ഫാക്ടറിക്ക് 121 ഫുട്‍ബോള്‍ സ്റ്റേഡിയങ്ങളുടെ വലിപ്പം, 'ചൂടപ്പം' പോലെ ഈ കാറുണ്ടാക്കാന്‍ ചൈന!

By Web TeamFirst Published Oct 21, 2019, 11:06 AM IST
Highlights

ഫാക്ടറിയില്‍ നിന്നും ഓരോ ആഴ്ചയിലും കുറഞ്ഞത് മോഡല്‍ മൂന്ന് വൈ കാറുകള്‍ നിര്‍മിക്കും. പുറത്തിറങ്ങുക പ്രതിവര്‍ഷം അഞ്ച് ലക്ഷം കാറുകള്‍

ബീജിംഗ്: പ്രമുഖ അമേരിക്കന്‍ ഇലക്ട്രിക് കാര്‍ നിര്‍മ്മാതാക്കളായ ടെസ്‍ലയുടെ യുഎസിന് വെളിയിലുളള ആദ്യ നിര്‍മ്മാണ യൂണിറ്റ് ചൈനയിലാണ്. ഷാങ്ഹായിലാണ് ടെസ്‍ല അത്യാധുനിക 'ജിഗാഫാക്ടറി' സ്ഥാപിക്കുന്നത്. 2018 ഒക്ടോബറിലാണ് ഷാങ്ഹായിയില്‍ 140 ദശലക്ഷം ഡോളറിന് ടെസ്‍ല പ്ലാന്‍റിനായി സ്ഥലം ഏറ്റെടുത്തത്. 

എന്നാല്‍ കഴിഞ്ഞ ദിവസമാണ് ടെസ്‌ലയുടെ കാറുകള്‍ ചൈനയില്‍ നിര്‍മ്മിക്കാനുള്ള അനുമതി കമ്പനിക്ക് ചൈനീസ് സര്‍ക്കാര്‍ നല്‍കിയത്. ഈ വര്‍ഷം അവസാനത്തോടെ ഷാങ്ഹായ് ഫാക്ടറിയില്‍ നിന്നും ഓരോ ആഴ്ചയിലും കുറഞ്ഞത് മോഡല്‍ മൂന്ന് വൈ കാറുകള്‍ നിര്‍മിക്കാനാണ് ടെസ്‌ല ഉദ്ദേശിക്കുന്നത്. പുതിയ പ്ലാന്റില്‍ നിന്ന് പ്രതിവര്‍ഷം അഞ്ച് ലക്ഷം ഇലക്ട്രിക് കാറുകള്‍ നിര്‍മ്മിക്കാനാണ് കമ്പനി പദ്ധതി. മോഡല്‍ മൂന്ന് വൈ കാറുകളുടെ നിര്‍മ്മാണമാണ് ഇവിടെ നടക്കുക. 

ഈ പ്ലാന്റിന് 121 ഫുട്‌ബോള്‍ സ്‌റ്റേഡിയത്തിന്റെ വലിപ്പമാണുള്ളത്. ഏകദേശം 214 ഏക്കര്‍ സ്ഥലത്തായാണിത് സ്ഥിതി ചെയ്യുന്നത്. പ്ലാന്റിന്റെ രണ്ടാംഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതായാണ് റിപ്പോര്‍ട്ട്. ചൈനയിലെ പ്ലാന്‍റ് പ്രവർത്തനക്ഷമമാവുന്നതോടെ ടെസ്ലയുടെ ഉൽപ്പാദനശേഷി ഇരട്ടിയായി ഉയരും.

click me!