220 കിമീ റേഞ്ചുള്ള ഇ-ബാറ്ററിയുമായി കൊമാകി

By Web TeamFirst Published May 26, 2021, 3:55 PM IST
Highlights

ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 220 കിലോമീറ്റര്‍ റേഞ്ച് ഉറപ്പാക്കുന്ന ഇ- സ്‍കൂട്ടര്‍ ബാറ്ററിയുമായി ഒരു ഇന്ത്യന്‍ കമ്പനി

ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 220 കിലോമീറ്റര്‍ റേഞ്ച് ഉറപ്പാക്കുന്ന ഇ- സ്‍കൂട്ടര്‍ ബാറ്ററിയുമായി ഒരു ഇന്ത്യന്‍ കമ്പനി. ദില്ലി ആസ്ഥാനമായ ഇലക്ട്രിക്കിക്ക് വാഹന നിര്‍മ്മാതാക്കളായ കൊമാകിയാണ് ഇത്തരമൊരു ബാറ്ററി സ്വന്തമായി വികസിപ്പിച്ചെടുത്തതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. കൊമാകി പുറത്തിറക്കുന്ന XGT-KM, X-One, XGT-X4 എന്നീ മൂന്ന് ഇലക്ട്രിക് സ്‌കൂട്ടറുകളില്‍ ഈ ബാറ്ററി നല്‍കുമെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നതെന്നും ഈ സ്‌കൂട്ടറുകള്‍ ജൂണ്‍ ഒന്ന് മുതല്‍ വിപണിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

4-5 മണിക്കൂറില്‍ പൂര്‍ണമായും ചാര്‍ജ് ചെയ്യാന്‍ സാധിക്കുന്ന ബാറ്ററിയാണ് കൊമാകി വികസിപ്പിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 170 മുതല്‍ 220 കിലോമീറ്റര്‍ വരെ റേഞ്ച് ഉറപ്പാക്കിയിട്ടുണ്ടെന്നും ഇലക്ട്രിക് സ്‌കൂട്ടറുകളിലെ റീജനറേറ്റീവ് ബ്രേക്കിങ്ങ് ടെക്‌നോളജി കുറഞ്ഞ അളവില്‍ റേഞ്ച് വര്‍ധിപ്പിക്കുമെന്നും കൊമാകി അവകാശപ്പെടുന്നു. 

പുതിയ ബാറ്ററി സാങ്കേതികവിദ്യക്കുള്ള പേറ്റന്‍റ് ലഭിക്കാനുള്ള കാത്തിരിപ്പിലാണെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഇത് സ്‌കൂട്ടറുകളില്‍ നല്‍കുന്നതോടെ ഏറ്റവുമധികം റേഞ്ച് ഉറപ്പ് നല്‍കുന്ന ഇലക്ട്രിക് സ്‌കൂട്ടറുകളില്‍ ഒന്നായി കൊമാകിയുടെ മോഡലുകള്‍ വിശേഷിപ്പിക്കപ്പെടും.

മലിനീകരണ മുക്തമായ ഇന്ത്യ എന്ന ആശയം യാഥാര്‍ഥ്യമാക്കുന്നതിനായി കൊമാകി നടത്തുന്ന പരിശ്രമങ്ങളുടെ ഫലമാണ് ഈ കൂടുതല്‍ റേഞ്ച് നല്‍കാന്‍ സാധിക്കുന്ന ഈ ബാറ്ററി ടെക്‌നോളജിയെന്നും പരിസ്ഥിതി സൗഹാര്‍ദമായ വാഹനങ്ങള്‍ എത്തിക്കുന്നതിനൊപ്പം കൃത്യമായ പരിശോധനകള്‍ നടത്തി വാഹനത്തിന്റെ സുരക്ഷ ഉറപ്പാക്കിയ ശേഷമാണ് ഓരോ വാഹനവും എത്തുന്നത് എന്നും കൊമാകി പറയുന്നു.

അടുത്തിടെ കൊമാകി പുതിയ XGT CAT 2.0 വാണിജ്യ ഇലക്ട്രിക് ബൈക്ക് അവതരിപ്പിച്ചിരുന്നു. 75,000 രൂപയുടെ പ്രാരംഭ വിലയിലാണ് പുതിയ ബൈക്ക് എത്തുന്നത്.  ഈ ഇലക്ട്രിക് ബൈക്കിന് 300-350 കിലോഗ്രാം പേലോഡ് ശേഷിയുമുണ്ട്. 1-1.5 യൂണിറ്റ് വൈദ്യുതി മാത്രമേ ഇലക്ട്രിക് ബൈക്ക് ഉപയോഗിക്കൂ. ഒറ്റ ചാര്‍ജില്‍ ഈ ബൈക്കിന് 125 കിലോമീറ്റര്‍ ദൂരം വരെ സഞ്ചരിക്കാമെന്നും കൊമാകി പറയുന്നത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!