ഇന്നോവ ഇനി വിയര്‍ക്കും, വരൂന്നൂ മോഹവിലയില്‍ ഒരു എതിരാളി!

By Web TeamFirst Published Oct 21, 2019, 12:10 PM IST
Highlights

ഇന്ത്യൻ എംയുവി വിപണിയിലെ രാജാവ് ടൊയോട്ട ഇന്നോവക്ക് ഇരുട്ടടി


ഇന്ത്യന്‍ നിരത്തുകളില്‍ സെല്‍റ്റോസ് എന്ന കന്നിയങ്കക്കാരന്‍റെ മിന്നും വിജയത്തിന്‍റെ ആഹ്ളാദത്തിലാണ് ദക്ഷിണ കൊറിയന്‍ വാഹനനിര്‍മ്മാതാക്കളായ കിയ മോട്ടോഴ്‍സ്. ഈ വിജയത്തെ തുടര്‍ന്ന് കൂടുതല്‍ വാഹനങ്ങളെ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ഹ്യുണ്ടായിയുടെ സഹോദര സ്ഥാപനമായ കിയ. ഇന്ത്യൻ എംയുവി വിപണിയിലെ രാജാവ് ടൊയോട്ട ഇന്നോവയ്ക്ക് ഇരുട്ടടിയുമായിട്ടാണ് കിയ മോട്ടോഴ്‍സിന്‍റെ ഗ്രാൻഡ് കാർണിവൽ വരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ ദില്ലി ഓട്ടോ എക്സ്പോയിൽ കിയ പ്രദർശിപ്പിച്ച 16 മോ‍ഡലുകളിലൊന്നാണ് കാർണിവെൽ. 2020 ഫെബ്രുവരിയില്‍ നടക്കുന്ന ഓട്ടോ എക്‌സ്‌പോയില്‍ കാര്‍ണിവല്‍ എംപിവി കിയ ഔദ്യോഗികമായി പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തുടര്‍ന്ന് വാഹനം 2020ന്‍റെ ആദ്യപാദം വാഹനം ഇന്ത്യന്‍ വിപണിയിലുമെത്തിയേക്കും. 

ഇന്നോവയെക്കാൾ വലിപ്പമുള്ള വാഹനത്തിന് 5115 എംഎം നീളവും 1985 എംഎം വീതിയും 1755 എംഎം പൊക്കവുമുണ്ട്. സെഡോന എന്ന പേരിലാവും വാഹനം എത്തുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്. 200 ബിഎച്ച്പി കരുത്തുള്ള 2.2 ലീറ്റർ ഡീസൽ എൻജിനാണ് വാഹനത്തിന്‍റെ ഹൃദയം.  ഈ എഞ്ചിന്‍ 196 ബിഎച്ച്പി പവറും 441 എന്‍എം ടോര്‍ക്കും സൃഷ്‍ടിക്കും. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് ട്രാന്‍സ്‍മിഷന്‍.  ഡ്യുവൽ സൺറൂഫ്, ത്രീ സോൺ എസി, ട്രാഫിക് അലേർട്ട്, സിസ്റ്റും തുടങ്ങി നിരവധി ഫീച്ചറുകളും വാഹനത്തെ വേറിട്ടതാക്കുന്നു. ഗ്രില്ലിന് ഇരുവശത്തും മൂര്‍ച്ചയേറിയ 'സ്‌മോക്ക്ഡ്' ഹെഡ്‌ലാമ്പുകളെ കാണാം. വശങ്ങളില്‍ അലോയ് വീല്‍ ശൈലിയും എടുത്തുപറയണം.

ഫീച്ചറുകളാല്‍ സമ്പന്നമാണ് കാര്‍ണിവലിന്റെ ഇന്റീരിയര്‍. ചിട്ടയായി നല്‍കിയിരിക്കുന്ന നിരവധി സ്വിച്ചുകളാണ് സെന്റര്‍ കണ്‍സോളിന്റെ പ്രധാന ആകര്‍ഷണം. ഇന്‍ഫോടെയ്‌മെന്റ് സിസ്റ്റം, ടു സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ് വീല്‍ എന്നിവയും ഇതിലുണ്ട്. എട്ട് എയര്‍ബാഗുകള്‍, എബിഎസ്, ഇഎസ്‍സി, ഹില്‍സ്റ്റാര്‍ട്ട് അസിസ്റ്റ് കണ്‍ട്രോള്‍, റിവേഴ്സ് പാര്‍ക്കിങ് സെന്‍സര്‍, ക്യാമറ, ഫ്രണ്ട് പാര്‍ക്കിങ് സെന്‍സറുകള്‍, ലെയിൻ ഡിപ്പാര്‍ച്ചര്‍ അസിസ്റ്റ് എന്നിങ്ങനെ സുരക്ഷയിലും കാര്‍ണിവല്‍ മികച്ചു നില്‍ക്കുന്നു. 

രാജ്യാന്തര വിപണിയിൽ കൂടുതൽ സീറ്റുകളുള്ള ലേഔട്ടുകളുണ്ടെങ്കിലും ഇന്ത്യയിൽ എത്ര സീറ്റുള്ള വാഹനമാണ് പുറത്തിറക്കുന്നതെന്ന് വ്യക്തമല്ല. മികച്ച യാത്രാസുഖം ഉറപ്പാക്കാന്‍ ഏഴു സീറ്റുള്ള പതിപ്പാണ് ഇന്ത്യയില്‍  കിയ പരിഗണിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. മധ്യനിരയില്‍ ക്യാപ്റ്റന്‍ സീറ്റുകളും ഉള്‍വലിയുന്ന വിധത്തിലുള്ള ഫുട്‌റസ്റ്റുമൊക്കെയുള്ള പതിപ്പും ഗ്രാന്‍ഡ് കാര്‍ണിവലിനുണ്ട്. എന്തായാലും വില നിയന്ത്രിക്കാന്‍ പ്രാദേശികമായാകും വാഹനത്തിന്‍റെ നിര്‍മ്മാണം കിയ പൂര്‍ത്തിയാക്കുക.  20 ലക്ഷം രൂപ മുതലാവും വാഹനത്തിന്‍റെ വില തുടങ്ങുന്നത്. 

അതേസമയം സെല്‍റ്റോസിന്‍റെ സ്വീകാര്യതയും എതിരാളികളെ അമ്പരിപ്പിക്കുന്നുണ്ട്. അവതരിപ്പിച്ച് ദിവസങ്ങള്‍ക്കകം 6236 യൂണിറ്റ് സെൽറ്റോസുകള്‍ നിരത്തിലെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ ഇന്ത്യയിൽ ഏറ്റവും അധികം വിൽക്കുന്ന ആദ്യ അഞ്ച് യൂട്ടിലിറ്റി വെഹിക്കിളുകളുടെ പട്ടികയിലും സെൽറ്റോസ് ഇടം പിടിച്ചു. ഈ വിജയത്തെ തുടര്‍ന്ന് ഓരോ ആറു മാസത്തിലും പുതിയ മോഡല്‍ വിപണിയില്‍ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് കിയ. 

click me!