മികച്ച വില്‍പ്പനയുമായി ലംബോര്‍ഗിനി

By Web TeamFirst Published Mar 24, 2021, 3:58 PM IST
Highlights

2020ല്‍ ആഗോളതലത്തില്‍ 7,430 സൂപ്പര്‍കാറുകള്‍ ഡെലിവറി ചെയ്‍തതായി പ്രഖ്യാപിച്ച് ആഡംബര വാഹന നിര്‍മ്മാതാക്കളായ  ലംബോര്‍ഗിനി.

2020ല്‍ ആഗോളതലത്തില്‍ 7,430 സൂപ്പര്‍കാറുകള്‍ ഡെലിവറി ചെയ്‍തതായി പ്രഖ്യാപിച്ച് ആഡംബര വാഹന നിര്‍മ്മാതാക്കളായ  ലംബോര്‍ഗിനി. ഇതോടെ വിറ്റുവരവിന്റെയും വില്‍പ്പനയുടെയും അടിസ്ഥാനത്തില്‍ കമ്പനിയുടെ ചരിത്രത്തിലെ രണ്ടാമത്തെ മികച്ച വര്‍ഷമായി 2020 മാറി. 

സാഹചര്യങ്ങളുമായി അതിവേഗം പൊരുത്തപ്പെടാനുള്ള ശേഷി, സമ്മിശ്രമായ പ്രവര്‍ത്തന രീതി, തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് വര്‍ധിച്ചുവരുന്ന കസ്റ്റമൈസേഷന്‍ ആവശ്യകത എന്നിവയെല്ലാം ലാഭക്ഷമത പുതിയ തലത്തില്‍ എത്തുന്നതിന് കാരണമായതായി ഓട്ടോമൊബിലി ലംബോര്‍ഗിനി പ്രസിഡന്റും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ സ്റ്റെഫാന്‍ വിങ്കില്‍മാന്‍ പറഞ്ഞതായി ബിസിനസ് ഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. 

കാര്‍ ഡെലിവറികളുടെ കാര്യത്തില്‍ 2019 ല്‍ പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ചിരുന്നു. 8,205 കാറുകളാണ് ആ വര്‍ഷം ഡെലിവറി ചെയ്തത്. 2020 ല്‍ 7,430 യൂണിറ്റ് ഡെലിവറി ചെയ്ത് കമ്പനിയുടെ ചരിത്രത്തിലെ രണ്ടാമത്തെ മികച്ച നേട്ടം കൈവരിക്കാനായി. യുഎസ് തന്നെയാണ് ലംബോര്‍ഗിനിയുടെ പ്രധാന വിപണി. 2,224 കാറുകളാണ് അവിടെ ഡെലിവറി ചെയ്തത്. ജര്‍മനിയില്‍ 607 പേര്‍ക്ക് കൈമാറി. മെയിന്‍ലന്‍ഡ് ചൈന, ഹോങ്കോങ്, മക്കാവു എന്നിവിടങ്ങളിലായി 604 യൂണിറ്റ് ഡെലിവറി ചെയ്തു. ജപ്പാന്‍ (600), യുകെ (517), ഇറ്റലി (347) എന്നിവയാണ് മറ്റ് പ്രധാന വിപണികള്‍. വരുംവര്‍ഷങ്ങളില്‍ തങ്ങളുടെ രണ്ടാമത്തെ മികച്ച വിപണിയായി ചൈന മാറുമെന്നാണ് ലംബോര്‍ഗിനി പ്രതീക്ഷിക്കുന്നത്.

കൊവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഇറ്റാലിയന്‍ ബ്രാന്‍ഡിന്റെ നേട്ടത്തിന് തിളക്കമേറെയാണ്. ഓട്ടോമൊബീല്‍ ഉള്‍പ്പെടെയുള്ള മിക്ക വ്യവസായങ്ങളെയും കൊവിഡ് 19 പ്രതിസന്ധിയിലാക്കിയപ്പോള്‍ ലംബോര്‍ഗിനിക്ക് പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞു.

കൊവിഡ് 19 വ്യാപകമായതിനെതുടര്‍ന്ന് ഇറ്റാലിയന്‍ സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം കമ്പനി എഴുപത് ദിവസം ഉല്‍പ്പാദനം നിര്‍ത്തിവെച്ചിരുന്നു. 2019 വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ 11 ശതമാനം കുറഞ്ഞെങ്കിലും കഴിഞ്ഞ വര്‍ഷം 1.61 ബില്യണ്‍ യൂറോയുടെ വിറ്റുവരവ് ലംബോര്‍ഗിനി നേടിയെന്നത് ശ്രദ്ധേയമാണ്. 
 

click me!