രണ്ടേരണ്ടുവര്‍ഷം, കിയ ഇന്ത്യയില്‍ വിറ്റത് മൂന്നുലക്ഷം വണ്ടികള്‍, അമ്പരന്ന് വാഹനലോകം!

By Web TeamFirst Published Aug 7, 2021, 4:44 PM IST
Highlights

വെറും രണ്ട്​ വർഷംകൊണ്ട്​ മൂന്ന്​ ലക്ഷം വാഹനങ്ങൾ എന്ന ചരിത്ര നേട്ടം സ്വന്തമാക്കി കിയ

2019 ഓഗസ്റ്റ് 22നാണ് സെല്‍റ്റോസുമായി ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ കിയ മോട്ടോഴ്‍സ് ഇന്ത്യൻ വിപണിയിലേക്ക് കടന്നുവരുന്നത്. ഇപ്പോഴിതാ വിൽപ്പന കണക്കിൽ സുപ്രധാന നാഴികക്കല്ല്​ പിന്നിട്ടിരിക്കുകയാണ് കിയ.  വെറും രണ്ട്​ വർഷംകൊണ്ട്​ മൂന്ന്​ ലക്ഷം വാഹനങ്ങൾ എന്ന ചരിത്ര നേട്ടം കിയ ഇന്ത്യ സ്വന്തമാക്കിയതായി ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു . 

2020 ജൂലൈയിൽ ഒരു ലക്ഷം നാഴികക്കല്ല്​ കിയ പിന്നിട്ടിരുന്നു. 2021 ജനുവരിയിൽ രണ്ട്​ ലക്ഷവും 2021 ഓഗസ്റ്റിൽ മൂന്ന്​ ലക്ഷവും വാഹനങ്ങൾ വിൽക്കാൻ കിയക്ക് സാധിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു ലക്ഷം കാർ വിൽക്കാൻ ഒരു വർഷം വേണ്ടിവന്ന കിയക്ക്​ അടുത്ത രണ്ട്​ ലക്ഷം വാഹനങ്ങൾ നിരത്തിലെത്തിക്കാൻ വെറും 12 മാസങ്ങൾ മാത്രമാണ്​ വേണ്ടിവന്നത്​.

'കിയ ഇന്ത്യയുടെ പുതിയ നേട്ടം ഉപഭോക്താക്കളിലുള്ള കമ്പനിയുടെ സ്വീകാര്യതയും വിശ്വാസ്യതയുമാണ്​ കാണിക്കുന്നത്​. പരീക്ഷണ സമയങ്ങൾ ഉണ്ടായിരുന്നിട്ടും ഇന്ത്യൻ വിപണിയിൽ ശക്തമായ തിരിച്ചുവരവാണ്​ കിയ നടത്തിയത്​. ഞങ്ങളുടെ വിപുലമായ വിൽപ്പന, ആഫ്റ്റർസെയിൽസ് സേവന ശൃംഖല, എൻഡ്-ടു-എൻഡ് ഡിജിറ്റൈസ്​ഡ്​ സെയിൽസ് പ്രക്രിയ പോലുള്ള മുൻകരുതലുകൾ മികച്ച വിൽപ്പന നേടാൻ ഞങ്ങളെ സഹായിച്ചു'-കിയ ഇന്ത്യ എംഡിയും സിഇഒയുമായ കൂക്യുൻ ഷിം പറഞ്ഞു.

സെൽറ്റോസ്​, സോണറ്റ്, കാർണിവൽ എന്നീ മോഡലുകളാണ്​ കിയ ഇന്ത്യയിൽ വിൽക്കുന്നത്​.  ഇന്ത്യയിലെത്തി ആദ്യ വര്‍ഷം തന്നെ രണ്ട് ലക്ഷം വാഹനങ്ങളാണ് കിയ നിരത്തുകളില്‍ എത്തിച്ചത്. കിയയില്‍നിന്ന് ആദ്യമെത്തിയ മോഡലായ സെല്‍റ്റോസിനാണ് ഈ നേട്ടത്തിന്റെ ഉയര്‍ന്ന പങ്കും. കിയയുടെ മൊത്തവില്‍പ്പനയുടെ 66 ശതമാനവും സെല്‍റ്റോസാണ് സമ്മാനിച്ചിരിക്കുന്നത്. 32 ശതമാനം കോംപാക്ട് എസ്.യു.വിയായ സോണെറ്റിന്റെ സംഭാവനയാണ്. 7310 യൂണിറ്റ് കാര്‍ണിവലാണ് ഇതുവരെ വിറ്റഴിച്ചത്. 

2021-ല്‍ മികച്ച തുടക്കമാണ് ഇന്ത്യയില്‍ കിയ മോട്ടോഴ്‌സിന് ലഭിച്ചിട്ടുള്ളത്. ഈ വര്‍ഷം ഇതുവരെ ഒരു ലക്ഷം വാഹനങ്ങള്‍ നിരത്തുകളില്‍ എത്തിക്കാന്‍ കഴിഞ്ഞെന്നാണ് റിപ്പോര്‍ട്ട്. 2021 ജനുവരി മുതല്‍ ജൂലൈ വരെയുള്ള കണക്ക് അനുസരിച്ചുള്ള റിപ്പോര്‍ട്ടാണിത്. ജൂലൈയില്‍ മാത്രം 15016 യൂണിറ്റാണ് കിയയുടെ വില്‍പ്പന. 7675 യൂണിറ്റിന്റെ വില്‍പ്പനയോടെ സോണറ്റാണ് ജൂലൈയില്‍ തിളങ്ങിയ മോഡല്‍.

കോവിഡിനേയും കടുത്ത സാമ്പത്തിക പ്രതിസന്ധിയേയും നേരിട്ടാണ്​ കിയയുടെ വിജയമെന്നത്​ എടുത്തുപറയേണ്ടതാണ്​. ഹ്യൂണ്ടായുടെ സഹോദര സ്​ഥാപനമായ കിയ തങ്ങളുടെ വ്യക്​തിത്വം നിലനിർത്തിയും മാതൃ കമ്പനിയോട്​ മത്സരിച്ചുമാണ്​ നേട്ടം കൊയ്​തത്​. മികച്ച ഗുണനിലവാരവും ഹ്യൂണ്ടായ്​ സൃഷ്​ടിച്ച വിശ്വാസ്യതയുമാണ്​ കിയക്ക്​ രാജ്യത്ത്​ തുണയായത്​ എന്നാണ് റിപ്പോര്‍ട്ടുകള്‍. 

2021 ഏപ്രിലില്‍ കിയ ഇന്ത്യ തങ്ങളുടെ ബ്രാന്‍ഡ് പുനര്‍ നാമകരണം പ്രഖ്യാപിച്ചിരുന്നു. ഇതോടെ 'കിയ മോട്ടോര്‍സ് ഇന്ത്യ'  'കിയ ഇന്ത്യ'യായി മാറിയിരുന്നു. ദക്ഷിണ കൊറിയക്ക് ശേഷം ബ്രാന്‍ഡ് പുനര്‍ നാമകരണം നടപ്പാക്കുന്ന ആദ്യ രാജ്യമായിരുന്നു ഇന്ത്യ. നവീകരിച്ച ലോഗോയുമായി പരിഷ്‌കരിച്ച സോണറ്റും, സെല്‍റ്റോസും മെയ് മാസം ആദ്യം തന്നെ നിരത്തിലും എത്തിയിരുന്നു. മാത്രമല്ല, ബ്രാന്‍ഡ് പുനര്‍ നാമകരണത്തിനൊപ്പം ലോഗോ നവീകരണവും 'മൂവ്‌മെന്റ് ദാറ്റ് ഇന്‍സ്പയേഴ്‌സ്' എന്ന  പുതിയ ആപ്‍തവാക്യവും കൂടി സ്വീകരിച്ചിട്ടുണ്ട് കിയ. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!