ഈ ബൈക്കിന്‍റെ വില്‍പ്പന കെടിഎം നിര്‍ത്തി

By Web TeamFirst Published Apr 17, 2021, 10:39 AM IST
Highlights

മോട്ടോര്‍സൈക്കിളിന്റെ ഇന്ത്യയിലെ വില്‍പ്പന നിർത്തിയതിനെ തുടര്‍ന്നാണ് ഈ നീക്കം എന്നാണ് റിപ്പോര്‍ട്ടുകള്‍

ഓസ്‍ട്രിയന്‍ സൂപ്പര്‍ ബൈക്ക് നിര്‍മ്മാതാക്കളായ കെടിഎമ്മിന്‍റെ ആര്‍സി 390 ഇന്ത്യയിലെ ഔദ്യോഗിക വെബ്‌സൈറ്റില്‍നിന്ന് നീക്കം ചെയ്‍തതായി റിപ്പോർട്ട്. മോട്ടോര്‍സൈക്കിളിന്റെ ഇന്ത്യയിലെ വില്‍പ്പന നിർത്തിയതിനെ തുടര്‍ന്നാണ് ഈ നീക്കം എന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്ത തലമുറ കെടിഎം ആര്‍സി 390 ഇന്ത്യന്‍ വിപണിയില്‍ എത്തിയേക്കും എന്നും ഗാഡിവാഡി ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു. 

നിലവിലെ തലമുറ മോഡലിന്റെ ബുക്കിംഗ് സ്വീകരിക്കുന്നത് ഡീലര്‍ഷിപ്പുകള്‍ നിര്‍ത്തിവെച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോള്‍ ഡീലര്‍മാര്‍ സ്റ്റോക്ക് വിറ്റഴിക്കുന്നതിന്റെ തിരക്കുകളിലാണ്. കെടിഎം ആര്‍സി 390 സെഗ്‌മെന്റിലെ ഏറ്റവും കരുത്തേറിയ മോട്ടോര്‍സൈക്കിളാണ്. കെടിഎം ആര്‍സി 390 ആദ്യമായി അരങ്ങേറിയത് 2013 ഐക്മ മോട്ടോര്‍സൈക്കിള്‍ ഷോയിലാണ്. 2014ൽ വിപണികളില്‍ അവതരിപ്പിച്ചു. പിന്നീട് മോട്ടോര്‍സൈക്കിളില്‍ നിരവധി പരിഷ്‌കാരങ്ങള്‍ വരുത്തിയിരുന്നു.

കുറച്ചുകാലമായി കെടിഎം അടുത്ത തലമുറ ആര്‍സി 390 മോട്ടോര്‍സൈക്കിളിന്റെ പ്രവര്‍ത്തനങ്ങളിലാണെന്നാണ് റിപ്പോർട്ട്. പുതു തലമുറ കെടിഎം ആര്‍സി 390 നിലവിലെ മോട്ടോര്‍സൈക്കിളില്‍നിന്ന് പലതരത്തിലും വ്യത്യസ്തമായിരിക്കും.

നിലവിലെ പഴക്കംചെന്ന ഓറഞ്ച് ബാക്ക്‌ലിറ്റ് എല്‍സിഡി ഇന്‍സ്ട്രുമെന്റ് പാനല്‍ ഒഴിവാക്കി പുതുതായി ഫുള്‍ കളര്‍ ടിഎഫ്ടി സ്‌ക്രീന്‍ ലഭിച്ചേക്കും. ബ്ലൂടൂത്ത് വഴി സ്മാര്‍ട്ട്‌ഫോണ്‍ കണക്റ്റ് ചെയ്യാന്‍ കഴിയും. നിലവിലെ അതേ 373 സിസി, സിംഗിള്‍ സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ് എന്‍ജിനായിരിക്കും കരുത്തേകുന്നത്. എന്നാല്‍ കരുത്തും ടോര്‍ക്കും അല്‍പ്പം വര്‍ധിപ്പിച്ചായിരിക്കും എൻജിൻ നൽകുക. നിലവില്‍ ഈ എൻജിൻ 42.9 ബിഎച്ച്പി കരുത്തും 36 എന്‍എം ടോര്‍ക്കുമാണ് പരമാവധി ഉല്‍പ്പാദിപ്പിക്കുന്നത്.

പുതിയ കെടിഎം ആര്‍സി 390 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്ന കൃത്യം തീയതി പ്രഖ്യാപിച്ചിട്ടില്ല. ആദ്യം യൂറോപ്പിലും പിന്നീട് ഇന്ത്യയിലും മോട്ടോര്‍സൈക്കിള്‍ പരീക്ഷിച്ചതായി റിപ്പോർട്ടുകളുണ്ട്. 

click me!