
സൂപ്പര്‍ കാര്‍ നിര്‍മ്മാതാക്കളായ ലംബോര്‍ഗിനിയുടെ ഉറാകാന്‍ ഇവോ ആര്‍ഡബ്ല്യുഡി സ്‌പൈഡര്‍ അനാവരണം ചെയ്‍തു. കൊവിഡ് പശ്ചാത്തലത്തില്‍ ഓഗ്മെന്റഡ് റിയാലിറ്റി ഉപയോഗിച്ചാണ് ലംബോര്‍ഗിനി തങ്ങളുടെ ഏറ്റവും പുതിയ മോഡല്‍ പ്രദര്‍ശിപ്പിച്ചത്. ഒരു കാറിന്റെ അവതരണത്തിന് ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ലോകത്തെ ആദ്യ കാര്‍ നിര്‍മാതാക്കളാണ് ലംബോര്‍ഗിനി. കമ്പനി വെബ്‌സൈറ്റ് വഴിയാണ് റിയര്‍ വീല്‍ ഡ്രൈവ് മോഡലായ ഉറാകാന്‍ ഇവോ ആര്‍ഡബ്ല്യുഡി സ്‌പൈഡര്‍ അനാവരണം ചെയ്തത്. ഇവോ കൂപ്പെ, ഇവോ സ്‌പൈഡര്‍, ഇവോ ആര്‍ഡബ്ല്യുഡി കൂപ്പെ എന്നീ മോഡലുകള്‍ നേരത്തെ വിപണിയിലെത്തിച്ചിരുന്നു.
5.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് വി10 എന്‍ജിനാണ് ഈ ഡ്രോപ്പ് ടോപ്പ് ലംബോയുടെ ഹൃദയം. 602 ബിഎച്ച്പി പരമാവധി കരുത്ത് ഉല്‍പ്പാദിപ്പിക്കുംവിധം മോട്ടോര്‍ ട്യൂണ്‍ ചെയ്തിരിക്കുന്നു. സ്റ്റാന്‍ഡേഡ് ഉറാകാന്‍ ഇവോയേക്കാള്‍ 29 ഓളം കുതിരകള്‍ കുറവ്. 560 എന്‍എം പരമാവധി ടോര്‍ക്കാണ് സ്‌പോര്‍ട്‌സ്‌കാര്‍ പുറപ്പെടുവിക്കുന്നത്. എഡബ്ല്യുഡി വേര്‍ഷനേക്കാള്‍ 40 എന്‍എം കുറവ്. എന്‍ജിനുമായി ചേര്‍ത്തുവെച്ച 7 സ്പീഡ് എല്‍ഡിഎഫ് (ലംബോര്‍ഗിനി ഡോപ്പിയ ഫ്രിസിയോണി) ഡുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് പിന്‍ ചക്രങ്ങളിലേക്ക് കരുത്ത് എത്തിക്കുന്നത്. പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വേഗമാര്‍ജിക്കാന്‍ 3.5 സെക്കന്‍ഡ് മതി. മണിക്കൂറില്‍ 324 കിലോമീറ്ററാണ് ടോപ് സ്പീഡ്. സ്ട്രാഡ, സ്‌പോര്‍ട്ട്, കോഴ്‌സ എന്നിവയാണ് മൂന്ന് ഡ്രൈവിംഗ് മോഡുകള്‍.
സ്റ്റീല്‍ ബ്രേക്ക് ഡിസ്‌ക്കുകള്‍, 19 ഇഞ്ച് കാരി വീലുകള്‍ എന്നിവ സ്റ്റാന്‍ഡേഡായി നല്‍കി. അതേസമയം കാര്‍ബണ്‍ സെറാമിക് ഡിസ്‌ക്കുകള്‍, 20 ഇഞ്ച് വീലുകള്‍ എന്നിവ ഓപ്ഷണലായി ലഭിക്കും. ഉറാകാന്‍ ഇവോ ആര്‍ഡബ്ല്യുഡി വേര്‍ഷനേക്കാള്‍ 120 കിലോഗ്രാം ഭാരം കൂടുതലാണ്.
ഉറാകാന്‍ ഇവോ ആര്‍ഡബ്ല്യുഡി എന്ന കൂപ്പെ വേര്‍ഷന്റെ അതേ സ്‌പെസിഫിക്കേഷനുകളും പവര്‍ കണക്കുകളുമാണ് ഉറാകാന്‍ ഇവോ ആര്‍ഡബ്ല്യുഡി സ്‌പൈഡര്‍ എന്ന കണ്‍വെര്‍ട്ടിബിള്‍ വേര്‍ഷനില്‍ നല്‍കിയിരിക്കുന്നത്. അതേസമയം രൂപകല്‍പ്പന, സ്‌റ്റൈലിംഗ് എന്നിവ ഉറാകാന്‍ ഇവോ സ്‌പൈഡര്‍ എന്ന ഓള്‍ വീല്‍ ഡ്രൈവ് (എഡബ്ല്യുഡി) വേര്‍ഷനുമായി ഏറെക്കുറേ സമാനമാണ്. മുന്നില്‍ പൂര്‍ണമായും പുതിയ സ്പ്ലിറ്റര്‍, പിറകില്‍ പുതിയ ഡിഫ്യൂസര്‍, ഗ്ലോസി ബ്ലാക്ക് ബംപര്‍ എന്നിവ കാണാം. എഡബ്ല്യുഡി വേര്‍ഷനില്‍ കണ്ടതില്‍നിന്ന് വ്യത്യസ്തമാണ് മുന്നിലെ ഇന്‍ടേക്കുകളിലെ ഫിന്നുകള്‍.
കണ്‍വെര്‍ട്ടിബിള്‍ റൂഫ് സംബന്ധിച്ചാണെങ്കില്‍, ഉറാകാന്‍ ഇവോ സ്‌പൈഡറില്‍ കണ്ടതിന് സമാനമായിരിക്കും. റൂഫ് മടക്കുന്നതിന് ഇലക്ട്രോ ഹൈഡ്രോളിക് പ്രവര്‍ത്തനരീതിയാണ് അവലംബിക്കുന്നത്. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗത്തിലാണെങ്കില്‍ ഫാബ്രിക് സോഫ്റ്റ് ടോപ്പ് താഴ്ത്തുന്നതിന് 17 സെക്കന്‍ഡ് മതി. ഓള്‍ വീല്‍ ഡ്രൈവ് വേര്‍ഷന് സമാനമാണ് 2 സീറ്റ് കാബിന്‍. അതേ ലേഔട്ട് നല്‍കി. അല്‍കാന്ററ തുകല്‍ ഉപയോഗിച്ചു. 8.4 ഇഞ്ച് വലുപ്പമുള്ള ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം ലംബമായി സ്ഥാപിച്ചു. ആപ്പിള്‍ കാര്‍പ്ലേ, ആമസോണ്‍ അലെക്‌സ വോയ്‌സ് റെക്കഗ്‌നിഷന്‍ എന്നിവ നല്‍കി. എന്നാല്‍ ആന്‍ഡ്രോയ്ഡ് ഓട്ടോ കണക്റ്റിവിറ്റി ലഭ്യമല്ല. പിറകിലെ വിന്‍ഡോ ഇലക്ട്രിക്കലായി താഴ്ത്താം.