
ടോൾ പ്ലാസയിൽ നിങ്ങളുടെ കാറിന്റെ ഫാസ്‍ടാഗ് പെട്ടെന്ന് പ്രവർത്തിക്കുന്നത് നിർത്തിയാൽ പരിഭ്രാന്തരാകേണ്ടതില്ല. നിരവധി വാഹന ഉടമകൾ അടുത്തിടെ ഈ പ്രശ്‍നം നേരിട്ടിട്ടുണ്ട്. ഇതിനുള്ള പ്രധാന കാരണം നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) നിർബന്ധമാക്കിയ കെവൈവി (നോ യുവർ വെഹിക്കിൾ അഥവാ നിങ്ങളുടെ വാഹനത്തെ അറിയുക) എന്ന പരിശോധനാ പ്രക്രിയയാണ്. ഓരോ ഫാസ്‍ടാഗും ശരിയായ വാഹനവുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്നും ദുരുപയോഗം ചെയ്യുന്നില്ലെന്നും ഈ സംവിധാനം ഉറപ്പാക്കുന്നു.
ഫാസ്‍ടാഗ് കെവൈവി എന്നത് ഒരു വാഹന തിരിച്ചറിയൽ പ്രക്രിയയാണ്. വാഹന ഉടമകൾ അവരുടെ ഫാസ്‍ടാഗ് സ്റ്റിക്കർ അത് നൽകിയ വാഹനത്തിൽ ഒട്ടിച്ചിട്ടുണ്ടെന്ന് തെളിയിക്കേണ്ടതുണ്ട്. ഈ പരിശോധനയിൽ കാറിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും വാഹനത്തിന്റെ ഫോട്ടോയും അപ്‌ലോഡ് ചെയ്യുന്നത് ഉൾപ്പെടുന്നു. പ്രത്യേകിച്ച് വാണിജ്യ വാഹനങ്ങൾ മറ്റ് വാഹനങ്ങളിൽ നിന്നുള്ള ടാഗുകൾ ദുരുപയോഗം ചെയ്യുന്ന സന്ദർഭങ്ങളിൽ, വഞ്ചന തടയുക എന്നതാണ് ഈ പ്രക്രിയയുടെ ലക്ഷ്യം. എങ്കിലും, ഈ പ്രക്രിയ ആരംഭിച്ചപ്പോൾ, നിരവധി സ്വകാര്യ വാഹന ഉടമകൾ ബുദ്ധിമുട്ടുകൾ നേരിട്ടു. അതിനാൽത്തന്നെ എൻഎച്ച്എഐ ഇപ്പോൾ ചില പ്രധാന മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.
ഇപ്പോൾ മുമ്പത്തെപ്പോലെ ഒന്നിലധികം ഫോട്ടോകൾ അപ്‌ലോഡ് ചെയ്യേണ്ട ആവശ്യമില്ല. വാഹന ഉടമകൾ നമ്പർ പ്ലേറ്റും വിൻഡ്‌ഷീൽഡിൽ സ്ഥാപിച്ചിരിക്കുന്ന ഫാസ്റ്റ് ടാഗും വ്യക്തമായി കാണിക്കുന്ന ഒരു മുൻവശത്തെ ഫോട്ടോ മാത്രമേ അപ്‌ലോഡ് ചെയ്യേണ്ടതുള്ളൂ. നിങ്ങളുടെ വാഹന നമ്പർ നൽകുമ്പോൾ, സിസ്റ്റം സ്വയമേവ വാഹൻ ഡാറ്റാബേസിൽ നിന്ന് ആർസി വിവരങ്ങൾ എടുക്കും. ഏതെങ്കിലും കാരണത്താൽ കെവൈവി അപൂർണ്ണമായി തുടരുകയാണെങ്കിൽ ഫാസ്‍ടാഗ് ഉടനടി നിർജ്ജീവമാക്കില്ല. പകരം, പ്രക്രിയ പൂർത്തിയാക്കാൻ എൻഎച്ച്എഐ വാഹന ഉടമയ്ക്ക് എസ്‍എംഎസ് ഓർമ്മപ്പെടുത്തലുകൾ അയയ്ക്കും.
ഒന്നിലധികം വാഹനങ്ങളുടെ ഫാസ്റ്റ് ടാഗുകൾ ഒരു മൊബൈൽ നമ്പറിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ, ഇനി ഏത് വാഹനമാണ് ആദ്യം പരിശോധിക്കേണ്ടതെന്ന് ഉടമയ്ക്ക് തിരഞ്ഞെടുക്കാം. കൂടാതെ, രേഖകൾ അപ്‌ലോഡ് ചെയ്യുന്നതിൽ എന്തെങ്കിലും പ്രശ്‌നം ഉണ്ടായാൽ, ബന്ധപ്പെട്ട ബാങ്ക് തന്നെ ഉപഭോക്താവിനെ ബന്ധപ്പെടുകയും സഹായം നൽകുകയും ചെയ്യും.