വില മൂന്നുകോടി, പക്ഷേ ഇന്ത്യക്കാര്‍ ഈ കാര്‍ വാങ്ങുന്നത് ആഴ്ചയില്‍ ഒന്നുവീതം!

By Web TeamFirst Published Oct 1, 2019, 3:09 PM IST
Highlights

ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് പല നിര്‍മ്മാതാക്കളും കടന്നുപോകുമ്പോള്‍ കോടികളുടെ വാഹനം ചൂടപ്പം പോലെ വിറ്റ് ഒരു കമ്പനി

മുന്‍ വര്‍ഷങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ രാജ്യത്തെ വാഹന വിപണിയിലെ ഇടിവ് തുടരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് പല നിര്‍മ്മാതാക്കളും കടന്നുപോകുന്നത്. ഉത്പ്പാദനം വെട്ടിക്കുറക്കുന്നതും നിര്‍മ്മാണ ശാലകള്‍ താല്‍ക്കാലികമായി അടച്ചുപൂട്ടുന്നതടക്കമുള്ള നീക്കങ്ങളുമായാണ് പല കമ്പനികളും പിടിച്ചു നില്‍ക്കുന്നത്.

എന്നാല്‍ ഈ പ്രതിസന്ധിയൊന്നും ഇറ്റാലിയന്‍ ആഡംബര കാര്‍ നിര്‍മ്മാതാക്കളായ ലംബോര്‍ഗിനിയെ ബാധിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കമ്പനിയുടെ കോടികള്‍ വിലയുള്ള ഉറൂസ് എസ്‍യു‍വിക്ക് മികച്ചവില്‍പ്പനയാണ് ഇന്ത്യയിലെന്നാണ് റിപ്പോര്‍ട്ടുകള്‍. മൂന്നു കോടി രൂപയ്ക്കുമേല്‍ ഷോറൂം വിലയുള്ള വാഹനം ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവില്‍ കഴിഞ്ഞ വര്‍ഷമാണ് ഇന്ത്യയിലെത്തുന്നത്. വിപണിയിലെത്തി ഒരു വര്‍ഷത്തിനുള്ളില്‍ 50 ഉറൂസുകളാണ് കമ്പനി വിറ്റത്. മാന്ദ്യകാലത്തും ഓരോ ആഴ്ചയും ഒന്നെന്ന കണക്കിലാണ് വാഹനം വിറ്റതെന്നതാണ് ഇതിലെ കൗതുകം. 

2018 ജനുവരിയിലാണ് ലംബോര്‍ഗിനിയുടെ ആദ്യ എസ്‌യുവിയായ ഉറുസ് അവതരിപ്പിച്ചത്. കാല്‍ നൂറ്റാണ്ടിന് ശേഷം ലംബോര്‍ഗിനി നിരയില്‍ പിറവിയെടുത്തിരിക്കുന്ന രണ്ടാം എസ്‌യുവിയാണ് ഉറൂസ്.  മൂന്ന് കോടി രൂപയാണ് പുതിയ ലംബോര്‍ഗിനി ഉറൂസ് എസ്‌യുവിയുടെ എക്‌സ്‌ഷോറൂം വില.

4.0 ലിറ്റര്‍ ട്വിന്‍ടര്‍ബ്ബോ V8 എഞ്ചിനാണ് ലംബോര്‍ഗിനി ഉറൂസിന്റെ ഹൃദയം. 6,000 ആര്‍പിഎമ്മില്‍ 641 ബിഎച്ച്പി കരുത്തും 2,2504,500 ആര്‍പിഎമ്മില്‍ 850 Nm ടോര്‍ഖും ഈ എഞ്ചിന്‍ ഉത്പാദിപ്പിക്കും.

3.6 സെക്കന്‍ഡുകള്‍ കൊണ്ട് നിശ്ചലാവസ്ഥയില്‍ നിന്നും നൂറ് കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഉറൂസിന് സാധിക്കും. മണിക്കൂറില്‍ 305 കിലോമീറ്ററാണ് വാഹനത്തിന്‍റെ പരമാവധി വേഗത.

ആറ് ഡ്രൈവിംഗ് മോഡുകളുണ്ട് ഉറൂസില്‍. ഇതില്‍ സാബിയ (മണല്‍), ടെറ (ഗ്രാവല്‍), നിവി (മഞ്ഞ്) എന്നീ മൂന്ന് ഡ്രൈവിംഗ് മോഡുകള്‍ ഓഫ്‌റോഡിംഗ് ലക്ഷ്യമിട്ടുള്ളതാണ്. 5,112 മി.മീ നീളവും, 2,016 മി.മീ വീതിയും, 1,683 മി.മീ ഉയരവുമാണ് എസ്‌യുവിക്കുള്ളത്. 3,003 മി.മീ നീളമേറിയതാണ് വീല്‍ബേസ്.
 

click me!