കൊവിഡിനോട് പോരാടാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് എസ്‍യുവികള്‍ നല്‍കി ലാന്‍ഡ് റോവര്‍

By Web TeamFirst Published Apr 2, 2020, 2:57 PM IST
Highlights

കൊവിഡ് ബാധിതരുടെ ചികിത്സാ ആവശ്യങ്ങള്‍ക്കായി ഡിഫെന്‍ഡര്‍ ഉള്‍പ്പെടെയുള്ള എസ് യുവികള്‍ വിട്ടുനല്‍കി ഐക്കണിക്ക് ബ്രിട്ടീഷ് വാഹന ബ്രാന്‍ഡായ ലാന്‍ഡ് റോവര്‍.

കൊവിഡ് 19നെതിരെ ഒറ്റക്കെട്ടായുള്ള പോരാട്ടത്തിലാണ് ലോകം. വാഹന ലോകത്തു നിന്നും ഇതിന് മികച്ച പിന്തുണയാണ് കിട്ടുന്നത്. ഇപ്പോഴിതാ കൊവിഡ് ബാധിതരുടെ ചികിത്സാ ആവശ്യങ്ങള്‍ക്കായി ഡിഫെന്‍ഡര്‍ ഉള്‍പ്പെടെയുള്ള എസ് യുവികള്‍ വിട്ടുനല്‍കി ഐക്കണിക്ക് ബ്രിട്ടീഷ് വാഹന ബ്രാന്‍ഡായ ലാന്‍ഡ് റോവര്‍.

റെഡ് ക്രോസ് ഉള്‍പ്പെടയുള്ള സംഘടനകള്‍ക്കുവേണ്ടിയാണ് കമ്പനി വാഹനങ്ങള്‍ കൈമാറിയിരിക്കുന്നത്.  കൊവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കായി ലോകമാകെ 143 വാഹനങ്ങളാണ് വിട്ടുനല്‍കുന്നതെന്ന് കമ്പനി ട്വീറ്റ് ചെയ്തു. ഇതില്‍ 105 വാഹനങ്ങള്‍ റെഡ് ക്രോസ്, റെഡ് ക്രെസന്റ് സൊസൈറ്റികളുടെ അന്താരാഷ്ട്ര ഫെഡറേഷനാണ് കൈമാറിയത്.

ബ്രിട്ടീഷ് റെഡ് ക്രോസിന് 57 ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡറുകളാണ് ബ്രിട്ടീഷ് എസ് യുവി നിര്‍മാതാക്കള്‍ കൈമാറിയത്. വീടുകളില്‍ പരിശോധന നടത്തുന്നതിനായി യുകെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നിരവധി ഡിസ്‌കവറികളും വിതരണം ചെയ്തു.

റേഞ്ച് റോവര്‍ വെലാര്‍, സഹോദര ബ്രാന്‍ഡായ ജാഗ്വാറിന്റെ എഫ് പേസ് എന്നീ മോഡലുകള്‍ ഉള്‍പ്പെടുന്ന പതിനെട്ട് വാഹനങ്ങള്‍ സ്പാനിഷ് റെഡ് ക്രോസിന് ലാന്‍ഡ് റോവര്‍ കൊടുത്തയച്ചു. സ്‌പെയിനിന്റെ വിവിധ പ്രദേശങ്ങളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് എത്തിച്ചേരുന്നതിന് ഈ വാഹനങ്ങള്‍ സഹായിക്കും. ആഗോള പ്രതിസന്ധിയുടെ കാലത്ത് തങ്ങളാലാവും വിധം പ്രവര്‍ത്തിക്കുകയാണെന്ന് കമ്പനി വ്യക്തമാക്കി.

click me!