ഐപിഎല്ലിന്‍റെ പങ്കാളികളായി പുത്തന്‍ ടാറ്റാ സഫാരിയും

By Web TeamFirst Published Mar 24, 2021, 3:03 PM IST
Highlights

ബിസിസിഐയുമായുള്ള പങ്കാളിത്തം നാലാം വര്‍ഷവും തുടരുകയാണ് ഇന്ത്യയിലെ പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടാറ്റാ മോട്ടോഴ്‍സ്

മുംബൈ: ബിസിസിഐയുമായുള്ള പങ്കാളിത്തം നാലാം വര്‍ഷവും തുടരുകയാണ് ഇന്ത്യയിലെ പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടാറ്റാ മോട്ടോഴ്‍സ്. ഇപ്പോള്‍ പുതിയ സഫാരിയും 2021ലെ വിവോ ഐപിഎല്ലിന്റെ ഔദ്യോഗിക പങ്കാളികളായിരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ടാറ്റ. ഇന്ത്യയിലക്ക് മടങ്ങിയെത്തുന്ന ടൂര്‍ണമെന്റ് അടുത്തിടെ പുറത്തിറങ്ങിയ തങ്ങളുടെ പുതിയ ബ്രാന്‍ഡിന്റെ പ്രദര്‍ശനത്തിനും അവതരണത്തിനും പറ്റിയ ശക്തമായ വേദിയായാണ് കരുതുന്നതെന്ന് കമ്പനി  വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 

ഏപ്രില്‍ ഒമ്പതിന് ചെന്നൈയില്‍ ആരംഭിക്കുന്ന ഐപിഎല്‍- 2021 ദില്ലി, മുംബൈ, ബംഗളൂരു, കൊല്‍ക്കത്ത എന്നിവിടങ്ങളിലും ഫൈനല്‍ മത്സരങ്ങള്‍ നടക്കുന്ന അഹമ്മദാബാദിലുമായി ആറ് വേദികളിലായാണ് സംഘടിപ്പിക്കുന്നത്. 

വിഷമകരമായ ഒരു വര്‍ഷത്തിന് ശേഷം ഇന്ത്യന്‍ വേദികളിലേക്ക് മടങ്ങിവരുന്നതിനാല്‍ ഈ വര്‍ഷത്തെ ഐപിഎല്ലിനെ വളരെ പ്രാധാന്യത്തോടെയാണ് കാണുന്നതെന്നും അതിഗംഭീരമായ ഈ ലീഗിനെ ഇന്ത്യന്‍ വേദികളിലേക്ക് വീണ്ടും സ്വാഗതം ചെയ്യുന്നുവെന്നതാണ് ഇവിടുത്തെ ക്രിക്കറ്റ് പ്രേമികളെ സംബന്ധിച്ച് 2021ലെ ആവേശമെന്നും തുടര്‍ച്ചയായി നാലാം വര്‍ഷവും ബിസിസിഐയ്ക്കൊപ്പമുള്ള പങ്കാളിത്തം പുതുക്കി ഈ ആവേശത്തിന് സംഭാവന നല്‍കാനാകുന്നതില്‍ സന്തുഷ്‍ടരാണെന്നും ടാറ്റാ മോട്ടോഴ്‍സ് പാസഞ്ചര്‍ വെഹിക്കിള്‍ ബിസിനസ് യൂണിറ്റിന്റെ തലവന്‍ വിവേക് ശ്രീവത്സ പറഞ്ഞു. പ്രീമിയം ഡിസൈനെക്കുറിച്ചും സവിശേഷതകളെക്കുറിച്ചും സുരക്ഷിതത്വത്തെക്കുറിച്ചും ഉപഭോക്താളില്‍ നിന്നും നല്ല പ്രതികരണം ലഭിക്കുന്ന പുതിയ ടാറ്റ സഫാരി ഐപിഎല്ലിലും അരങ്ങേറ്റം കുറിക്കുകയാണ്. രാജ്യമെമ്പാടും തങ്ങളുടെ ടീമുകള്‍ക്ക് പിന്തുണ നല്‍കുന്ന പ്രേക്ഷകരുടെ ശ്രദ്ധ ആകര്‍ശിക്കാനുള്ള നൂതനമായ പദ്ധതികളാണ് തങ്ങള്‍ ആവിഷ്‌കരിക്കുന്നത്. ഈ കൂട്ടുകെട്ടിന്റെ മൂല്യത്തിലും ഒരിക്കല്‍ക്കൂടി  ക്രിക്കറ്റ് ആരാധകര്‍ക്കൊപ്പം ലീഗ് ആസ്വദിക്കാനാകുന്നതിലും വിലകല്‍പ്പിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. 

വിവോ ഐപിഎല്ലിന്റെ പുതിയ സീസണില്‍ ന്യൂ ടാറ്റാ സഫാരിയുമായുള്ള പങ്കാളിത്വത്തെ പ്രതീക്ഷയോടെയാണ് കാണുന്നതെന്നും 2018 മുതല്‍ ടൂര്‍ണ്ണമെന്റിന്റെ ഔദ്യോഗിക പങ്കാളികളായ ടാറ്റാ മോട്ടോഴ്സുമായുള്ള ബന്ധം പിന്നീടുള്ള വര്‍ഷങ്ങളിലും ശക്തമായിയതായും ഐ പി എല്‍ ചെയര്‍മാന്‍ ബ്രിജേഷ് പട്ടേല്‍ പറഞ്ഞു. ഉപഭോക്താക്കളെയും ക്രിക്കറ്റ് ആരാധകരെയും ഓരോ വേദികളിലും ആവേശഭരിതരാക്കാനുള്ള അവരുടെ ശ്രമങ്ങള്‍ക്ക് കഴിഞ്ഞ മൂന്ന് സീസണുകളിലും സാക്ഷിയായതാണെന്നും കഴിഞ്ഞുപോയ ദുരിത കാലഘട്ടത്തിന് ശേഷം ഈ കൂട്ടുകെട്ടിന്റെ മറ്റൊരു ഫലവത്തായ സീസണ്‍ ആണ് കാത്തിരിക്കുന്നതെന്നും ടാറ്റാ മോട്ടോഴ്സിന്റെ മഹത്തായ മൂല്യവും ക്രിക്കറ്റിന്റെ ആരാധകരെയും കണക്കിലെടുത്താണ് ഈ ബന്ധം ശക്തമാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി

ഔദ്യോഗിക പങ്കാളികള്‍ എന്ന നിലയില്‍ ഐപിഎല്ലിന്റെ ആറ് വേദികളിലും ടാറ്റാ മോട്ടോഴ്സ് ന്യൂ സഫാരിയുടെ പ്രദര്‍ശനം സംഘടിപ്പിക്കും. ഓരോ മത്സരത്തിലും ഏറ്റവുമധികം സ്ട്രൈക്ക് റേറ്റ് നേടുന്ന കളിക്കാരന് നല്‍കുന്ന സൂപ്പര്‍ സ്ട്രൈക്കര്‍ ട്രോഫിയും ഒരു ലക്ഷം രൂപ സമ്മാനത്തുകയും ഈ വര്‍ഷവും നല്‍കും. 

ലാന്‍ഡ് റോവറിന്റെ ഡി8 പ്ലാറ്റ്‌ഫോമില്‍ നിന്ന് വികസിപ്പിച്ചെടുത്ത വാസ്തുവിദ്യയായ ഒമേഗാര്‍ക്കിന്റെ ശേഷിയുമായി ഇംപാക്റ്റ് 2.0 ഡിസൈന്‍ ഭാഷ സംയോജിപ്പിച്ചാണ് സഫാരി തങ്ങളുടെ പുതിയ ബ്രാന്‍ഡ് വിപണിയിലെത്തിക്കുന്നത്. ആകര്‍ഷകമായ രൂപകല്‍പ്പന, സമാനതകളില്ലാത്ത വൈദഗ്ധ്യം, പ്ലഷ്, സുഖപ്രദമായ ഇന്റീരിയറുകള്‍, ആധുനികവും ബഹുമുഖവുമായ ജീവിതശൈലിയിലെ മികച്ച പ്രകടനം എന്നിവ ആവശ്യപ്പെടുന്ന പുതിയ യുഗത്തിലെ എസ്യുവി ഉപഭോക്താക്കളെ പുതിയ ടാറ്റാ സഫാരി സംതൃപ്‍തരാക്കുമെന്നും കമ്പനി പറയുന്നു.

click me!