ഇന്ത്യക്കാര്‍ നെഞ്ചോട് ചേര്‍ത്തു, ഇനി ഗ്രാമങ്ങളില്‍ ചെന്നു 'രാപാര്‍ക്കാനും' ഈ കാര്‍ കമ്പനി!

By Web TeamFirst Published Dec 15, 2020, 12:04 PM IST
Highlights

നഗരങ്ങളില്‍ നിന്നും മാറി ഗ്രാമങ്ങളിലേക്കിറങ്ങാന്‍ ഈ വണ്ടിക്കമ്പനി

രു വര്‍ഷം മുമ്പ് 2019 ഓഗസ്റ്റ് 22നാണ് സെല്‍റ്റോസുമായി ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ കിയ മോട്ടോഴ്‍സ് ഇന്ത്യൻ വിപണിയിലേക്ക് കടന്നുവരുന്നത്. സെല്‍റ്റോസിനു പിന്നാലെ കാര്‍ണിവലും സോണറ്റും കമ്പനി ഇന്ത്യയിലെത്തിച്ചു. മികച്ച പ്രതികരണണാണ് ഈ വാഹനങ്ങള്‍ക്കും ലഭിക്കുന്നത്. കുറഞ്ഞകാലം കൊണ്ടുതന്നെ ഇന്ത്യൻ വാഹന വിപണിൽ വൻ വളർച്ച നേടാനും കമ്പനിക്ക് സാധിച്ചു. 

ഇപ്പോഴിതാ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കാൻ ഒരുങ്ങുകയാണ് കിയ മോട്ടോർസ് എന്നാണ് റിപ്പോര്‍ട്ടുകള്‍. അതിന് വേണ്ടി നിരവധി പദ്ധതികളാണ് കമ്പനി ഒരുക്കാൻ തീരുമാനിച്ചിരിക്കുന്നത്. മറ്റു കമ്പനികളിൽ നിന്നും വ്യത്യസ്തമായി നഗരങ്ങളിൽ നിന്നും മാറി, ഗ്രാമങ്ങളിൽ കൂടി ശ്രദ്ധ കൊടുക്കാൻ തീരുമാനിച്ചിരിക്കുകയാണ് കമ്പനി ഇപ്പോൾ. 

ഇതിലൂടെ രാജ്യത്ത് കമ്പനിയുടെ വളർച്ചാ വേ​ഗം കൂട്ടാനാണ് കിയയുടെ ആലോചന. ചെറിയ പട്ടണങ്ങളിലും ഗ്രാമപ്രദേശങ്ങളിലുമായി കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഇന്ത്യയിൽ തങ്ങളുടെ സ്ഥാനം വിപുലീകരിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. ഇന്ത്യൻ റൂറൽ മാർക്കറ്റ് പിടിക്കുകയാണ് കമ്പനിയുടെ അടുത്ത ടാർ​ഗറ്റ്. ചെറിയ പട്ടണങ്ങളിലും ഗ്രാമപ്രദേശങ്ങളിലും വിൽപ്പന ശൃംഖല വിപുലീകരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്നും ഡീലർ പങ്കാളികളുടെ ലാഭം വർദ്ധിപ്പിക്കാനും കമ്പനിക്ക് പദ്ധതിയുണ്ടെന്നും കമ്പനിയുടെ മുതിർന്ന ഉദ്യോ​ഗസ്ഥർ പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നു. 

“ഞങ്ങളുടെ നെറ്റ്‍വർക്ക് വികസിപ്പിക്കുകയാണ്, ഈ വർഷം അവസാനത്തോടെ 300 ടച്ച് പോയിൻറുകളിൽ എത്തിച്ചേരാനാണ് ലക്ഷ്യമിടുന്നത്, ഇപ്പോൾ ടയർ- IV ന​ഗരങ്ങളുടെയും, ​ഗ്രാമീണ വിപണികളുടെ വിപുലീകരണത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു, ഇത് ഇന്ത്യൻ വിപണിയിൽ കൂടുതൽ സജീവമാകാൻ സഹായിക്കും, " കിയ മോട്ടോഴ്സ് ഇന്ത്യയുടെ എക്സിക്യൂട്ടീവ് ഡയറക്ടറും ചീഫ് സെയിൽസ് ഓഫീസറുമായ ടൈ-ജിൻ പാർക്ക് പിടിഐയോട് വ്യക്തമാക്കുന്നു.

ആഗോളതലത്തില്‍ ഇന്ത്യയിലാണ് കിയ സെല്‍റ്റോസ് എസ്‌യുവി ആദ്യമായി വിറ്റു തുടങ്ങിയത്. 2019 ഓഗസ്റ്റ് 22നാണ് സെല്‍റ്റോസിനെ കിയ ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. നിരത്തിലെത്തിയ അന്നുമുതല്‍ ഇന്ത്യന്‍ വാഹനവിപണിയിലെ വില്‍പ്പന റെക്കോഡുകള്‍ ഭേദിച്ച് പായുന്ന സെല്‍റ്റോസിന്റെ കുതിപ്പ് തുടരുകയാണ്.

കിയയുടെ ഇന്ത്യയിലെ രണ്ടാമനായ കാര്‍ണിവലിനും മികച്ച പ്രതികരണമാണ് വിപണിയില്‍ ലഭിക്കുന്നത്. ഇന്ത്യൻ എംയുവി വിപണിയിലെ രാജാവ് ടൊയോട്ട ഇന്നോവയ്ക്ക് ഇരുട്ടടിയുമായി കിയയുടെ കാര്‍ണിവല്‍ എത്തിയത്. ഫെബ്രുവരിയിൽ നടന്ന 2020 ഓട്ടോ എക്‌സ്‌പോയിൽ കിയ മോട്ടോർസ് ഇന്ത്യയിലെ തങ്ങളുടെ രണ്ടാമത്തെ ഉൽപ്പന്നമായ പ്രീമിയം കാർണിവൽ എംപിവിയെ പുറത്തിറക്കിയത്.

കമ്പനിയുടെ ഇന്ത്യയിലെ മൂന്നാമനായ സോണറ്റിനും വമ്പന്‍ മുന്നേറ്റമാണ്. 2020 നവംബര്‍ മാസത്തിലെ വില്‍പ്പന കണക്കുകള്‍ അനുസരിച്ച് ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന വില്‍പ്പന നേടുന്ന സബ്-കോംപാക്ട് എസ്‍യു‍വി എന്ന അംഗീകാരം വാഹനം സ്വന്തമാക്കി. സോണറ്റിന്റെ 11,417 യൂണിറ്റാണ് നവംബറില്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിയത്.  സോണറ്റിന്റെ വില്‍പ്പനയിലുണ്ടായ കുതിപ്പിന്റെ അടിസ്ഥാനത്തില്‍ കിയ മോട്ടോഴ്‌സിന്റെ മൊത്ത വില്‍പ്പനയില്‍ 50 ശതമാനം വര്‍ദ്ധനവുണ്ടായി. മൊത്തം 21,022 വാഹനങ്ങളാണ് കിയ മോട്ടോഴ്‌സ് നവംബര്‍ മാസം വിറ്റത്. ഇതില്‍ 9205 യൂണിറ്റ് സെല്‍റ്റോസാണ്. 

സോണറ്റിന്‍റെ കണ്‍സെപ്റ്റ് പതിപ്പിനെ 2020 ഓട്ടോ എക്‌സ്‌പോയിലാണ് കമ്പനി ആദ്യമായി അവതരിപ്പിക്കുന്നത്. സെപ്റ്റംബര്‍ 18-നാണ് സോണറ്റ് ഇന്ത്യന്‍ വിപണിയില്‍ എത്തുന്നത്.   ഇതിനോടകം 50,000 ബുക്കിംഗുകളാണ് വാഹനം നേടിയിട്ടുള്ളത്. ബുക്കിംഗ് തുടങ്ങി ആദ്യ ദിവസം തന്നെ സോണറ്റ് കിയയുടെയും വാഹനലോകത്തിന്റെയും കണ്ണുതള്ളിച്ചിരുന്നു. അമ്പരപ്പിക്കുന്ന വേഗതയിലായിരുന്നു ബുക്കിംഗ്. ഏകദേശം 6523 ബുക്കിംഗുകളാണ് സോണറ്റിനെ ആദ്യദിവസം തേടിയെത്തിയത്. 

click me!