അരങ്ങേറ്റത്തിനു തൊട്ടുപിറകെ നിരത്തില്‍ പ്രത്യക്ഷനായി കിയ സോണറ്റ്

By Web TeamFirst Published Aug 9, 2020, 3:58 PM IST
Highlights

ആഗോളതലത്തിൽ  തന്നെ ഇന്ത്യയിലായരുന്നു സോണറ്റിന്റെ ആദ്യാവതരണം. അവതരിപ്പിച്ചതിന് തൊട്ടു പിന്നാലെ വാഹനം ഇന്ത്യ നിരത്തുകളിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്.

രണ്ടുദിവസം മുമ്പാണ് ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ കിയ ഇന്ത്യയിലെ തങ്ങളുടെ മൂന്നാമത്തെ വാഹനമായ സോണറ്റിനെ അവതരിപ്പിക്കുന്നത്. ആഗോളതലത്തിൽ  തന്നെ ഇന്ത്യയിലായരുന്നു സോണറ്റിന്റെ ആദ്യാവതരണം. അവതരിപ്പിച്ചതിന് തൊട്ടു പിന്നാലെ വാഹനം ഇന്ത്യ നിരത്തുകളിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. യാതൊരുവിധത്തിലുള്ള മൂടിക്കെട്ടലുകളും കൂടാതെ ക്യാമറയിൽ പതിഞ്ഞ വാഹനത്തിന്‍റെ ചിത്രങ്ങള്‍ ഡ്രൈവ് സ്‍പാര്‍ക്കാണ് പുറത്തുവിട്ടത്. 

ജിടി ലൈന്‍, ടെക് ലൈന്‍ എന്നീ രണ്ട് വേരിയന്റുകളുമായാണ് വിപണിയിലെത്തുന്നത്. കണ്‍സെപ്റ്റ് മോഡലില്‍ നല്‍കിയിരുന്നതിന് സമാനമായി ടൈഗര്‍ നോസ് ഗ്രില്ലാണ് ഇതിലുള്ളത്. ഹെഡ്‌ലൈറ്റ്, ഡിആര്‍എല്‍, ഫോഗ്‌ലാമ്പ് എന്നിവ എല്‍ഇഡിയിലാണ് തീര്‍ത്തിരിക്കുന്നത്. ബംമ്പറിന്റെ താഴേക്ക് വരുമ്പോള്‍ ഹണികോംമ്പ് ഡിസൈനിലുള്ള എയര്‍ഡാം ഇതിനുതാഴെയായി റെഡ് ലൈനും നല്‍കിയിട്ടുണ്ട്. 

പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന് ഓറഞ്ച് നിറമാണ്. ഇതൊരു ടെക്ക് ലൈൻ പതിപ്പാണെന്നാണ് റിപ്പോര്‍ട്ടുകള്‍. വളരെ സ്പോർട്ടിയും അഗ്രസീവുമായ രൂപകൽപ്പനയാണ് കിയ സോനെറ്റിനുള്ളത്. നിർമ്മാതാക്കളുടെ സിഗ്നേച്ചർ ടൈഗർ നോസ് ഗ്രില്ല്, ഇരു വശത്തുമായി ഇന്റഗ്രേറ്റഡ് ടേൺ ഇൻഡിക്കേറ്ററുകളും എൽഇഡി ഡിആർഎല്ലുകളുമുള്ള ക്രൗൺ-ജുവൽ എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, എൽഇഡി പ്രൊജക്ടർ ഫോഗ് ലാമ്പുകൾ എന്നിവ വാഹനത്തിന്റെ മുൻവശത്തെ ആകർഷകമാക്കുന്നു.

ഡ്യുവൽ-ടോൺ അലോയി വീലുകൾ, റൂഫ് റെയിലുകൾ, ചങ്കി ബോഡി ക്ലാഡിംഗ് എന്നിവയും വാഹനത്തിൽ ഒരുക്കിയിരിക്കുന്നു. അഗ്രസ്സീവായി കാണപ്പെടുന്ന ഫ്രണ്ട് ഫാസിയയുമായി കിയ കോംപാക്ട്-എസ്‌യുവിക്ക് ഗംഭീരമായ ക്യാരക്ടർ നൽകി.

പിന്നിൽ ഇന്റഗ്രേറ്റഡ് സ്പോയിലറും ഹാർട്ട്ബീറ്റ് എൽഇഡി ടെയിൽ ലാമ്പുകളും, ഇരു ടെയിൽ ലാമ്പുകളെ ബന്ധിപ്പിക്കുന്ന എൽഇഡി ലൈറ്റ് ബാറുമായിട്ടാണ് എസ്‌യുവി വരുന്നത്.

ഹ്യുണ്ടായ് വെന്യുവിലെ 1.5-ലിറ്റർ ടർബോ-ഡീസൽ, 1.2 പെട്രോൾ, 1.0-ലിറ്റർ GDI ടർബോ-പെട്രോൾ എന്നിങ്ങനെ 3 എൻജിൻ ഓപ്ഷനുകളാണ് കിയ സോണറ്റിലും. 5-സ്പീഡ് മാന്വൽ, 6 സ്പീഡ് മാന്വൽ, 7 സ്പീഡ് ഡിസിടി എന്നിവയാണ് ട്രാൻസ്മിഷൻ ഓപ്ഷനുകൾ. ഇത് കൂടാതെ ഇന്റലിജന്റ് മാന്വൽ ട്രാൻസ്മിഷൻ (ഐഎംടി)-ലും കിയ സോണറ്റ് വിപണിയില്‍ എത്തും.

വാഹനത്തിന്‍റെ ആഭ്യന്തര വിപണിയിലെ അവതരണവും വില പ്രഖ്യാപനവും സെപ്റ്റംബറില്‍ നടക്കുമെന്നാണ് കിയ അറിയിച്ചിരിക്കുന്നത്. കിയ പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മിക്കുന്ന രണ്ടാമത്തെ വാഹനമാണ് സോണറ്റ്. ആന്ധ്രാ പ്രദേശില്‍ അനന്ത്‍പൂരിലെ അത്യാധുനിക ഉല്‍പ്പാദന യൂണിറ്റിലാണ് വാഹനത്തിന്‍റെ നിര്‍മ്മാണം. 

click me!