മുടങ്ങില്ല പ്രാണവായു, ടാങ്കറുകളുടെ വളയം പിടിക്കാന്‍ കെഎസ്‍ആര്‍ടിസി ഡ്രൈവര്‍മാരും!

By Web TeamFirst Published May 13, 2021, 9:30 AM IST
Highlights

ഓക്‌സിജൻ ടാങ്കറുകൾ ഓടിക്കുന്നതിന് ഡ്രൈവർമാരുടെ കുറവ്.  സ്വമേധയാ തയ്യാറായി കെഎസ്‍ര്‍ടിസി ഡ്രൈവർമാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുകയാണ്. ഓക്സിജന്‍ ഉള്‍പ്പെടെ രോഗികള്‍ക്ക് അടിയന്തിരമായി ആവശ്യമായ വസ്‍തുക്കളുടെ കൃത്യമായ ലഭ്യത ഉറപ്പുവരുത്തേണ്ട സമയമാണിത്. ഇതിനിടെയാണ് ഓക്സിജന്‍ ടാങ്കറുകള്‍ ഓടിക്കുന്നതിന് ഡ്രൈവര്‍മാരുടെ കുറവ് അനുഭവപ്പെട്ടത്. ഇപ്പോഴിതാ ഈ പ്രശ്‍നത്തിനൊരു പരിഹാരവുമായി എത്തിയിരിക്കുകയാണ് കെഎസ്ആര്‍ടിസിയും മോട്ടോർ വാഹനവകുപ്പും. 

ദ്രവീകൃത ഓക്‌സിജൻ വഹിക്കുന്ന ടാങ്കറുകൾ ഓടിക്കുന്നത് ഡ്രൈവർമാരുടെ കുറവ് അനുഭവപ്പെട്ടതിനെ തുടർന്ന് കെഎസ്ആർടിസിയുടെ സഹായം തേടുകയായിരുന്നു മോട്ടോർ വാഹനവകുപ്പ്.  മഹാമാരിക്കാലത്ത് ഡ്രൈവർമാരുടെ കുറവു കാരണം പ്രാണവായു വിതരണം താളംതെറ്റാതിരിക്കാന്‍ മടിച്ചുനില്‍ക്കാതെ കെഎസ്ആർടിസി അധികൃതരും മുന്നോട്ടുവന്നു. ഓക്സിജന്‍ ടാങ്കറോടിക്കാന്‍ സ്വമേധയാ തയ്യാറായ ഡ്രൈവർമാരെ വിട്ടു നല്‍കിയിരിക്കുകയാണ് വകുപ്പ്.

പാലക്കാട് കഞ്ചിക്കോട്ടെ പ്രധാന ഓക്സിജന്‍ പ്ലാന്‍റില്‍ നിന്നും ദ്രവീകൃത ക്രയോജനിക് ടാങ്കറുകൾ സംസ്ഥാനത്തുടനീളമുള്ള ആശുപത്രികളിലേക്ക് എത്തിക്കുകയാണ് ഡ്രൈവര്‍മാരുടെ ജോലി. മാത്രമല്ല ആശുപത്രികളിലേക്ക് ടാങ്കറിൽ കൊണ്ടുവരുന്ന ഓക്‌സിജൻ ആശുപത്രികളുടെ ടാങ്കുകളിലേക്ക് നിശ്ചിത മർദത്തിൽ പകർത്തി നല്‍കുകയും വേണം. 

ഇതിനായി കെഎസ്ആര്‍ടിസി ഡ്രൈവർമാർക്ക് രണ്ടുദിവസത്തെ പരിശീലനം നൽകും എന്നാണ് റിപ്പോര്‍ട്ടുകള്‍. എറണാകുളത്ത് വച്ചാണ് മോട്ടോർ വാഹനവകുപ്പ് പരിശീലനം നല്‍കുക. പാലക്കാട് ഡിപ്പോയിൽ നിന്നും 35 ഉം എറണാകുളത്തുനിന്നും 25 ഡ്രൈവർമാർക്കുമാണ് ആദ്യഘട്ടത്തിൽ പരിശീലനം നൽകുന്നത്. ഇതിനുശേഷം ഇവരെ ഓക്‌സിജൻ ടാങ്കറുകളിൽ നിയോഗിക്കും. രണ്ടുദിവസത്തിനകം ഇവരെ ഓക്‌സിജൻ നീക്കത്തിന് ഉപയോഗിക്കാനാകും എന്നാണ് റിപ്പോര്‍ട്ടുകള്‍. 

സംസ്ഥാനത്ത് നിലവില്‍ 30 ക്രയോജനിക് ടാങ്കറുകളാണുള്ളത്. ഇതിനിടെ ഉത്തരേന്ത്യൻ കമ്പനി ഉപയോഗിക്കാതിട്ടിരുന്ന മൂന്ന് ടാങ്കറുകൾ മോട്ടോർ വാഹനവകുപ്പ് കഴിഞ്ഞദിവസം പിടിച്ചെടുത്തിരുന്നു. ഇവ ഉപയോഗിക്കാനും കഴിഞ്ഞ ദിവസം അനുമതി ലഭിച്ചിരുന്നു.

നിലവില്‍ കഞ്ചിക്കോട്ടെ കമ്പനിയുടെ ഡ്രൈവർമാർ വിശ്രമമില്ലാതെ ടാങ്കറുകൾ ഓടിച്ചുകൊണ്ടിരിക്കുകയാണ്. ഓക്‌സിജൻ നിറച്ച ടാങ്കറുകൾ 50 കിലോമീറ്ററിൽ കൂടുതൽ വേഗതയിൽ ഓടിക്കാൻ കഴിയില്ല. അതിനാൽ ലോഡ് ഇറക്കിയതിനുശേഷം ടാങ്കറുകൾ പരമാവധി വേഗതയിൽ തിരിച്ചെത്തിക്കുകയും ശേഷം പ്ലാന്‍റിൽ നിന്നും വീണ്ടും ഓക്‌സിജൻ നിറച്ച് മറ്റൊരു സ്ഥലത്തേക്ക്‌ ഉടൻ എത്തിക്കുകയുമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.  നിലവില്‍ പ്രശ്‍നമൊന്നും ഇല്ലെങ്കിലും ഈ ക്രമീകരണം താളം തെറ്റാതിരിക്കാനാണ് കൂടുതല്‍ ഡ്രൈവര്‍മാരെ നിയമിക്കാന്‍ മോട്ടോര്‍വാഹനവകുപ്പും കെഎസ്‍ആര്‍ടിസിയും കൈകോര്‍ത്തത്. 

മാത്രമല്ല കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മുൻനിരയിലുള്ള ആരോഗ്യവകുപ്പ്, റവന്യൂ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കും കെഎസ്ആർടിസി ഡ്രൈവർമാരെ വിട്ടു നല്‍കിയിട്ടുണ്ട്. ഒപ്പം ആംബുലൻസ് ഡ്രൈവർമാർക്ക് പകരമായി കോർപ്പറേഷൻ ഡ്രൈവർമാരും ചുമതലയേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!