വാഹന നിര്‍മ്മാണം മെയ് 16 വരെ ഹീറോ

By Web TeamFirst Published May 12, 2021, 4:22 PM IST
Highlights

ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കളായ ഹീറോ മോട്ടോകോർപ്പ് മെയ് 16 വരെ രാജ്യത്തുടനീളമുള്ള ഉൽപാദന സംവിധാനങ്ങൾ അടച്ചിടാൻ തീരുമാനിച്ചു

മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കളായ ഹീറോ മോട്ടോകോർപ്പ് മെയ് 16 വരെ രാജ്യത്തുടനീളമുള്ള ഉൽപാദന സംവിധാനങ്ങൾ അടച്ചിടാൻ തീരുമാനിച്ചു. ഏപ്രിൽ 22 മുതൽ മെയ് 1 വരെ നേരത്തെ പ്ലാന്റ് പ്രവർത്തനങ്ങൾ താൽക്കാലികമായി ഹീറോ മോട്ടോകോർപ്പ് നിർത്തിവച്ചിരുന്നു, പിന്നീട് ഇത് മെയ് 9 വരെ നീട്ടി. കൊവിഡ് പ്രതിസന്ധികൾ തുടരുന്ന പശ്ചാത്തലത്തിൽ ഇത് മെയ് 16 വരെ നീട്ടാൻ കമ്പനി തീരുമാനിച്ചതായി കാര്‍ ആന്‍ഡ് ബൈക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു.  

കമ്പനി തുടർച്ചയായി സ്ഥിതിഗതികൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്, സാഹചര്യം മെച്ചപ്പെടുമ്പോൾ വേഗത്തിൽ പ്രവർത്തനം പുനരാരംഭിക്കാൻ കഴിയുന്ന ബിസിനസ്സ് തുടർച്ച പദ്ധതി തയ്യാറാണെന്ന് ഹീറോ മോട്ടോകോർപ്പ് അറിയിച്ചു. 

അതേസമയം കൊവിഡ് -19 ദുരിത്വാശ്വാസ പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിൻറെ ഭാഗമായി ഇന്ത്യയിലാകമാനമുള്ള പ്രവർത്തനങ്ങൾ വിപുലീകരിച്ചിരുന്നു ലോകത്തിലെ ഏറ്റവും വലിയ മോട്ടോർസൈക്കിൾ, സ്‍കൂട്ടർ നിർമ്മാതാക്കളായ ഹീറോ മോട്ടോകോർപ് ലിമിറ്റഡ്. ഇതിന്‍റെ ഭാഗമായി കമ്പനിയുടെ കോർപറേറ്റ് സോഷ്യൽ റസ്പോൺസബിലിറ്റി പ്ലാറ്റ് ഫോം  ഹീറോ വി കെയർ വഴി ഹീറോ മോട്ടോകോർപ് ഹരിദ്വാറിലെ രാമകൃഷ്‍ണ മിഷൻ സേവാശ്രമം കൻഖാനുമായി( ആർ എം എസ് കെ), സഹകരിച്ച് പ്രവർത്തിക്കുകയാണ് കമ്പനി. 

കൊവിഡ് -19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് വേണ്ടിയുള്ള ആരോഗ്യ സംവിധാനത്തിനെ പിന്തുണക്കുകയാണ് കമ്പനി ചെയ്‍തുവരുന്നത്. റാപിഡ് റസ്പോൺസ് ടീമിൻറെയും മറ്റ് അടിയന്തര ചികിത്സാ സൗകര്യങ്ങളുടെയും ശേഷി വർധിപ്പിക്കുന്നതിനുള്ള പിന്തുണയാണ് നിലവിൽ നൽകുന്നത്. ഹരിദ്വാർ മേഖലയിൽ രോഗ വ്യാപനത്തിൻറെ തീവ്രത കുറയ്ക്കുന്നതിന് ആരോഗ്യ പരിപാടികളുടെ രൂപരേഖ നടപ്പാക്കുന്നതിന്  മിഷനെ സഹായിക്കുകയും ചെയ്യുന്നുവെന്നും കമ്പനി വ്യക്തമാക്കുന്നു. 

ദില്ലി, തലസ്ഥാന മേഖല, ഹരിയാന, ഉത്തരാഖണ്ഡ്, രാജസ്ഥാൻ, ഗുജറാത്ത് എന്നിവിടങ്ങളിലെ ആരോഗ്യ പ്രവർത്തകരുടെ സുരക്ഷിതമായ യാത്രക്ക് മോട്ടോർ സൈക്കിളുകളും സ്‍കൂട്ടറുകളും നൽകി വരുന്നുണ്ട്.  ആരോഗ്യ പ്രവർത്തകർക്കായി ഇരുചക്ര വാഹനങ്ങൾ വിതരണം ചെയ്‍തിട്ടുള്ളത് ഹരിയാനയിലെ ദാരുഹെറായിൽ ഏഴ് ആശുപത്രികൾ, ഉത്തരാഖണ്ഡിലെ നാല് ആശുപത്രികൾ, ഹരിയാനയിലെ ഗുരുഗ്രാമിലെ നാല് ആശുപത്രികൾ, ജയ്‍പൂരിലെ മൂന്ന് ആശുപത്രികൾ, രാജസ്ഥാനിലെ അൽവാറിലെയും ഗുജറാത്തിലെ ഹലോലിലെയും ഓരോ ആശുപത്രികൾ എന്നിവിടങ്ങളിലാണെന്നും ഹീറോ അറിയിച്ചു.  ഇതുകൂടാതെ ഹീറോ മോട്ടോകോർപ് അടിയന്തര ആവശ്യത്തിനുള്ള ഓക്സിജൻ സിലണ്ടറുകൾ ദില്ലിയിലും ഹരിയാനയിലും നൽകിയിരിക്കുന്നു. വിവിധ സംസ്ഥാനങ്ങളിലെ ആരോഗ്യ പ്രവർത്തകർക്കായി പിപിഇ കിറ്റുകളും കൈമാറിയിട്ടുണ്ട് ഹീറോ എന്നാണ് റിപ്പോര്‍ട്ടുകള്‍.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!