വെറും രണ്ടുമാസം, 50,000 ബുക്കിംഗ്, കണ്ണുതള്ളി കമ്പനി!

By Web TeamFirst Published Oct 24, 2020, 11:11 AM IST
Highlights

ബുക്കുചെയ്‍ത വാഹനങ്ങളില്‍ 60 ശതമാനവും 1.0 ലിറ്റര്‍ ടര്‍ബോ പെട്രോളും, 1.2 ലിറ്റര്‍ പെട്രോള്‍ മോഡലുമാണ്. 40 ശതമാനം ആളുകള്‍ ഡീസല്‍ മോഡലാണ് ബുക്കു ചെയ്‍തത്. 

രാജ്യത്തെ കോംപാക്ട് എസ്‌യുവി ശ്രേണിയിലേക്ക് കിയ മോട്ടോഴ്‍സില്‍ നിന്നുള്ള ഏറ്റവും പുതിയ മോഡലാണ് സോണറ്റ്.  കിയ മോട്ടോഴ്‍സിന്‍റെ ഇന്ത്യയിലെ മൂന്നാമത്തെ വാഹനമായ സോണറ്റിന്‍റെ കണ്‍സെപ്റ്റ് പതിപ്പിനെ 2020 ഓട്ടോ എക്‌സ്‌പോയിലാണ് കമ്പനി ആദ്യമായി അവതരിപ്പിക്കുന്നത്.  സെപ്റ്റംബര്‍ 18-നാണ് സോണറ്റ് ഇന്ത്യന്‍ വിപണിയില്‍ എത്തുന്നത്. 

ഇപ്പോഴിതാ അവതരിപ്പിച്ച് രണ്ട് മാസത്തിനുള്ളില്‍ 50,000 ബുക്കിങ്ങ് വാഹനം സ്വന്തമാക്കിയതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഓഗസ്റ്റ് 20-നാണ് കിയ സോണറ്റിന്റെ ഔദ്യോഗിക ബുക്കിങ്ങ് ആരംഭിച്ചത്. ഇത് 60 ദിവസം പിന്നിട്ടതോടെയാണ് ബുക്കിംഗ് 50,000 കടന്നതായി കിയ അറിയിച്ചത്. ബുക്കുചെയ്‍ത വാഹനങ്ങളില്‍ 60 ശതമാനവും 1.0 ലിറ്റര്‍ ടര്‍ബോ പെട്രോളും, 1.2 ലിറ്റര്‍ പെട്രോള്‍ മോഡലുമാണ്. 40 ശതമാനം ആളുകള്‍ ഡീസല്‍ മോഡലാണ് ബുക്കു ചെയ്‍തത് എന്നാണ് കണക്കുകള്‍. 

ബുക്കിംഗ് തുടങ്ങി ആദ്യ ദിവസം തന്നെ സോണറ്റ് കിയയുടെയും വാഹനലോകത്തിന്റെയും കണ്ണുതള്ളിച്ചിരുന്നു. അമ്പരപ്പിക്കുന്ന വേഗതയിലായിരുന്നു ബുക്കിംഗ്. ഏകദേശം 6523 ബുക്കിംഗുകളാണ് സോണറ്റിനെ ആദ്യദിവസം തേടിയെത്തിയത്. നിലവില്‍ ഓരോ രണ്ട് മിനിറ്റ് കൂടുമ്പോഴും ഒരു സോണറ്റ് വിറ്റഴിക്കപ്പെടുന്നുവെന്നാണ് കണക്ക്. 

ജിടി ലൈന്‍, ടെക് ലൈന്‍ എന്നീ രണ്ട് വേരിയന്റുകളുമായാണ് വാഹനം വിപണിയിലെത്തുന്നത്. കണ്‍സെപ്റ്റ് മോഡലില്‍ നല്‍കിയിരുന്നതിന് സമാനമായി ടൈഗര്‍ നോസ് ഗ്രില്ലാണ് ഇതിലുള്ളത്. ഹെഡ്‌ലൈറ്റ്, ഡിആര്‍എല്‍, ഫോഗ്‌ലാമ്പ് എന്നിവ എല്‍ഇഡിയിലാണ് തീര്‍ത്തിരിക്കുന്നത്. ബംമ്പറിന്റെ താഴേക്ക് വരുമ്പോള്‍ ഹണികോംമ്പ് ഡിസൈനിലുള്ള എയര്‍ഡാം ഇതിനുതാഴെയായി റെഡ് ലൈനും നല്‍കിയിട്ടുണ്ട്.

വളരെ സ്പോർട്ടിയും അഗ്രസീവുമായ രൂപകൽപ്പനയാണ് കിയ സോണറ്റിനുള്ളത്. നിർമ്മാതാക്കളുടെ സിഗ്നേച്ചർ ടൈഗർ നോസ് ഗ്രില്ല്, ഇരു വശത്തുമായി ഇന്റഗ്രേറ്റഡ് ടേൺ ഇൻഡിക്കേറ്ററുകളും എൽഇഡി ഡിആർഎല്ലുകളുമുള്ള ക്രൗൺ-ജുവൽ എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, എൽഇഡി പ്രൊജക്ടർ ഫോഗ് ലാമ്പുകൾ എന്നിവ വാഹനത്തിന്റെ മുൻവശത്തെ ആകർഷകമാക്കുന്നു.

ഡ്യുവൽ-ടോൺ അലോയി വീലുകൾ, റൂഫ് റെയിലുകൾ, ചങ്കി ബോഡി ക്ലാഡിംഗ് എന്നിവയും വാഹനത്തിൽ ഒരുക്കിയിരിക്കുന്നു. അഗ്രസ്സീവായി കാണപ്പെടുന്ന ഫ്രണ്ട് ഫാസിയയുമായി കിയ കോംപാക്ട്-എസ്‌യുവിക്ക് ഗംഭീരമായ ക്യാരക്ടർ നൽകി. പിന്നിൽ ഇന്റഗ്രേറ്റഡ് സ്പോയിലറും ഹാർട്ട്ബീറ്റ് എൽഇഡി ടെയിൽ ലാമ്പുകളും, ഇരു ടെയിൽ ലാമ്പുകളെ ബന്ധിപ്പിക്കുന്ന എൽഇഡി ലൈറ്റ് ബാറുമായിട്ടാണ് എസ്‌യുവി വരുന്നത്.

ഹ്യുണ്ടായി വെന്യുവിലെ 1.5-ലിറ്റർ ടർബോ-ഡീസൽ, 1.2 പെട്രോൾ, 1.0-ലിറ്റർ GDI ടർബോ-പെട്രോൾ എന്നിങ്ങനെ 3 എൻജിൻ ഓപ്ഷനുകളാണ് കിയ സോണറ്റിലും. 5-സ്പീഡ് മാന്വൽ, 6 സ്പീഡ് മാന്വൽ, 7 സ്പീഡ് ഡിസിടി എന്നിവയാണ് ട്രാൻസ്മിഷൻ ഓപ്ഷനുകൾ. ഇത് കൂടാതെ ഇന്റലിജന്റ് മാന്വൽ ട്രാൻസ്മിഷൻ (ഐഎംടി)-ലും കിയ സോണറ്റ് വിപണിയില്‍ എത്തും. 

click me!