കാർണിവൽ ലഭ്യമാവുക. കാർണിവലിന് 7, 8, 9 എന്നിങ്ങനെ മൂന്ന് സീറ്റിംഗ് ഓപ്‌ഷനുകളാണ് കിയ നൽകിയിരിക്കുന്നത്. BS6 മലിനീകരണ നിയന്ത്രണങ്ങൾ പാലിക്കുന്ന 2.2-ലിറ്റർ നാല്-സിലിണ്ടർ CRDi ടർബോ-ഡീസൽ എഞ്ചിൻ ആണ് കാർണിവലിന്‍റെ ഹൃദയം. 200 എച്ച്പി പവറും, 440 എൻഎം ടോർക്കും ഇത് ഉത്പാദിപ്പിക്കുന്നു. 8-സ്പീഡ് സ്പോർട്സ്മാറ്റിക് ഓട്ടോമാറ്റിക്കാണ് ട്രാൻസ്‍മിഷന്‍. 

അതേസമയം അടുത്തിടെ ഓസ്‌ട്രേലിയന്‍ എന്‍ ക്യാപ് ക്രാഷ് ടെസ്റ്റില്‍ കിയ കാര്‍ണിവല്‍ ഫൈവ് സ്റ്റാര്‍ റേറ്റിങ്ങ് നേടി സുരക്ഷയില്‍ മികവ് തെളിയിച്ചിരുന്നു. കാര്‍ണിവലിന്റെ എട്ട് സീറ്റര്‍ പതിപ്പാണ് ഓസ്‌ട്രേലിയന്‍ എന്‍ ക്യാപ് ഇടിപരീക്ഷയില്‍ വിജയിച്ചത്. യാത്രക്കാര്‍ക്ക് സുരക്ഷയൊരുക്കുന്നതിലും കൊളീഷന്‍ അവോയിഡന്‍സ് അസസ്‌മെന്റിലും മികച്ച മാര്‍ക്കാണ് ഈ എംപിവി സ്വന്തമാക്കിയത്. വാഹനത്തില്‍ നല്‍കിയിട്ടുള്ള സുരക്ഷ ഫീച്ചറുകളുടെയും മറ്റും മികവാണ് കാര്‍ണിവലിന് സുരക്ഷിത എംപിവി എന്ന അംഗീകാരത്തിന് അര്‍ഹമാക്കിയത്. 

മുതിര്‍ന്ന യാത്രക്കാര്‍ക്കും കുട്ടികള്‍ക്കുമുള്ള സുരക്ഷയില്‍ മികച്ച സ്‌കോറാണ് കാര്‍ണിവലിന് ലഭിച്ചത്. സൈഡ് ഇംപാക്ട് ടെസ്റ്റിലും ഈ എം.പി.വിക്ക് തിളങ്ങാനായി. ഫ്രണ്ടല്‍ ഇംപാക്ട് ടെസ്റ്റും വശങ്ങളില്‍ നിന്ന് ഉണ്ടായേക്കാവുന്ന ആഘാതങ്ങലും കാര്‍ണിവലിന് വെല്ലുവിളി ഉയര്‍ത്തിയിട്ടില്ലെന്നാണ് ഓസ്‌ട്രേലിയന്‍ എന്‍ ക്യാപ് അധികൃതര്‍ അഭിപ്രായപ്പെടുന്നത്. 

വാഹനത്തിന്റെ കരുത്തിനൊപ്പം ഇതില്‍ നല്‍കിയിട്ടുള്ള ഐ.എസ്.ഒ. ഫിക്‌സ് ആങ്കറുകള്‍, ഓട്ടോണമസ് എമര്‍ജന്‍സി ബ്രേക്കിങ്ങ് സംവിധാനം, ആക്ടീവ് ലെയ്ന്‍ കീപ്പിങ്ങ്, ഹെഡ്-പ്രൊട്ടക്ടിങ്ങ് എയര്‍ബാഗുകള്‍, ഇന്റലിജെന്റ് സീറ്റ് ബെല്‍റ്റ് റിമൈന്‍ഡറുകള്‍ തുടങ്ങിയ ആധുനിക സുരക്ഷ സംവിധാനങ്ങള്‍ കാര്‍ണിവലില്‍ മികച്ച സുരക്ഷ പ്രധാനം ചെയ്യുന്നുണ്ടെന്നാണ് വിലയിരുത്തലുകള്‍.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 


 

click me!