പാ‍ർട്‍സ് വാങ്ങാൻ പണമില്ല, ഈ സൂപ്പ‍ർ ബൈക്കുകളുടെ ഉത്പാദനം നിർത്തി!

Published : Apr 27, 2025, 03:36 PM IST
പാ‍ർട്‍സ് വാങ്ങാൻ പണമില്ല, ഈ സൂപ്പ‍ർ ബൈക്കുകളുടെ ഉത്പാദനം നിർത്തി!

Synopsis

ഓസ്ട്രിയയിലെ മാറ്റിഗോഫെൻ പ്ലാന്റിൽ ഘടകങ്ങളുടെ കുറവ് മൂലം കെടിഎം ബൈക്ക് ഉത്പാദനം നിർത്തിവച്ചു. ചില പ്രധാന വിതരണക്കാരുടെ കുടിശ്ശിക അടയ്ക്കാൻ കഴിയാത്തതാണ് പ്രശ്നത്തിന് കാരണം. 2025 ജൂലൈയിൽ ഉത്പാദനം പുനരാരംഭിക്കാൻ കമ്പനി പദ്ധതിയിടുന്നു.

ലോകപ്രശസ്‍ത ഓസ്ട്രിയൻ മോട്ടോർസൈക്കിൾ നിർമ്മാതാക്കളായ  കെടിഎം ഒരു ദുഷ്‌കരമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ഓസ്ട്രിയയിലെ മാറ്റിഗോഫെൻ പ്ലാന്റിൽ ബൈക്കുകളുടെ ഉത്പാദനം കമ്പനിക്ക് വീണ്ടും നിർത്തേണ്ടിവന്നു എന്നാണ് പുതിയ റിപ്പ‍ോ‍ട്ടുകൾ. ഉൽപ്പാദനത്തിന് ആവശ്യമായ ഘടകങ്ങളുടെ കുറവാണ് പ്രൊഡക്ഷൻ നി‍ത്തിവയ്ക്കുന്നതിലേക്ക് നയിച്ചത് എന്നാണ് റിപ്പോർട്ടുകൾ. 

ചില പ്രധാന വിതരണക്കാരുടെ കുടിശ്ശിക അടയ്ക്കാൻ കമ്പനിക്ക് കഴിഞ്ഞിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. ഇക്കാരണത്താൽ, ബൈക്ക് നി‍ർമ്മാണത്തിന് അവശ്യ ഘടകങ്ങളുടെ വിതരണം നിലച്ചു. ഈ ഭാഗങ്ങളില്ലാതെ ബൈക്ക് നിർമ്മിക്കുന്നത് അസാധ്യമായി. അത്തരമൊരു സാഹചര്യത്തിൽ, ഉത്പാദനം നിർത്തുകയല്ലാതെ കെടിഎമ്മിന് മറ്റ് മാർഗമില്ലായിരുന്നു. ആറ് ആഴ്ച മുമ്പാണ് കെടിഎം ഓസ്ട്രിയയിൽ തങ്ങളുടെ മോട്ടോർസൈക്കിളുകളുടെ ഉത്പാദനം പുനരാരംഭിച്ചത്. ഇതാണ് വീണ്ടും നിർത്തുന്നത്. 

സ്ഥിതി മെച്ചപ്പെട്ടുകഴിഞ്ഞാൽ 2025 ജൂലൈ മുതൽ ഉത്പാദനം പുനരാരംഭിക്കാൻ പദ്ധതിയിടുന്നതായി കെടിഎം പറയുന്നു. കമ്പനി നിലവിൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ മറികടക്കാൻ ശ്രമിക്കുകയാണ്. മുൻകാലങ്ങളിൽ, കെടിഎമ്മിന് വലിയ നഷ്ടം നേരിടേണ്ടി വന്നിരുന്നു. ഒരുഘട്ടത്തിൽ കമ്പനി വിൽക്കുകയോ അടച്ചുപൂട്ടുകയോ ചെയ്യേണ്ടി വന്നിരുന്നു. ഇപ്പോൾ കെടിഎം വീണ്ടും അതിന്റെ ഐഡന്റിറ്റി ശക്തിപ്പെടുത്തുന്ന തിരക്കിലാണ്. പിരിച്ചുവിടലുകൾ ഒഴിവാക്കാൻ മെയ് 1 മുതൽ ജൂലൈ 31 വരെ ആഴ്ചയിൽ 30 മണിക്കൂർ പ്രവൃത്തി സമയം ഏർപ്പെടുത്തിയതായും റിപ്പോ‍ർട്ടുകൾ പറയുന്നു. കമ്പനിയിലെ ജീവനക്കാർക്ക് ആനുപാതികമായ വേതന വെട്ടിക്കുറവ് നേരിടേണ്ടിവരുമെന്നും റിപ്പോർട്ടുകൾ ഉണ്ട്. നിലവിൽ, ഉൽപ്പാദന വെയർഹൗസുകളിൽ അവശ്യ ഘടകങ്ങൾ ഇല്ലാത്തതിനാൽ ഉൽപ്പാദനം പുനരാരംഭിക്കുന്ന സമയപരിധി കമ്പനി പരാമർശിച്ചിട്ടില്ല. വെയർഹൗസുകളിൽ സൂക്ഷിച്ചിരുന്ന ലഭ്യമായ വസ്തുക്കൾ ഉപയോഗിച്ച് ഇതുവരെ 4,200 മോട്ടോർസൈക്കിളുകൾ മാത്രമേ നിർമ്മിച്ചിട്ടുള്ളൂ. ജൂൺ പകുതിയോടെ കമ്പനിക്ക് താൽക്കാലികമായി ഉത്പാദനം പുനരാരംഭിക്കാൻ കഴിയുമെന്ന് വിശ്വസിക്കപ്പെടുന്നു; എന്നിരുന്നാലും, അത് ഉറപ്പിച്ചു പറയാൻ കഴിയില്ല.

അതേസമയം അന്താരാഷ്ട്ര വിപണികളിൽ ബ്രാൻഡിന് തിരിച്ചടി നേരിടേണ്ടി വന്നെങ്കിലും, ഇന്ത്യൻ വിപണിയിൽ കെടിഎം വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. കമ്പനി അടുത്തിടെ പുതിയ 390 എൻഡ്യൂറോയും 390 അഡ്വഞ്ചറും ഇന്ത്യയിൽ പുറത്തിറക്കി. 3.36 ലക്ഷം രൂപയ്ക്ക് 390 എൻഡ്യൂറോയും 2.6 ലക്ഷം രൂപയ്ക്ക് 390 അഡ്വഞ്ചറും പുറത്തിറക്കി. അഡ്വഞ്ചർ മോട്ടോർസൈക്കിൾ പ്രേമികളെ ആകർഷിക്കുന്നതിനായാണ് ഈ രണ്ട് കരുത്തുറ്റ ഓഫ്-റോഡർ മോട്ടോർസൈക്കിളുകളും പുറത്തിറക്കിയിരിക്കുന്നത്. ഇവ വളരയധികം ജനപ്രിയമാകുന്നതായാണ് റിപ്പോർ‍ട്ടുകൾ. 
 

PREV
Read more Articles on
click me!

Recommended Stories

സഞ്ചരിക്കുന്ന കോട്ട ഇന്ത്യയിലേക്ക്?! വൈറലായി മോദിയും പുടിനും ഒരുമിച്ച് സഞ്ചരിച്ച ആ കാ‍ർ
നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ