
ഇന്ത്യയിലെ മൂന്ന് നിര എസ്‌യുവി വിഭാഗം അതിവേഗ വളർച്ച കൈവരിക്കുകയാണ്. അതുകൊണ്ടുതന്നെ വിവിധ കമ്പനികൾ നിരന്തരം പുതിയ ഓഫറുകൾ അവതരിപ്പിക്കുന്നു. മാരുതി സുസുക്കി, ടൊയോട്ട, എംജി, മഹീന്ദ്ര എന്നിവയിൽ നിന്ന് വരുന്ന കൂടുതൽ പുതിയ മോഡലുകൾ ഈ വർഷം വിപണിയിലേക്ക് എത്തുകയാണ്. നിങ്ങൾ ഒരു 7 സീറ്റർ ഫാമിലി എസ്‌യുവി വാങ്ങാൻ പദ്ധതിയിടുകയാണെങ്കിൽ, ഇതാ വരാനിരിക്കുന്ന ഈ മോഡലുകളുടെ വിശദാംശങ്ങൾ അറിയാം.
മാരുതി ഗ്രാൻഡ് വിറ്റാര 7-സീറ്റർ
7 സീറ്റർ മാരുതി ഗ്രാൻഡ് വിറ്റാര എസ്‌യുവി പരീക്ഷിക്കുകയാണെന്ന് മാരുതി സുസുക്കി പ്രഖ്യാപിച്ചിട്ടുണ്ട്. പുതുതായി രൂപകൽപ്പന ചെയ്ത ഫ്രണ്ട് ഗ്രിൽ, പുതിയ ഹെഡ്‌ലാമ്പ് ക്ലസ്റ്ററുകൾ, പുതുക്കിയ ഫ്രണ്ട്, റിയർ ബമ്പറുകൾ, റൂഫ് റെയിലുകൾ, ഷാർക്ക് ഫിൻ ആന്‍റിന എന്നിവ ഇതിൽ ഉൾപ്പെടുമെന്ന് സ്പൈ ചിത്രങ്ങൾ വ്യക്തമാക്കുന്നു. 7 സീറ്റർ ഗ്രാൻഡ് വിറ്റാര തീർച്ചയായും അതിന്റെ ചെറിയ പതിപ്പിനെക്കാൾ നീളമുള്ളതായിരിക്കും. പക്ഷേ ഒരേ വീൽബേസ് ലഭിക്കും. മിക്ക സവിശേഷതകളും അതിന്റെ 5 സീറ്റർ പതിപ്പിന് സമാനമായിരിക്കും. എങ്കിലും, അതിന്റെ പ്രീമിയം മൂല്യം വർദ്ധിപ്പിക്കുന്നതിന് കമ്പനി ചില അധിക ഫീച്ചറുകൾ വാഗ്ദാനം ചെയ്തേക്കാം. മാരുതി ഗ്രാൻഡ് വിറ്റാര 7-സീറ്ററിന്റെ പവർട്രെയിൻ സജ്ജീകരണത്തിൽ നിലവിലെ ചെറിയ പതിപ്പിലെ അതേ 1.5L K15C പെട്രോൾ മൈൽഡ് ഹൈബ്രിഡും 1.5L ആറ്റ്കിൻസൺ സ്ട്രോങ് ഹൈബ്രിഡ് സജ്ജീകരണവും ഉൾപ്പെടും. 5-സ്പീഡ് മാനുവൽ, 6-സ്പീഡ് ടോർക്ക് കൺവെർട്ടർ, ഒരു ഇ-സിവിടി എന്നിങ്ങനെ മൂന്ന് ഗിയർബോക്സുകൾ ഓഫർ ചെയ്യും.
എംജി മജസ്റ്റർ
അപ്ഡേറ്റ് ചെയ്ത എംജി ഗ്ലോസ്റ്ററിനെ അടിസ്ഥാനമാക്കിയുള്ള ഒരു പുതിയ പൂർണ്ണ വലുപ്പത്തിലുള്ള എസ്‌യുവിയാണ് എംജി മജസ്റ്റർ. 2025 ജനുവരിയിൽ നടന്ന 2025 ഭാരത് മൊബിലിറ്റി ഷോയിൽ എംജി മജസ്റ്റർ പ്രദർശിപ്പിച്ചിരുന്നു. എങ്കിലും, ഇത് ഗ്ലോസ്റ്ററിനേക്കാൾ സ്‌പോർട്ടിയും പ്രീമിയവും ആയിരിക്കും. മജസ്റ്ററിന്റെ രൂപകൽപ്പനയും സ്റ്റൈലിംഗും തിരഞ്ഞെടുത്ത ആഗോള വിപണികളിൽ വിൽപ്പനയ്‌ക്കെത്തുന്ന മാക്‌സസ് ഡി90 എസ്‌യുവിയുമായി സാമ്യം പങ്കിടുന്നു. തിരശ്ചീന സ്ലാറ്റുകളുള്ള വലിയ, കറുത്ത ഗ്രിൽ, സ്ലിം എൽഇഡി ഡിആർഎല്ലുകളുള്ള സ്പ്ലിറ്റ് ഹെഡ്‌ലാമ്പ് സജ്ജീകരണം, സ്‌പോർട്ടി സിൽവർ ബാഷ് പ്ലേറ്റ്, കുറുകെയുള്ള കറുത്ത ക്ലാഡിംഗ് തുടങ്ങിയ ഡിസൈൻ സവിശേഷതകൾ ലഭിക്കും. കറുത്ത നിറത്തിലുള്ള ഡോർ ഹാൻഡിലുകൾ, വിംഗ് മിററുകൾ, ഡയമണ്ട്-കട്ട് 19 ഇഞ്ച് അലോയ് വീലുകൾ, ഡ്യുവൽ എക്‌സ്‌ഹോസ്റ്റ് പൈപ്പുകൾ, റാപ്പ്-എറൗണ്ട് കണക്റ്റഡ് ടെയിൽലാമ്പുകൾ എന്നിവയാണ് മറ്റ് ഡിസൈൻ ഹൈലൈറ്റുകൾ. എംജി മജസ്റ്ററിന്റെ ഇന്റീരിയർ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും, ഈ ഫാമിലി എസ്‌യുവി ഗ്ലോസ്റ്ററിൽ ലഭ്യമായ എല്ലാ ഗുണങ്ങളും വാഗ്ദാനം ചെയ്യാൻ സാധ്യതയുണ്ട്. ഗ്ലോസ്റ്ററിലെ അതേ 216 ബിഎച്ച്പി, 2.0 ലിറ്റർ ട്വിൻ-ടർബോ ഡീസൽ എഞ്ചിൻ തന്നെ ആയിരിക്കും ഇതിലും നൽകുക.
മഹീന്ദ്ര XEV 7e
ഈ വർഷം അവസാനത്തോടെ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്ന XUV700 ന്റെ ഇലക്ട്രിക് പതിപ്പായിരിക്കും വരാനിരിക്കുന്ന മഹീന്ദ്ര XEV 7e. ഡിസൈൻ വിശദാംശങ്ങൾ വെളിപ്പെടുത്തുന്ന അതിന്റെ ചോർന്ന ചിത്രങ്ങൾ അടുത്തിടെ പുറത്തുവന്നിരുന്നു. L-ആകൃതിയിലുള്ള കണക്റ്റഡ് LED DRL-കൾ, സ്പ്ലിറ്റ് ഹെഡ്‌ലാമ്പ് സജ്ജീകരണം, ബ്ലാക്ക്ഡ്-ഔട്ട് ഗ്രിൽ എന്നിവയുൾപ്പെടെ മഹീന്ദ്ര XEV 9e യിൽ നിന്ന് ചില സ്റ്റൈലിംഗ് ബിറ്റുകൾ ഈ ഇലക്ട്രിക് എസ്‌യുവി കടമെടുക്കും. എയറോ-ഒപ്റ്റിമൈസ് ചെയ്ത അലോയ് വീലുകൾ ഇതിൽ സജ്ജീകരിച്ചിരിക്കും. മഹീന്ദ്ര XEV 7e കറുപ്പും വെളുപ്പും നിറങ്ങളിലുള്ള ക്യാബിൻ തീമിൽ വരും, കൂടാതെ ട്രിപ്പിൾ സ്‌ക്രീൻ സജ്ജീകരണവും ഇതിൽ ഉണ്ടാകും. മറ്റ് ബോൺ ഇലക്ട്രിക് മഹീന്ദ്ര എസ്‌യുവികളെപ്പോലെ, ലെവൽ 2 എഡിഎഎസ്, വിഷൻഎക്സ് HUD, 16-സ്പീക്കർ ഹർമൻ കാർഡൺ ഓഡിയോ സിസ്റ്റം തുടങ്ങിയ പുതിയ കാലത്തെ സവിശേഷതകൾ ഇതിൽ ഉണ്ടായിരിക്കും. ഈ പുതിയ മഹീന്ദ്ര ഇലക്ട്രിക് എസ്‌യുവി XEV 9e-യുമായി അതിന്റെ പവർട്രെയിനുകൾ പങ്കിടാൻ സാധ്യതയുണ്ട്.
ടൊയോട്ട ഹൈബ്രിഡ് 7-സീറ്റർ
മാരുതി സുസുക്കിക്ക് സമാനമായി, ടൊയോട്ട കിർലോസ്‌കർ മോട്ടോർ ഹൈറൈഡറിന്റെ മൂന്ന് നിര പതിപ്പ് അവതരിപ്പിക്കും. ഇത് അടിസ്ഥാനപരമായി റീ-ബാഡ്‍ജ് ചെയ്ത 7 സീറ്റർ മാരുതി ഗ്രാൻഡ് വിറ്റാര ആയിരിക്കും. എങ്കിലും, ടൊയോട്ടയിൽ നിന്നുള്ള ഈ എസ്‌യുവിക്ക് ടൊയോട്ടയുടെ ഡിസൈൻ ഭാഷയുമായി യോജിച്ച് അല്പം വ്യത്യസ്തമായ സ്റ്റൈലിംഗ് ഉണ്ടായിരിക്കും. പുതിയ ടൊയോട്ട ഹൈറൈഡർ 7 സീറ്റർ എസ്‌യുവിയുടെ ക്യാബിൻ സവിശേഷതകൾ അതിന്റെ 5 സീറ്റർ പതിപ്പിന് സമാനമായിരിക്കും. അതേസമയം ലേഔട്ട് വ്യത്യസ്‍തമായിരിക്കും, അധിക സീറ്റ് നിരയും ഉണ്ടാകും. ടൊയോട്ടയിൽ നിന്നുള്ള ഈ ഫാമിലി എസ്‌യുവി 1.5 ലിറ്റർ K15C പെട്രോൾ മൈൽഡ് ഹൈബ്രിഡ്, 1.5 ലിറ്റർ, 3-സിലിണ്ടർ അറ്റ്കിൻസൺ സൈക്കിൾ പവർട്രെയിൻ ഓപ്ഷനുകൾക്കൊപ്പം വാഗ്ദാനം ചെയ്യാൻ സാധ്യതയുണ്ട്. ആദ്യത്തേതിൽ 5-സ്പീഡ് മാനുവലും 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സും ഉണ്ടായിരിക്കും. രണ്ടാമത്തേതിൽ ഇ-സിവിടി ട്രാൻസ്‍മിഷൻ ലഭിക്കും.