പത്ത് ലക്ഷം മാസ്‌കുകള്‍ നല്‍കി മാരുതിയുടെ സഹസ്ഥാപനം

By Web TeamFirst Published Apr 24, 2020, 11:07 AM IST
Highlights

രാജ്യത്തിന്‍റെ കൊവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകാന്‍ മാരുതി സുസുക്കിയുടെ സഹസ്ഥാപനമായ കൃഷ്‍ണ മാരുതിയും. 

രാജ്യത്തിന്‍റെ കൊവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകാന്‍ മാരുതി സുസുക്കിയുടെ സഹസ്ഥാപനമായ കൃഷ്ണ മാരുതിയും. 10 ലക്ഷം ത്രി പ്ലേ മാസ്‌കുകളാണ് ഈ കമ്പനി നല്‍കുക. ഹരിയാന, ഗുജറാത്ത് സര്‍ക്കാരുകള്‍ക്കാണ് നിലവില്‍ കമ്പനിയുടെ സഹായം. ആദ്യഘട്ടമായി രണ്ടുലക്ഷം മാസ്‌കുകള്‍ ഗുരുഗ്രാം അധികൃതര്‍ക്ക് കൈമാറി. മാരുതി കാറുകള്‍ക്ക് സീറ്റുകള്‍ നിര്‍മിക്കുന്ന കമ്പനിയാണ് കൃഷ്ണ മാരുതി. 

ജനങ്ങളുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി മാസ്‌കുകള്‍ നിര്‍മിക്കാന്‍ ഹരിയാന സര്‍ക്കാരും കേന്ദ്രവും മാരുതിയോട് ആവശ്യപ്പെട്ടിരുന്നു. ഇതേതുടര്‍ന്നാണ് കൃഷ്ണ മാരുതി ഈ ചുമതല ഏറ്റെടുത്തത്. മാസ്‌കിന്റെ മാതൃകയ്ക്ക് അംഗീകാരം ലഭിച്ചതോടെ സര്‍ക്കാരുകള്‍ക്കും ആശുപത്രികള്‍ക്കുമുള്ള മാസ്‌ക് നിര്‍മിച്ച് തുടങ്ങിയതെന്നാണ് റിപ്പോര്‍ട്ട്. 

ഹരിയാന, ഗുജറാത്ത് സര്‍ക്കാരുകള്‍ക്കായി 10 ലക്ഷം മാസ്‌കുകള്‍ നിര്‍മിച്ച് നല്‍കാന്‍ കമ്പനി സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഇതിനൊപ്പം എന്‍95 മാസ്‌കുകള്‍ നിര്‍മിക്കുന്നതിനുള്ള മെഷന്‍ എത്തിക്കാനും കമ്പനി ശ്രമിക്കുന്നുണ്ട്. മാസ്‌ക് നിര്‍മാണത്തിലേര്‍പ്പെട്ടിരിക്കുന്ന ജീവനക്കാരുടെ സുരക്ഷയും കമ്പനി ഉറപ്പാക്കുന്നുണ്ടെന്ന് കൃഷ്ണ മാരുതി ചെയര്‍മാന്‍ അശോക് കപൂര്‍ അറിയിച്ചു. 

ഹരിയാനയിലെ ജനങ്ങളെ സഹായിക്കുന്നതിനായി നിരവധി നടപടികളാണ് മാരുതിയുടെ നേതൃത്വത്തില്‍ നടത്തുന്നത്. കഴിഞ്ഞ മൂന്നാഴ്ച്ചയ്ക്കുള്ളില്‍ 1,20,000 ഭക്ഷണപൊതികളാണ് വിതരണം ചെയ്തത്. ഇതിനൊപ്പം 10,000 റേഷന്‍ കിറ്റുകളും നല്‍കിയിട്ടുണ്ട്. വൈറസ് ബാധിതരുടെ ആരോഗ്യം സംരക്ഷിക്കുന്നതിനായി അഗ്‌വ ഹെല്‍ത്ത് കെയറിന്റെ പിന്തുണയില്‍ വെന്റിലേറ്ററുകളുടെ നിര്‍മാണത്തിലാണ് കമ്പനി.

click me!