ലോക്ക് ഡൗണില്‍ മൂട്ടകളെ ഡൗണാക്കി കെഎസ്ആര്‍ടിസി; ബസുകളില്‍ കീടനാശിനി പ്രയോഗം!

By Web TeamFirst Published Apr 13, 2020, 12:18 PM IST
Highlights

ബസുകളില്‍ നിന്നും മൂട്ടകളെ ഓടിക്കാന്‍ കീടനാശിനി പ്രയോഗവുമായി കെഎസ്‍ആര്‍ടിസി

അന്തര്‍ സംസ്ഥാന ബസുകളില്‍ നിന്നും മൂട്ടകളെ ഓടിക്കാന്‍ കീടനാശിനി പ്രയോഗവുമായി കെഎസ്‍ആര്‍ടിസി. അന്തര്‍ സംസ്ഥാന യാത്രകള്‍ക്ക് ഉപയോഗിക്കുന്ന മള്‍ട്ടി ആക്‌സില്‍ ബസുകളിലെല്ലാം കീടനാശിനിപ്രയോഗം നടത്താനാണ് നിര്‍ദേശം എന്നാണ് റിപ്പോര്‍ട്ടുകള്‍. തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയിലെ 18 ബസുകളില്‍ ഇങ്ങനെ മരുന്നുതളിച്ച് അഞ്ചു ദിവസത്തേക്ക് അടച്ചിട്ടതായാണ് സൂചന. ഇവയെല്ലാം സ്‍കാനിയ, വോള്‍വോ ബസുകളാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. 

മുമ്പും കെഎസ്‍ആര്‍ടിസി ബസുകളില്‍ മൂട്ടയ്ക്കു മരുന്നടിച്ചിരുന്നു. ഫിറ്റ്‌നസ് പരിശോധനയ്ക്കുള്ള അറ്റകുറ്റപ്പണികള്‍ക്കു കയറ്റുമ്പോഴായിരുന്നു ഇത്. വശങ്ങളിലെ ഗ്ലാസുകള്‍ നീക്കാന്‍ കഴിയാത്തതിനാല്‍ മരുന്നിന്റെ ഗന്ധം മാറാന്‍ ഏറെ സമയം വേണ്ടിവരും. അതിനാല്‍ പതിവു യാത്രകള്‍ക്കിടയില്‍ മരുന്നുപ്രയോഗം അപ്രായോഗികമായിരുന്നു. അതു കൊണ്ടായിരുന്നു ഫിറ്റ്‌നസ് പരിശോധനക്ക് മുമ്പ് ഇങ്ങനെ ചെയ്‍തിരുന്നത്. എന്നാല്‍ ലോക്ക് ഡൗണ്‍ കാലമായതിനാലാണ് ഇപ്പോള്‍ മരുന്നു തളിക്കാന്‍ തീരുമാനിച്ചത്.  

ലോക്ക് ഡൗണിനിടയിലും ബസുകള്‍ക്ക് കൃത്യമായ പരിചരണം നല്‍കാന്‍ അധികൃതര്‍ ശ്രദ്ധിക്കുന്നുണ്ട്. അസിസ്റ്റൻറ് ഡിപ്പോ എൻജിനീയർമാരുടെ നേതൃത്വത്തിൽ ബസുകൾ സ്റ്റാർട്ടാക്കിയിടാനുള്ള ക്രമീകരണം ലോക്ക് ഡൗണിന്‍റെ ആദ്യ ദിനങ്ങൾ മുതലേ അധികൃതര്‍ ഒരുക്കിയിരുന്നു. ബാറ്ററി ചാർജ്ജും ടയറുകളും മാത്രം പരിശോധിക്കുകയായിരുന്നു രീതി. 

ഇതു കൂടാതെയാണ് ബസുകള്‍ ഓടിച്ചു നോക്കാനുള്ള പുതിയ നിര്‍ദ്ദേശവും കഴിഞ്ഞ ദിവസങ്ങളില്‍ അധികൃതര്‍ നല്‍കിയിരുന്നു. ആളെ കയറ്റാതെ ബസുകൾ ചെറിയ ദൂരം ഓടിക്കാനാണ് നിർദേശം. തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിലെ എട്ടു ബസുകൾ ഇപ്രകാരം 30 കിലോമീറ്റർ ആളില്ലാതെ പരീക്ഷണ ഓട്ടം നടത്തുന്നുണ്ട്. വരും ദിവസങ്ങളില്‍ ഇത് കൂടുതല്‍ ബസുകളിലേക്ക് വ്യാപിപ്പിച്ചേക്കും. 

click me!