അമേരിക്ക കീഴടക്കാനിറങ്ങി കിയ സെല്‍റ്റോസ്

By Web TeamFirst Published Nov 27, 2019, 3:33 PM IST
Highlights

ദക്ഷിണ കൊറിയന്‍ വാഹനനിര്‍മ്മാതാക്കളായ കിയ മോട്ടോഴ്‍സിന്‍റെ പ്രീമിയം എസ് യു വി  സെല്‍റ്റോസ് യുഎസ് വിപണിയില്‍ അരങ്ങേറി

ദക്ഷിണ കൊറിയന്‍ വാഹനനിര്‍മ്മാതാക്കളായ കിയ മോട്ടോഴ്‍സിന്‍റെ പ്രീമിയം എസ് യു വി  സെല്‍റ്റോസ് യുഎസ് വിപണിയില്‍ അരങ്ങേറി. ലോസ് ഏഞ്ചലസ് ഓട്ടോ ഷോയിലാണ് വാഹനത്തിന്‍റെ അവതരണം. ഇന്ത്യന്‍ പതിപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ കാറിന്റെ ലുക്കില്‍ വലിയ മാറ്റങ്ങളില്ല.

146 ബിഎച്ച്പി കരുത്ത് ഉല്‍പ്പാദിപ്പിക്കുന്ന 2 ലിറ്റര്‍ എംപിഐ (മള്‍ട്ടി പോയന്റ് ഇന്‍ജെക്ഷന്‍) പെട്രോള്‍ എന്‍ജിനാണ് അമേരിക്കന്‍ സെല്‍റ്റോസിന്‍റെ ഹൃദയം. എന്‍ജിനുമായി ഇന്റലിജന്റ് വേരിയബിള്‍ ട്രാന്‍സ്‍മിഷന്‍ ചേര്‍ത്തുവെച്ചു. 174 ബിഎച്ച്പി കരുത്തുള്ള 1.6 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എന്‍ജിനും ഓപ്ഷനാണ്. 7 സ്പീഡ് ഡുവല്‍ ക്ലച്ചാണ് ട്രാന്‍സ്‍മിഷന്‍.

ഓള്‍ വീല്‍ ഡ്രൈവ് സിസ്റ്റത്തോടെയാണ് വാഹനം അമേരിക്കന്‍ വിപണിയിലെത്തുന്നത്. എന്‍ജിന്‍ പുറപ്പെടുവിക്കുന്ന കരുത്ത് മുന്‍, പിന്‍ ചക്രങ്ങള്‍ക്ക് തുല്യമായി സെന്‍ട്രല്‍ ലോക്കിംഗ് ഡിഫ്രന്‍ഷ്യല്‍ വീതിച്ചുനല്‍കും. എന്നാല്‍ ഓപ്ഷണല്‍ എന്ന നിലയിലാണ് ഓള്‍ വീല്‍ ഡ്രൈവ് സിസ്റ്റം ലഭ്യമാക്കുന്നത്. 2020 ആദ്യ പാദത്തില്‍ കിയ സെല്‍റ്റോസ് എസ്‌യുവി അമേരിക്കയില്‍ വിറ്റുതുടങ്ങും.

സെല്‍റ്റോസ് എസ്‌യുവി അടിസ്ഥാനമാക്കിയ രണ്ട് കണ്‍സെപ്റ്റുകളും കിയ മോട്ടോഴ്‌സ് ലോസ് ആഞ്ജലസ് ഓട്ടോ ഷോയില്‍ പ്രദര്‍ശിപ്പിച്ചു. എക്‌സ്-ലൈന്‍ ട്രെയ്ല്‍ അറ്റാക്ക് കണ്‍സെപ്റ്റ്, എക്‌സ്-ലൈന്‍ അര്‍ബന്‍ കണ്‍സെപ്റ്റ് എന്നിവയാണ് അണിനിരത്തിയത്. 

2019 ഓഗസ്റ്റ് 22നാണ് സെല്‍റ്റോസുമായി കിയ മോട്ടോഴ്‍സ് ഇന്ത്യയിലെത്തുന്നത്. കിയയുടെ ഇന്ത്യയിലെ ആദ്യവാഹനമായിരുന്നു സെല്‍റ്റോസ്. മികച്ച വില്‍പ്പനയും ബുക്കിംഗു നേടി മുന്നേറുകയാണ് ഇന്ത്യന്‍ സെല്‍റ്റോസെന്നാണ് റിപ്പോര്‍ട്ടുകള്‍. 
 

click me!