ഇന്ത്യന്‍ നിരത്തൊഴിഞ്ഞ് ടിവിഎസ് വീഗോ

By Web TeamFirst Published Apr 24, 2020, 9:27 AM IST
Highlights

ഇന്ത്യന്‍ വിപണിയില്‍ ടിവിഎസ് വീഗോയുടെ വില്‍പ്പനയും ഉല്‍പ്പാദനവും അവസാനിപ്പിച്ചതായി റിപ്പോര്‍ട്ട്. 

ഇന്ത്യന്‍ വിപണിയില്‍ ടിവിഎസ് വീഗോയുടെ വില്‍പ്പനയും ഉല്‍പ്പാദനവും അവസാനിപ്പിച്ചതായി റിപ്പോര്‍ട്ട്. 110 സിസി സ്‌കൂട്ടര്‍ ഇന്ത്യാ വെബ്‌സൈറ്റില്‍നിന്ന് നീക്കം ചെയ്തു. വില്‍പ്പന കുത്തനെ കുറഞ്ഞതാണ് സ്‌കൂട്ടര്‍ നിര്‍ത്തുന്നതിന് കാരണം എന്നാണ് റിപ്പോര്‍ട്ട്. കയറ്റുമതി ആവശ്യങ്ങള്‍ക്കുവേണ്ടി മാത്രമായിരിക്കും ഇനി ടിവിഎസ് വീഗോ നിര്‍മിക്കുന്നത്. വിദേശ വിപണികളില്‍ ടിവിഎസ് വീഗോ തുടര്‍ന്നും വില്‍ക്കും. 

ഇന്ത്യന്‍ വിപണിയില്‍ ഒരു പതിറ്റാണ്ട് പൂര്‍ത്തിയാക്കിയാണ് ടിവിഎസ് വീഗോ വിട പറയുന്നത്. 2010 ല്‍ ആദ്യമായി വിപണിയില്‍ അവതരിപ്പിച്ച സമയത്ത് ധാരാളം വിറ്റുപോയിരുന്നു. 2014 ദില്ലി ഓട്ടോ എക്‌സ്‌പോയിലാണ് പരിഷ്‌കരിച്ച ടിവിഎസ് വീഗോ എത്തിയത്. പകുതി ഡിജിറ്റലായ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, പുതിയ ഗ്രാഫിക്‌സ് എന്നിവ നല്‍കിയാണ് പുതിയ വീഗോ പ്രദര്‍ശിപ്പിച്ചത്. ജൂപ്പിറ്റര്‍ എത്തിയതോടെയാണ് വീഗോയുടെ വിപണി ഇടിഞ്ഞത്.

ബിഎസ് 4 ബഹിര്‍ഗമന മാനദണ്ഡങ്ങളിലൂടെയും ടിവിഎസ് വീഗോ കടന്നുപോയി. മുന്നില്‍ ഡിസ്‌ക് ബ്രേക്ക് ഓപ്ഷന്‍ കൂടി നല്‍കിയിരുന്നു. നിലവില്‍ ടിവിഎസിന്റെ ഒരു 110 സിസി സ്‌കൂട്ടറിലും മുന്നില്‍ ഡിസ്‌ക് ബ്രേക്ക് ഓപ്ഷന്‍ നല്‍കുന്നില്ല.

ബിഎസ് 6 പാലിക്കുംവിധം പരിഷ്‌കരിക്കുന്ന സ്‌കൂട്ടി സെസ്റ്റ് ഇനി ടിവിഎസ് മോട്ടോര്‍ കമ്പനിക്കായി വീഗോയുടെ റോള്‍ കൂടി നിര്‍വഹിക്കും. നിലവില്‍ ഇന്ത്യയില്‍ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന സ്‌കൂട്ടറുകളിലൊന്നാണ് ടിവിഎസ് ജൂപ്പിറ്റര്‍.

2018 ല്‍ പരിഷ്‍കരിച്ച ടിവിഎസ് വീഗോ പരീക്ഷണ ഓട്ടം നടത്തിയിരുന്നു. ഈ പരിഷ്‌കരിച്ച മോഡല്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ അന്താരാഷ്ട്ര വിപണികളിലായിരിക്കും വില്‍ക്കുന്നത്. 

click me!