കഴിഞ്ഞ വര്‍ഷം ലംബോര്‍ഗിനി വിറ്റത് 7430 കാറുകള്‍

Web Desk   | Asianet News
Published : Jan 27, 2021, 11:23 AM IST
കഴിഞ്ഞ വര്‍ഷം ലംബോര്‍ഗിനി വിറ്റത് 7430 കാറുകള്‍

Synopsis

2020ല്‍ ഇറ്റാലിയന്‍ ആഡംബര സ്‌പോര്‍ട്‌സ് കാര്‍ നിര്‍മാതാക്കളായ ലംബോര്‍ഗിനി ആകെ വിറ്റഴിച്ചത് 7430 വാഹനങ്ങളെന്ന് റിപ്പോര്‍ട്ട്

2020ല്‍ ഇറ്റാലിയന്‍ ആഡംബര സ്‌പോര്‍ട്‌സ് കാര്‍ നിര്‍മാതാക്കളായ ലംബോര്‍ഗിനി ആകെ വിറ്റഴിച്ചത് 7430 വാഹനങ്ങളെന്ന് റിപ്പോര്‍ട്ട്. ലോകത്താകെയുള്ള കണക്കാണിത്.  ഇത് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഒമ്പത് ശതമാനത്തിന്റെ കുറവ് ഉണ്ടെന്ന് ഇ ഓട്ടോ ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു. 

എന്നാൽ, കോവിഡ് 19 സാഹചര്യത്തിൽ ഇത് മികച്ച വില്‍പ്പനയാണെന്നാണ് വിലയിരുത്തല്‍. ലോക്ഡൗണിനെ തുടര്‍ന്ന് 70 ദിവസത്തോളം പ്ലാന്റ് അടച്ചിട്ടതാണ് വിൽപ്പന ഇടിയാൻ കാരണമെന്ന് കമ്പനി പറയുന്നു.

കൊറോണ വൈറസ് വ്യാപനവും ലോക്ഡൗണിനെയും തുടര്‍ന്ന് ജീവനക്കാരുടെ സുരക്ഷ കണക്കിലെടുത്ത് ലംബോര്‍ഗിനിയുടെ പ്ലാന്റ് അടച്ചത് ഉത്പാദനത്തെ ബാധിച്ചിരുന്നു. 2020-ന്റെ ആദ്യ ആറ് മാസം വിൽപ്പന മന്ദഗതിയില്‍ ആയിരുന്നു. അതേസമയം, രണ്ടാമത്തെ ആറ് മാസം കമ്പനിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന റെക്കോഡ് വില്‍പ്പനയാണ് ലഭിച്ചതെന്ന് ലംബോര്‍ഗിനി അറിയിച്ചിരിക്കുന്നത്.

2020-ല്‍ 2224 യൂണിറ്റാണ് അമേരിക്കയിൽ വിറ്റഴിച്ചത്. ജര്‍മനി 607, ചൈന 604, ജപ്പാന്‍ 600, ബ്രിട്ടണ്‍ 517, ഇറ്റലി 347 എന്നിങ്ങനെയാണ് പ്രധാന വില്‍പ്പന. ജര്‍മനിയില്‍ എട്ട് ശതമാനത്തിന്റെയും വില്‍പ്പന വളര്‍ച്ച റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നാണ് വിവരം. സൗത്ത് കൊറിയയില്‍ 3030 യൂണിറ്റാണ് വിറ്റഴിച്ചത്. ഇവിടെ ലംബോര്‍ഗിനിയുടെ വില്‍പ്പനയില്‍ 75 ശതമാനം കുതിപ്പാണ് ഉണ്ടായിരിക്കുന്നത്. 

ലംബോര്‍ഗിനിയുടെ എസ്.യു.വി. മോഡലായ ഉറുസാണ് ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട മോഡല്‍. കാല്‍ നൂറ്റാണ്ടിന് ശേഷം ലംബോര്‍ഗിനി നിരയില്‍ പിറവിയെടുത്തിരിക്കുന്ന രണ്ടാം എസ്‌യുവിയാണ് ഉറൂസ്.  2018 ജനുവരിയിലാണ് ഉറുസ് അവതരിപ്പിച്ചത്.  അടുത്തിടെ ഈ വാഹനം 10,000 യൂണിറ്റ് എന്ന നാഴികകല്ല് പിന്നിട്ടിരുന്നു. 10,000 എന്ന ചേസിസ് നമ്പര്‍ നല്‍കി മാറ്റ് ബ്ലാക്ക് നിറത്തിലാണ് 10,000 തികച്ച വാഹനം പുറത്തിറക്കിയത്. 

4.0 ലിറ്റര്‍ ട്വിന്‍ടര്‍ബ്ബോ V8 എഞ്ചിനാണ് ലംബോര്‍ഗിനി ഉറൂസിന്റെ ഹൃദയം. 6,000 ആര്‍പിഎമ്മില്‍ 641 ബിഎച്ച്പി കരുത്തും 2,2504,500 ആര്‍പിഎമ്മില്‍ 850 Nm ടോര്‍ഖും ഈ എഞ്ചിന്‍ ഉത്പാദിപ്പിക്കും.

PREV
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ