
കിയ ഇന്ത്യ ഉപഭോക്താക്കൾക്ക് വലിയൊരു ആശ്വാസം നൽകിയിരിക്കുകയാണ്. അടുത്തിടെ നടപ്പിലാക്കിയ ജിഎസ്‍ടി നിരക്ക് കുറയ്ക്കലിന്റെ മുഴുവൻ ആനുകൂല്യവും ഇപ്പോൾ ഉപഭോക്താക്കൾക്ക് ലഭിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചു. യാത്രാ വാഹനങ്ങൾക്ക് ജിഎസ്ടി കുറച്ചുകൊണ്ട് കേന്ദ്ര സർക്കാർ എടുത്ത വലിയ തീരുമാനത്തിന് ശേഷമാണ് ഈ നടപടി. 2025 സെപ്റ്റംബർ 22 മുതൽ പുതിയ വിലകൾ പ്രാബല്യത്തിൽ വരും. ഈ പ്രഖ്യാപനത്തിനുശേഷം കിയ കാറുകൾക്ക് 4,48,552 രൂപ വരെ വില കുറയും. മോഡൽ തിരിച്ചുള്ള വിലക്കുറവിനെക്കുറിച്ച് വിശദമായി അറിയാം.
ഈ വിലക്കുറവിന് ശേഷം കിയ സോണറ്റിന്റെ വില 1,64,471 രൂപ കുറഞ്ഞു. ഇതിനുപുറമെ, കിയ സൈറോസിന്റെ വില 1,86,003 രൂപ കുറഞ്ഞു. അതേസമയം, ഈ പരിഷ്‍കാരത്തിന് ശേഷം കിയ സെൽറ്റോസിന്റെ വില 75,372 രൂപ കുറഞ്ഞു. കമ്പനിയുടെ ജനപ്രിയ എംപിവി കിയ കാരെൻസിന്റെ വില 48,513 രൂപ കുറഞ്ഞു. അതേസമയം കിയ കാരെൻസ് ക്ലാവിസിന് 78,674 രൂപ കുറഞ്ഞു. കിയ കാർണിവലിന്റെ വിലയിലാണ് ഏറ്റവും കൂടുതൽ കുറവ്. കിയ കാർണിവലിന് 4,48,542 രൂപ കുറഞ്ഞു.
സർക്കാരിന്റെ ഈ നടപടി ശരിയായ സമയത്താണ് സ്വീകരിച്ചത് എന്ന് ഈ അവസരത്തിൽ, കിയ ഇന്ത്യ എംഡിയും സിഇഒയുമായ ഗ്വാങ്‌ഗു ലീ പറഞ്ഞു. ഇത് ആളുകൾക്ക് കാർ വാങ്ങുന്നത് എളുപ്പമാക്കും. ജിഎസ്ടി കുറയ്ക്കലിന്റെ മുഴുവൻ ആനുകൂല്യവും കമ്പനി ഉപഭോക്താക്കൾക്ക് കൈമാറുമെന്നും അതുവഴി കാറുകൾ കൂടുതൽ താങ്ങാനാവുന്നതും എളുപ്പത്തിൽ ലഭ്യമാകുന്നതുമാകുമെന്നും അദ്ദേഹം പറഞ്ഞു. ഈ നികുതി പരിഷ്കരണം ഓട്ടോ വ്യവസായത്തെയും ശക്തിപ്പെടുത്തുമെന്നും വരുന്ന ഉത്സവ സീസണിൽ കാറുകളുടെ ആവശ്യം വർദ്ധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം കിയയിൽ നിന്നുള്ള മറ്റ് വാർത്തകളിൽ ഹൈബ്രിഡ് പവർട്രെയിനോടുകൂടിയ രണ്ടാം തലമുറ കിയ സെൽറ്റോസ് 2027-ൽ പുതുതലമുറ ഹ്യുണ്ടായി ക്രെറ്റയ്‌ക്കൊപ്പം എത്തും എന്നാണ് റിപ്പോർട്ടുകൾ. ഹൈബ്രിഡ് സെൽറ്റോസിനായി കിയ തങ്ങളുടെ 1.5 ലിറ്റർ, 4 സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ വൈദ്യുതീകരിക്കും. ക്രെറ്റ ഹൈബ്രിഡിനും ഇതേ പവർട്രെയിൻ ഉപയോഗിക്കും. പുതിയ ഹൈബ്രിഡ് എഞ്ചിൻ ഉയർന്ന വകഭേദങ്ങൾക്കായി നീക്കിവയ്ക്കുമ്പോൾ, താഴ്ന്ന, മിഡ്‌ലെവൽ വകഭേദങ്ങൾ നിലവിലുള്ള 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.5 ലിറ്റർ ടർബോ പെട്രോൾ, 1.5 ലിറ്റർ ടർബോ ഡീസൽ എഞ്ചിനുകൾ തുടരുമെന്ന് പ്രതീക്ഷിക്കുന്നു.