വരുന്നൂ, സെല്‍റ്റോസിന്‍റെ ആ പുതിയ പതിപ്പും

By Web TeamFirst Published Apr 25, 2021, 9:19 AM IST
Highlights

റീഡിസൈൻ ചെയ്‍ത ഗ്രിൽ ആണ് സെൽറ്റോസ് ഗ്രാവിറ്റിയുടെ പ്രധാന ആകർഷണം

ജനപ്രിയ മോഡല്‍ സെല്‍റ്റോസിന്‍റെ ഏറ്റവും ഉയർന്ന പതിപ്പായ സെൽറ്റോസ് ഗ്രാവിറ്റിയെ കഴിഞ്ഞ വർഷമാണ് കിയ മോട്ടോഴ്‍സ് മാതൃരാജ്യമായ ദക്ഷിണ കൊറിയയില്‍ അവതരിപ്പിക്കുന്നത്. റീഡിസൈൻ ചെയ്‍ത ഗ്രിൽ ആണ് സെൽറ്റോസ് ഗ്രാവിറ്റിയുടെ പ്രധാന ആകർഷണം. ഈ സെൽറ്റോസ് ഗ്രാവിറ്റി എഡിഷൻ ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് കിയ മോട്ടോഴ്‍സ് എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

സിൽവർ നിറത്തിൽ പൊതിഞ്ഞ റിയർവ്യൂ മിററിന്റെ കവർ, ഡ്യുവൽ ടോൺ 18-ഇഞ്ച് അലോയ് വീലുകൾ, ഡോർ ഗാർണിഷ്, പുറകിൽ സ്കിഡ് പ്ലെയ്റ്റ് എന്നിവ സെൽറ്റോസ് ഗ്രാവിറ്റിയുടെ പ്രീമിയം ലുക്ക് വർദ്ധിപ്പിക്കുന്നു. ക്രോം നിറത്തിലുള്ള കല്ലുകൾ പതിപ്പിച്ചതുപോലുള്ള പുത്തൻ ഗ്രിൽ ഒരു വ്യത്യസ്‍ത ലുക്ക് നൽകുന്നു. 3D രീതിയിലാണ് ഈ ഗ്രിൽ ഇൻസേർട്ടുകളുടെ ഡിസൈനിങ്.

കിയ സെൽറ്റോസിന് 3 എൻജിൻ ഓപ്ഷനുകളാണ് ഉള്ളത്. 1.5-ലീറ്റർ സ്മാർട്ട് സ്ട്രീം പെട്രോൾ, 1.5-ലീറ്റർ സിആർഡിഐ ഡീസൽ, 1.4-ലീറ്റർ സ്മാർട്ട്സ്ട്രീം ടർബോ-പെട്രോൾ. ഇതിൽ ടർബോ-പെട്രോൾ, ഡീസൽ എഞ്ചിനുകളിലാണ് സെൽറ്റോസ് ഗ്രാവിറ്റി എഡിഷൻ വില്പനക്കെത്തും എന്ന് പ്രതീക്ഷിക്കുന്നത്. ഹ്യുണ്ടേയ് ക്രെറ്റ, എംജി ഹെക്ടർ, ടാറ്റ ഹാരിയർ, മഹിന്ദ്ര എക്‌സ്യുവി500, ജീപ്പ് കോമ്പസ് എന്നീ എസ്‌യുവികളായിരിക്കും കിയ സെൽറ്റോസിന്റെ എതിരാളികൾ.

2019 ഓഗസ്റ്റ് 22നാണ് സെല്‍റ്റോസിനെ  ദക്ഷിണ കൊറിയിന്‍ വാഹന നിര്‍മ്മാതാക്കളായ കിയ മോട്ടോഴ്‍സ് ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. ആഗോളതലത്തില്‍ തന്നെ ഇന്ത്യയിലാണ് കിയ സെല്‍റ്റോസ് എസ്‌യുവി ആദ്യമായി വിറ്റു തുടങ്ങിയത്. നിരത്തിലെത്തിയ അന്നുമുതല്‍ ഇന്ത്യന്‍ വാഹനവിപണിയിലെ വില്‍പ്പന റെക്കോഡുകള്‍ ഭേദിച്ച് പായുകയാണ് സെല്‍റ്റോസ്. 

പരിഷ്‍കരിച്ച സെൽറ്റോസിനെ 2020 ജൂണിലാണ് കിയ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. മൂന്ന് എഞ്ചിൻ ഓപ്ഷനുകളിലും രണ്ട് ട്രിം ലെവലുകളിലുമായി 16 വേരിയന്റുകളുണ്ട് വാഹനത്തിന്. സെൽറ്റോസ് എസ്‌യുവിക്കുള്ള മോഡൽ ഇയർ പുതുക്കലിന്റെ ഭാഗമായി കിയ ശ്രേണിയിലുടനീളം 10 പുതിയ സവിശേഷതകൾ ചേർത്തിരുന്നു.  ഇന്ത്യൻ കാർ വിപണിയിലെ ഡി-സെഗ്‌മെന്റിലെ നിസാൻ കിക്ക്സ്, റെനോ ഡസ്റ്റർ, റെനോ കാപ്ച്ചർ , ഹ്യുണ്ടായ് ക്രെറ്റ തുടങ്ങിയവരുടെ നേരിട്ടുള്ള എതിരാളിയാണ് കിയ സെൽറ്റോസ്.

ഇന്ത്യന്‍ വിപണിയില്‍ വാഹനത്തിന് ഒരു വയസ് തികഞ്ഞത് ആഘോഷമാക്കാന്‍ സെൽറ്റോസ് ഫസ്റ്റ് ആനിവേഴ്‍സറി എഡിഷനും കിയ വിപണിയില്‍ എത്തിച്ചിരുന്നു. മിഡ്-സ്‍പെക് വേരിയന്റ് ആയ HTX അടിസ്ഥാനമായാണ് സെൽറ്റോസ് ആനിവേഴ്‍സറി എഡിഷൻ ഒരുക്കിയിരിക്കുന്നത്. 

click me!