
കോഴിക്കോട്: നവകേരള സദസ്സിലേക്ക് മന്ത്രിസഭ ബസിലെത്തുന്പോൾ അകന്പടിയായി മറ്റൊരു ബസ് കൂടി ഒപ്പം ഓടുന്നുണ്ട്. യാത്രക്കാരില്ലാതെ, മണ്ഡലങ്ങളിൽ നിന്ന് മണ്ഡലങ്ങളിലേക്ക് ഒരു KSRTC ബസിന്റെ കാലിയിടിച്ചുള്ള യാത്ര എന്തിനാണ്? ചോക്ലേറ്റ് സൂപ്പർ സ്റ്റാറാണ് കാബിനറ്റുമായി പായുന്നത്. ആള് പൊതിയുന്ന സൂപ്പര്‍സ്റ്റാര്‍ തോക്ക് കാവലുളള വിഐപിയാണ്. സ്റ്റെപ്പ് സ്റ്റെപ്പായി അങ്ങനെ സംവിധാനങ്ങളുമുണ്ട്. കാറുകളുടെയൊക്കെ അകമ്പടിയിൽ അതിങ്ങനെ പായുകയും ചെയ്യും.
പക്ഷെ, എല്ലാ വണ്ടിയും പോയി, ചെറിയ ഇടവേള കഴിഞ്ഞ് പഴയൊരു സൂപ്പർ സ്റ്റാറിന്റെ വരവ് കാണാം. കെ എസ് ആർ ടി സി യുടെ എസി വോൾവോ ബസ്. നവകേരള സദസുളളിടത്തെല്ലാമുണ്ട്. കിംഗ് ക്ലാസെന്ന് പേരേയുളളൂ. പെക്ഷെ, മുന്നിലോടുന്ന കിങ്ങിന് പിറകേയാണ്. തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിലെ ആർഎസ് 781. അകമ്പടിയില്ല, ആരും കയറാനില്ല, ഇറങ്ങാനില്ല. ഒരേ ഓട്ടം.
കാബിനറ്റ് ബസിന്ർറെ യാത്രയെങ്ങാനും മുടങ്ങിയാലുളള പകരം സംവിധാനമാണ്. സുരക്ഷാ പ്രോട്ടോക്കോളിന്റെ ഭാഗമെന്ന് ഉദ്യോഗസ്ഥർ വിശദീകരിക്കുന്നു. നാല് ജീവനക്കാർ നവകേരള ബസിനുണ്ട്. അതുപോലെ പിന്നാലെയോടുന്ന സ്പെയർ നവകേരള ബസിലും. രണ്ടിലും കാക്കി യൂണിഫോമിലേക്കുളള മാറ്റവും നേരത്തെയെത്തിയിരുന്നു. മന്ത്രിസഭ കയറിയില്ലെങ്കിലും, നവകേരള ബസിന് പിന്നാലെ കേരളമാകെ കാലിയടിച്ച ക്രെഡിറ്റിൽ, മ്യൂസിയത്തിൽ വെക്കാൻ ആലോചനയുണ്ടാകുമോ എന്നതാണ് ബാക്കിയാകുന്ന ചോദ്യം.
അതേസമയം, നവകേരള സദസിന് മന്ത്രിസഭ ബസിലാണ് എത്തുന്നതെങ്കിലും മന്ത്രിമാരുടെ വാഹനത്തിന് ഓട്ടക്കുറവൊന്നുമില്ല. മന്ത്രിമാരുടെ സ്റ്റാഫ് അംഗങ്ങളെയും ലഗേജും കൊണ്ട് മിക്ക മന്ത്രിവാഹനങ്ങളും ചുരം കയറി വയനാട്ടിലെത്തിയിരുന്നു. എല്ലാ വേദികളിലേക്കും കാറുകൾ പോകുന്നില്ലെന്നാണ് ഗതാഗത മന്ത്രി ആന്‍റണി രാജുവിന്റെ വിശദീകരണം.
മന്ത്രി സഭയുടെ നവകേരള ബസ് യാത്ര ചെലവ് ചുരുക്കാനാണെന്ന വാദം പാളി. വയനാട്ടിലേക്ക് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെ വരവ് നവകേരള ബസിലായിരുന്നു. ഇതിൽ ബസിനൊപ്പം പൊലീസ് എസ്കോർട്ടും മറ്റു അകമ്പടി വാഹനങ്ങളും മാത്രമായിരുന്നു. എന്നാല്‍, താമസ സ്ഥലത്ത് നിന്നും പ്രഭാത യോഗത്തിലേക്ക് മന്ത്രിമാരെത്തുന്നത് ഓരോരോ വാഹനങ്ങളിലായിട്ടാണ്ട്. ചിലർ സ്വന്തം വാഹനത്തിൽ, ചിലർ ഒരുമിച്ചെത്തും. അതിനുമുണ്ടൊരു ന്യായവും ലാഭക്കണക്കും.
മന്ത്രിമാരുടെ ലഗേജുമായാണ് വാഹനങ്ങൾ ഹാൾട്ടങ് കേന്ദ്രത്തിലേക്ക് എത്തുക. ബസ് വരുന്ന വഴിയൊഴിവാക്കി, നേരത്തെ കാലത്തെ ലക്ഷ്യസ്ഥാനത്ത് എത്തും. അവിടെ നിന്ന് രാവിലെ നടക്കാൻ പോകാനും, പ്രസംഗ ചുമതലയുള്ളവർ വേദിയിലേക്ക് നേരത്തെ എത്താനും സ്വന്തം വാഹനം ഉപയോഗിക്കും. എന്നാലും ലഭാമെന്നാണ് നിലവിലെ സർക്കാർ കണക്ക്.